വീടെന്ന സങ്കല്‍പം മാറിമറിയുകയാണ്. ഒരേക്കറിന് നടുവിലും 20 സെന്‍റിലുമെല്ലാം വീട് പണിതീര്‍ക്കുന്ന കാലം കടന്നുപോയിരിക്കുന്നു. പകരം അഞ്ച് സെന്‍റിലും മൂന്ന് സെന്‍റിലുമായി വീടുകള്‍. എന്നാല്‍ ഒന്നര സെന്‍റില്‍ ഒരു വീടെന്ന സ്വപ്നം സാക്ഷാത്കരിക്കാനാവുമോ? അസാധ്യമെന്ന് പലര്‍ക്കും തോന്നാം. ചിരിച്ചു തള്ളുകയുമാകാം. എന്നാല്‍ ഒരു നിമിഷം. തിരുവനന്തപുരം നഗരത്തിലെ മണക്കാട് കമലേശ്വരം നീലാറ്റിന്‍കരയില്‍ എന്‍ജിനീയറും ആര്‍ക്കിടെക്ടുമായ ആസിഫ് ഇഖ്ബാലിന്‍െറ വീട്ടിലേക്കൊന്നു പോകാം. ഒന്നര സെന്‍റിലെ ആ വിസ്മയത്തിലേക്ക്.........
1.62 സെന്‍റ് സ്ഥലമാണ് ആസിഫ് ഇഖ്ബാലിന്‍െറ സ്വപ്നഗൃഹത്തിന് വേണ്ടി വന്നത്. മൂന്ന്നിലകളില്‍ മൂന്ന് ബെഡ്റൂം അടക്കം എല്ലാവിധ സൗകരങ്ങളുമുള്ള വീട്. ഒരു സാധാരണ വീട്ടിലെ സൗകര്യങ്ങളെക്കാള്‍ ചിലപ്പോള്‍ അധികമാണ് ഇവിടുത്തേതെന്നും ചിലപ്പോള്‍ തോന്നാം.
ഓരോ നിലയിലും ഓരോ ബെഡ്റൂമാണ് ഉള്ളത്. ഇവയില്‍ തന്നെ ആദ്യനിലയിലുള്ള മുറി രണ്ട് ബെഡ്റൂമായി ഉപയോഗിക്കാനുള്ള സൗകര്യവുമുണ്ട്. രണ്ട് ബെഡ്റൂമായി വേര്‍തിരിക്കാന്‍ നടുവിലെ വാതില്‍ അടച്ചാല്‍ മാത്രംമതി. പുറത്തിറങ്ങാന്‍ രണ്ട് മുറികള്‍ക്കും പ്രത്യേകം വാതിലുകളുണ്ട്. അതിനാല്‍ വീട്ടില്‍ അതിഥികള്‍ എത്തുകയോഅംഗസംഖ്യ കൂടുകയോ ചെയ്താലും വിഷമിക്കേണ്ടതില്ല.
ഗ്രൗണ്ട് ഫ്ളോറിലെയും ആദ്യ നിലയിലെയും മുറികള്‍ ബാത്ത് അറ്റാച്ച്ഡ് സൗകര്യമുള്ളവയുമാണ്. പുറമേ ഒരു കോമണ്‍ ബാത്ത്റൂമും വീടിനെ യൂസര്‍ ഫ്രണ്ട്ലിയാക്കുന്നു.
ഇനി ഓരോനിലകളിലേക്കും നമുക്ക് കടന്നു ചെല്ലാം. താഴത്തെനിലയില്‍ (ഗ്രൗണ്ട് ഫ്ളോര്‍) നാം ആദ്യം കടന്നുചെല്ലുക ലിവിങ് റൂമിലേക്കാണ്. അവിടെയുള്ള അതിഥി സല്‍ക്കാരങ്ങള്‍ക്ക് ശേഷം ഡൈനിങ് ഏരിയയിലേക്ക്. നാലുപേര്‍ക്ക് ഇരിക്കാവുന്ന ഡൈനിങ് ടേബിള്‍ ആണ് ഇവിടെയുള്ളത്. ബാത്ത്റൂം അറ്റാച്ച്ഡായ ചെറിയ ബെഡ്റൂമും താഴത്തെ നിലയിലുണ്ട്.
ചുരുങ്ങിയ ഇടത്തെങ്കിലും എല്ലാവിധ സൗകര്യങ്ങളുമുള്ള അടുക്കളയും ഇവിടത്തെന്നെയാണ്. ആകര്‍ഷകമായ രീതിയില്‍ സജ്ജീകരിച്ചിരിക്കുന്ന മോഡുലര്‍ കിച്ചന്‍ സ്ഥലപരിമിതി എന്ന കുറവിനെ മറി കടക്കാന്‍ സഹായിക്കുന്നു.
ആദ്യ നിലയിലാണ് മുമ്പ് സൂചിപ്പിച്ച വലിയ ബെഡ് റൂമുള്ളത്. ഇതാണ് രണ്ട് ബെഡ്റൂമായി ഉപയോഗിക്കാന്‍ കഴിയുന്നത്. മനോഹരമായി ക്രമീകരിച്ച ലിവിങ് ഏരിയയും ഇവിടെയുണ്ട്.
രണ്ടാംനിലയിലേക്ക് ചെല്ലുമ്പോള്‍ വിശാലമായ മറ്റൊരു ബെഡ്റൂമാണ് നമ്മെ ആകര്‍ഷിക്കുന്നത്. മികച്ച നിലവാരം പുലര്‍ത്തുന്ന ബെഡ്റൂമിന് പുറമേ, കോമണ്‍ ബാത്ത്റൂമും ഈ നിലയിലെ പ്രത്യേകതയാണ്. ഈ നിലയിലും ഒരു ലിവിങ് റൂമുണ്ട്.
ഒപ്പം ആദ്യനിലയിലും രണ്ടാംനിലയിലും പുറം കാഴ്ചകള്‍ ആസ്വദിക്കാനും വൈകുന്നേരം വിശ്രമിക്കാനും ബാല്‍ക്കണിയും ഒരുക്കിയിട്ടുണ്ട്.
കണ്ടംപററി ശൈലിയിലുള്ള ഈ വീട് 2012 ലാണ് നിര്‍മിച്ചത്. ആസിഫിന്‍െറ തന്നെ ഭാവനയില്‍ രൂപം കൊണ്ട ഈ ഭവനം, 1300 സ്ക്വയര്‍ ഫീറ്റ് വിസ്തീര്‍ണത്തിലുള്ളതാണ്. ഒന്നരസെന്‍റിലെ ഈ ചെറിയ (വലിയ) വീട് കണ്ടിറങ്ങുമ്പോള്‍ ഒരു സംശയം ബാക്കിയാകാം. നിര്‍മാണചെലവ്. 1300 സ്ക്വയര്‍ ഫീറ്റ് വലിപ്പത്തില്‍ മൂന്ന്നിലകളിലായി നിര്‍മിച്ച വീടിന് 25 ലക്ഷം രൂപയായിരുന്നു ചിലവ്. കാലഘട്ടത്തെ തിരിച്ചറിഞ്ഞ്, വളരെകുറഞ്ഞ സ്ഥലത്ത് ഒരു വീടെന്ന സ്വപ്നം തന്‍െറ ജീവിതലക്ഷ്യങ്ങളില്‍ ഒന്നായിരുന്നുവെന്നും ആസിഫ് പറയുന്നു.
സ്ഥലദൗര്‍ലഭ്യവും ഭൂമി വില വര്‍ധനവും അലട്ടുന്ന നമുക്കുള്ള മികച്ചൊരു മാതൃകയാണ് ആസിഫിന്‍െറ ഒന്നരസെന്‍റിലെ ഈ വിസ്മയം. ഇനി വിശ്വസിക്കാം ഒന്നര സെന്‍റിലും വീടെന്നസ്വപ്നം യാഥാര്‍ഥ്യമാക്കാമെന്ന്, ഒരു വിസ്മയം തീര്‍ക്കാമെന്ന്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.