സ്ഥലപരിമിതികൾ സ്വപ്നത്തെ പരിമിതിപ്പെടുത്തില്ല എന്നതിന് ഉദാഹരമാണ് ഈ വീട്. മലപ്പുറം കുട്ടിപ്പാറയിലാണ് സുനീറിന്‍റെയും കുടുംബത്തിന്‍റെയും പുതിയ വീട്. 1182 സ്ക്വയർഫീറ്റിൽ നിർമിച്ചിരിക്കുന്ന വീട്ടിൽ രണ്ട് ബെഡ്റൂമുകളാണുള്ളത്.
കുറഞ്ഞ സ്ക്വയർഫീറ്റിൽ നിർമിച്ച വീട്ടിലെ മുറികളെല്ലാം വിശാലമാണെന്നതാണ് കോബ് ആർച്ച് സ്റ്റുഡിയോസ് നിർമിച്ച ഈ കൊച്ചു വീടിനെ ആകർഷകമാക്കുന്നത്. വീട് നിർമാണത്തെക്കുറിച്ചുള്ള പ്ലാനിങ്ങിൽ ആർക്കിടെക്ടിന്‍റെ മേൽനോട്ടമുണ്ടായതിനാൽ കാറ്റും വെളിച്ചവും കടക്കുന്ന വിധത്തിൽ വിശാലമായാണ് ഓരോ മുറികളും ഒരുക്കിയിരിക്കുന്നത്. കോഴിക്കോട് ആസ്ഥാനമായി പ്രവർത്തിക്കുന്ന കോബ് ആർച്ച് സ്റ്റുഡിയോസ് (COB Archstudios) ആണ് വീടിന്‍റെ ഡിസൈനും വർക്കും ചെയ്തിരിക്കുന്നത്.
ഇന്‍റീരിയറും വിശാലമായ മുറികളും പാറ്റേണും തന്നെയാണ് വീടിന്‍റെ മുഖ്യആകർഷണം. ലൈൻ പാറ്റേണാണ് കൂടുതലായും ഉപയോഗിച്ചിരിക്കുന്നത്. വീട്ടിലേക്ക് പ്രവേശിക്കുന്ന ഡോർ മുതൽ വീടിന്‍റെ പലഭാഗത്തുമുള്ള ലൈൻ പാറ്റേണിങ് വീടിന്‍റെ മാറ്റ് പത്തിരട്ടിയായി വർധിപ്പിക്കുന്നുണ്ട്. കടുംനിറങ്ങളില്ലാതെയാണ് വീടിന്‍റെ ഇന്‍റീരിയർ ചെയ്തിരിക്കുന്നത്.
വീട്ടിലേക്ക് കയറുമ്പോൾ തന്നെ മനോഹരമായ കാഴ്ചകളാണ് അതിഥികളെ കാത്തിരിക്കുന്നത്. ലളിതമായി ഒരുക്കിയ സ്വീകരണമുറിയെ ആകർഷകമാക്കാൻ ടീൽ നിറത്തിലുള്ള സോഫ സെറ്റുകളാണ് ഒരുക്കിയിരിക്കുന്നത്. കസ്റ്റമൈസ് ചെയ്ത മാസ്റ്റർ ചെയറുകൾ മുറിക്ക് കൂടുതൽ ഭംഗി നൽകുന്നു. യു.പി.വി.സി വിൻഡോസ് ആണ് സ്വീകരണമുറിക്ക് ഉപയോഗിച്ചിരിക്കുന്നത്.
സ്വീകരണമുറിയിൽ നിന്നും നേരെ പോകുന്നത് ഡൈനിങ് ഏരിയയിലേക്കാണ്. ആറ് പേർക്ക് ഇരിക്കാൻ പറ്റുന്ന വിധത്തിലുള്ള ഫർണീച്ചറാണ് മുറിയിൽ സെറ്റ് ചെയ്തിരിക്കുന്നത്. ഡെനിങ് ടേബിളിലും ലൈൻ പാറ്റേൺ ഉപയോഗിച്ചിട്ടുണ്ട്. ഇന്‍റീരിയർ തീമിനോട് ഇഴകി ചേരും വിധമാണ് ഡൈനിങ് റൂമിലെ ഫർണീച്ചറും സജ്ജീകരിച്ചിരിക്കുന്നത്. ഡൈനിങ് റുമിനെയും ലിവിങ് റൂമിനെയും വേർതിരിക്കാൻ മരത്തിന്‍റെ പാർടീഷനും ഇവിടെയുണ്ട്. പഴയ വീട്ടിലുണ്ടായിരുന്ന മരം ഉപയോഗിച്ചാണ് ഇത് നിർമിച്ചിരിക്കുന്നത്. ഡൈനിങ് ടേബിളിൽ സ്റ്റോറേജിനുള്ള സ്പേസ് കൂടി ഉൾപ്പെടുത്തിയിട്ടുണ്ട്. സ്റ്റെയർകേസിന് താഴെയുള്ള സ്പേസിലാണ് വാഷ് ഏരിയ ക്രമീകരിച്ചിരിക്കുന്നത്. ഡൈനിങ് റൂമിനോട് ചേർന്ന് കുട്ടികൾക്ക് പഠിക്കാനായുള്ള സ്റ്റഡി ഏരിയയും ഒരുക്കിയിട്ടുണ്ട്. വീടിന്‍റെ കളർ പാറ്റേണിനോട് ചേരുന്ന ഫർണീച്ചറുകൾ തന്നെയാണ് സ്റ്റഡി ഏരിയയിലുമുള്ളത്. മുകൾഭാഗം തുറക്കാൻ പറ്റുന്ന വിധത്തിലാണ് ടേബിൾ നിർമിച്ചിരിക്കുന്നത്. പാറ്റേൺ വരുന്ന ടീൽ നിറത്തിലുള്ള പൈപ്പ് ഉപയോഗിച്ചാണ് സ്റ്റഡി ടേബിളിന്‍റെ ഫ്രെയിം നിർമിച്ചിരിക്കുന്നത്. ഇതിന് മുകളിലായി പൈപ്പ് ഉപയോഗിച്ച് നിർമിച്ച ഓപ്പൺ ഷെൽഫും കാണാം.
രണ്ട് കിടപ്പുമുറികളാണ് വീട്ടിലുള്ളത്. പരിമിതമായ നിരക്കിൽ നിന്നുകൊണ്ട് കിടപ്പുമുറിയെ സുന്ദരമാക്കാൻ ഇന്‍റീരിയർ സഹായിച്ചിട്ടുണ്ട്. ബഡ്ജറ്റ് ഫ്രണ്ട്ലിയായ സിമ്പിൾ ഹാങിങ് ലൈറ്റുകളാണ് കിടപ്പുമുറിക്ക് നൽകിയിരിക്കുന്നത്. ഫെറോസ് സിമന്‍റ് ഉപയോഗിച്ചാണ് കിടപ്പുമുറിയിലേക്കുള്ള അലമാര നിർമിച്ചിരിക്കുന്നത്. പ്ലൈവുഡ് വെച്ച് മൈക്കാ ഫിനിഷിലാണ് ഇത് തീർത്തിരിക്കുന്നത്. അലമാരയോടൊപ്പം വർക്കിങ് ടേബിളും സജ്ജീകരിച്ചിട്ടുണ്ട്.
ബെഡിനോട് ചേർന്ന് മുറിയുടെ രണ്ട് മൂലകളിലായി നിർമിച്ചിരിക്കുന്ന സിംഗിൾ വിൻഡോകളും കിടപ്പുമുറികളെ കൂടുതൽ ആകർഷകമാക്കി മാറ്റുന്നുണ്ട്. കിടക്കയോട് ചേർന്ന് ഇരു വശങ്ങളിലും ചെറിയ ടേബിളും ഒരുക്കിയിട്ടുണ്ട്. സിംഗിൾ വിൻഡോകൾക്ക് പുറമെ മറ്റൊരു ജനലും കൂടി ചേരുന്നതോടെ മുറി കൂടുതൽ വെളിച്ചമുള്ളതായി മാറും. വെള്ള നിറത്തിൽ ചായം പൂശിയ കിടപ്പുമുറിയുടെ ചുമരുകളിൽ കട്ടിലിനോട് ചേർന്നുള്ള ചുമരിനെ ഹൈലൈറ്റ് ചെയ്തിട്ടുണ്ട്. പഴയ വീട്ടിലുണ്ടായിരുന്ന രണ്ട് കട്ടിലുകൾ ചേർത്താണ് കുട്ടികൾക്കായുള്ള കിടപ്പുമുറിയിലെ കട്ടിൽ ഒരുക്കിയിരിക്കുന്നത്. ഫ്രെയിം മാത്രമെടുത്ത് അവശേഷിക്കുന്ന ഭാഗത്തെ പ്ലൈവുഡ് ഉപയോഗിച്ച കവർ ചെയ്താണ് ഈ കട്ടിൽ നിർമിച്ചിരിക്കുന്നത്. സിംഗിൾ വിൻഡോക്ക് പുറമെ ഒരു ഭാഗം പൂർണമായും ജനൽ ആയാണ് ക്രമീകരിച്ചിരിക്കുന്നതെന്നതാണ് മാസ്റ്റർ ബെഡ്റൂമിനെ സുന്ദരമാക്കുന്നത്.
ഡൈനിങ് റൂമിന്‍റെ വലതുവശത്തായാണ് അടുക്കള ഒരുക്കിയിരിക്കുന്നത്. ഫ്രഞ്ച് മാതൃകയിലാണ് അടുക്കളയുടെ വാതിൽ നിർമിച്ചിരിക്കുന്നത്. ചെക്ക് വിൻഡോകളുള്ള വാതിൽ പെയിന്‍റ് ഫിനിഷിലാണ് ഒരുക്കിയിരിക്കുന്നത്. ഫെറോ സിമന്‍റ് ഉപയോഗിച്ചാണ് കിച്ചണും രൂപകൽപന ചെയ്തിട്ടുള്ളത്. കിച്ചൺ സ്ലാബിന് മുകളിൽ 15mm കനത്തിലുള്ള റെഡിമെയ്ഡ് ടൈലുകളാണ് അടുക്കളയുടെ സ്ലാബിനായി ഉപയോഗിച്ചിരിക്കുന്നത്.
മൊറോക്കൻ ടൈലുകളും, വെള്ള നിറത്തിലുള്ള വാതിലും കളർ തീമും അടുക്കളക്ക് പ്രത്യേക പ്രൗഡി നൽകുന്നുണ്ട്. അടുക്കളയോട് ചേർന്ന് വർക്ക് ഏരിയയും ഒരുക്കിയിട്ടുണ്ട്. ഓപ്പൺ കിച്ചൺ മാതൃകയിൽ നിർമിച്ച കിച്ചണിനെ ഹാങിങ് ലൈറ്റുകൾ ഉപയോഗിച്ചാണ് വർക്ക് ഏരിയയിൽ നിന്നും വേർതിരിച്ചിരിക്കുന്നത്.
ലിവിങ് റൂമിൽ ഇറ്റാലിയൻ പ്രിന്‍റുള്ള വലിയ ടൈലുകളാണ് ഉപയോഗിച്ചിരിക്കുന്നത്. ഡൈനിങ് ഏരിയയിൽ നിന്നും കിച്ചണിലേക്കുള്ള ഏരിയയെ കളർ തീമിനോട് ചേരുന്ന വിധത്തിലുള്ള വുഡൺ സ്ട്രിപ് ടൈലാണ് ഉപയോഗിച്ചിരിക്കുന്നത്.
For Details; Contact: Shafique M.K, COB Archstudio, Calicut, Ph:9745220422
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.