നമുക്കും ഇണങ്ങും ഇക്കണോമിക് വീട്

സ്വന്തമായൊരു വീട്  എന്നത് സകലരുടെയും ജീവിതാഭിലാഷം തന്നെയാണ്.  ആയുസ്സിന്‍റെ  വലിയൊരു  ഭാഗം വീടു പണിയാനും പണിത വീടിന്‍റെ ബാധ്യതകള്‍ തീര്‍ക്കാനും വേണ്ടി തന്നെയാണ് ഓരോ ശരാശരി മലയാളിയും  നെട്ടോട്ടമോടുന്നത്. സ്വന്തം സാമ്പത്തികനില  മറന്ന് അയല്‍പക്കത്തെ വീടുകളെയോ ആളുകളെയോ അനുകരിച്ചു  വീട് പണി തുടങ്ങുന്നതോടെ  തീരും ജീവിതത്തിലാകെയുള്ള സ്വസ്ഥതയും സമാധാനവും.  കിട്ടാവുന്ന കടങ്ങളെല്ലാം  വാങ്ങിക്കൂട്ടി വീട് പണി തീര്‍ക്കുന്നു ചിലര്‍. പൂര്‍ത്തിയാവാത്ത  വീടെന്ന കനവിനെ പാതിവഴിയില്‍ ഉപേക്ഷിച്ച് കീഴടങ്ങുന്നു  മറ്റു ചിലര്‍. രണ്ടായാലും  എന്നെന്നേക്കുമായി നഷ്ടപ്പെടുന്നത് ജീവിതത്തിലെ  സമാധാനമാണ്.  സസന്തോഷം ജീവിക്കാനുള്ള അഭയം എന്നതില്‍  കവിഞ്ഞ് വീടൊരു അഭിമാന പ്രശ്നമായി കാണുന്ന ശരാശരി മലയാളിയുടെ  ജീവിത  അവസ്ഥയാണിത്.


സ്വന്തം ആവശ്യങ്ങള്‍ക്കും വരുമാനത്തിനും അനുസരിച്ചാണ് വീടിനെ യാഥാര്‍ത്ഥ്യമാക്കേണ്ടത്. വ്യക്തമായ ഒരു ബജറ്റ് പ്ളാന്‍ ഉണ്ടാക്കി, അതിനുള്ളില്‍  വീടിനെ എങ്ങനെ ഏറ്റവും സുന്ദരമാക്കാം എന്നാണ് ആലോചിക്കേണ്ടത്. ഇങ്ങനെ നമ്മുടെ സ്വപ്ന ഭവനത്തെ പ്ളാന്‍ ചെയ്തു  അവ വിജയകരമായി നമ്മുടെ ചുറ്റിലും പൂര്‍ത്തിയാക്കപ്പെടുന്നുണ്ട് എന്നത് വാസ്തവം തന്നെയാണ്.

മലപ്പുറം ജില്ലയില്‍  മഞ്ചേരിക്കടുത്ത് ഒന്നര വര്‍ഷം മുമ്പ് 1400 സ്ക്വയര്‍ ഫീറ്റില്‍ പൂര്‍ത്തിയാക്കിയ മനോഹരമായ ഒരു ഭവനമാണ് പരിചയപ്പെടുത്തുന്നത്. ഏഴു സെന്‍റ് പ്ളോട്ടില്‍ 15 ലക്ഷം രൂപ ചിലവിലാണ് ഈ വീട് ഇന്‍റീരിയര്‍ ഡിസൈന്‍ അടക്കം പൂര്‍ത്തിയാക്കപ്പെട്ടിട്ടുള്ളത്. വ്യക്തമായ കാഴ്ച്ചപ്പാടുകളുണ്ടെങ്കില്‍, ഭംഗിയിലും ഗുണത്തിലും ഒട്ടും കുറവു വരുത്താതെ വീട് പൂര്‍ണമാക്കാമെന്നതിന്‍്റെ  ഉത്തമഉദാഹരണം കൂടിയാണ് ഇത്.  

വ്യക്തമായ സ്പേസ് പ്ളാനിങ്ങോടെ പണിത ഈ വീടിനുള്ളില്‍ ഗ്രൗണ്ട് ഫ്ളോറിലും ഫസ്റ്റ് ഫ്ളോറിലുമായി 4 ബെഡ്റൂമുകളാണ് നല്‍കിയിട്ടുള്ളത്. ഇവയില്‍ മൂന്നിലും വളരെ ആകര്‍ഷകമായി ഡിസൈന്‍ ചെയ്ത ടോയ്ലെറ്റുകളും അറ്റാച്ച് ചെയ്തിട്ടുണ്ട്. കൂടാതെ വീടിന്‍റെ ഡിസൈന്‍ ശൈലിക്കനുയോജ്യമായ രീതിയില്‍ സിറ്റ്ഒൗട്ട്, ലിവിങ്ങ് റൂം, ഡൈനിങ്ങ് സ്പേസ്, കിച്ചണ്, വര്‍ക്ക് ഏരിയ എന്നിവയും ഒരുക്കിയിരിക്കുന്നു. 

ഒരു നല്ല പ്ളോട്ട് വാങ്ങാനും തുടര്‍ന്നുള്ള വീടു നിര്‍മ്മാണത്തിനും ഭീമമായ ചിലവു വരുന്ന ആധുനിക കാലത്ത് ഒരു മിഡില്‍ ക്ളാസ് ഫാമിലിയെ എല്ലാ തരത്തിലും സംതൃപ്തിപ്പെടുത്തുത്താന്‍  കഴിയുന്ന ഡിസൈനാണ് അവലംബിച്ചിരിക്കുന്നത്. 

മഞ്ചേരി ആസ്ഥാനമായി കഴിഞ്ഞ പത്തു വര്‍ഷത്തോളമായി പ്രവര്‍ത്തിച്ചു വരുന്ന ആര്‍ക്കിറ്റെക്ച്ചറല്‍ കണ്സല്‍ട്ടന്‍സി കമ്പനിയായ  നിര്‍മ്മാണ് ഡിസൈന്‍സ്((NIRMAN DESIGNS), മഞ്ചേരി സ്വദേശി നൗഫലിനു വേണ്ടി പണി കഴിച്ചതാണ് ഈ വീട്. മറ്റുള്ളവരെ സന്തോഷിപ്പിക്കുക എന്നതിനപ്പുറം വീടിനുള്ളില്‍ ജീവിക്കുന്നവര്‍ക്ക് അളവറ്റ സന്തോഷം പ്രദാനം ചെയ്യുന്നതാണ് യഥാര്‍ത്ഥ വീടുകള്‍.


ചിലവു ചുരുങ്ങിയ വഴികള്‍

കൃത്യമായി സ്പേസ് പ്ളാനിംഗ് ചെയ്തുള്ള ഡിസൈന്‍, മെറ്റീരിയലുകളെ  കുറിച്ചുള്ള വ്യക്തമായ പഠനം, വീട്ടുടമയുടെ അകമഴിഞ്ഞ സഹകരണം  എന്നിവയാണ് ഈ വീടിന്‍റെ വിജയത്തിനു പിന്നിലെ പ്രധാന ഘടകങ്ങള്‍. സാധാരണ രീതിയില്‍ കരിങ്കല്ല് ഉപയോഗിച്ച് തന്നെയാണ് വീടിനു അടിത്തറ നല്‍കിയിട്ടുള്ളത്. പടവിനു വേണ്ടി ഉപയോഗിച്ചിരിക്കുന്നത് ചെങ്കല്ല് (LATERITE ) തന്നെയാണ്.  പരമാവധി ചിലവു ചുരുക്കാന്‍ വേണ്ടി ഫ്ളാറ്റ് ലെവലില്‍ ആണ് റൂഫ് ഡിസൈന്‍ ചെയ്തിട്ടുള്ളത്. കൂടാതെ വെള്ളം പതിക്കാന്‍ സാധ്യതയുള്ള ഏരിയകള്‍ നോക്കി ആവശ്യത്തിനു മാത്രമാണ് ജനലുകള്‍ക്ക് മുകളില്‍ സണ്‍ഷേഡ് നല്‍കിയിട്ടുള്ളത്.

മര്‍ക്കറ്റുകളില്‍ തീ പിടിച്ച വിലയാണ് മര ഉരുപ്പടികള്‍ക്ക്. തടി പരമാവധി കുറച്ചുവെന്നതും ചിലവു ചുരുക്കിയ മാര്‍ഗങ്ങളില്‍  ഒന്നാണ്. മുന്‍വശത്തെയും പിന്നിലെയും വാതിലുകള്‍ ഒഴിച്ച് മറ്റിടങ്ങളിലെല്ലാം  അലൂമിനിയം, ഫൈബര്‍ ഡോറുകളാണ് നല്‍കിയിരിക്കുന്നത്. ഏക  മെറ്റീരിയല്‍ ഉപയോഗിച്ച് മര ഉരുപ്പടികളെ പോലും വെല്ലുന്ന രീതിയിലാണ് ജനലുകളും രൂപപ്പെടുത്തിയിട്ടുള്ളത്. റൂമുകളില്‍ നല്‍കിയിട്ടുള്ള വാഡ്രോബുകള്‍, അടുക്കളയിലെ കാബിനറ്റുകള്‍ എന്നിവയും തയാറാക്കിയിരിക്കുന്നത് അലൂമിനിയം മെറ്റീരിയലുകളിലാണ്. ഒട്ടും അഭംഗി തോന്നാത്തതും ഈട് നില്‍ക്കുന്നവയുമാണ് ഇവയെല്ലാം.      

ഏതൊരാളുടെയും മനം കവരുന്ന രീതിയിലാണ് വീടിന്‍റെ അകത്തളങ്ങളെ അണിയിച്ചൊരുക്കിയിട്ടുള്ളത്. ബഡ്ജറ്റ് ഹോമുകളുടെ പതിവ് ശൈലികളില്‍ നിന്നും മാറി തികഞ്ഞ പ്രൗഢിയോടെയാണ് ഇന്‍റീരിയര്‍ മുഴുവന്‍ ചെയ്തിട്ടുള്ളത്. ഒരു ചെറിയ കര്‍ട്ടണ് പാര്‍ട്ടീഷന്‍ നല്‍കിയാണ് ഡൈനിങ്ങ് സ്പേസും ലിവിങ്ങ് ഏരിയയും ഒരുക്കിയിട്ടുള്ളത്. ഇവിടെ ആവശ്യപ്രകാരം ഒരു സീറ്റിങ്ങ് അറേഞ്ചുമെന്‍റും അനുയോജ്യമായ ഒരു ഡൈനിങ്ങ് ടേബിളും നല്‍കിയിരിക്കുന്നു. താരതമ്യേനെ ഒരു വലിയ വീടിനുള്ളില്‍ നല്‍കുന്ന എല്ലാ ഡിസൈന്‍ എലമെന്‍റ്സും അതീവ ഭംഗിയോടെ അലങ്കരിച്ചിരിക്കുന്നു. ഡിസൈന്‍ കോണ്‍സെപ്റ്റിനു അനുയോജ്യമായ രീതിയില്‍ പെയിന്‍റിംഗ്, കര്‍ട്ടനുകള്‍, വാള്‍ പിക്ച്ചറുകള്‍, ഷോ പീസുകള്‍ തുടങ്ങിയവയും അകത്തളത്തിന്‍റെ മാറ്റ് കൂട്ടുന്നു.  

താരതമ്യേനെ ചിലവു ചുരുങ്ങിയ നോര്‍മല്‍ സെറാമിക് ടൈലുകള്‍ കൊണ്ടാണ് ഇവിടെയും ഫ്ളോറിങ്ങ് ചെയ്തിട്ടുള്ളത്. ടൈലുകള്‍ വേസ്റ്റ് വരാത്ത രീതിയില്‍ അകത്തളങ്ങളുടെ ഏരിയ നിശ്ചയിച്ചു എന്നതും ചിലവിനെ മാക്സിമം കുറച്ചിട്ടുണ്ട്. വളരെ കാര്യക്ഷമതയോടെയാണ് വീടിനു ഇലക്ര്ടിക്കല്‍, പ്ളംബിങ്ങ് വര്‍ക്കുകള്‍ ചെയ്തിട്ടുള്ളത്. കൂടുതല്‍ കോംബ്ളിക്കേഷനുകളില്ലാതെ അത്യാവശ്യത്തിനുള്ള പോയിന്‍റുകള്‍ മാത്രം നല്‍കിയുള്ള ഈസി വയറിംഗ് ആണ് ഇവിടെ നല്‍കിയിട്ടുള്ളത്. കൂടാതെ, പ്ളംബിംഗ് വര്‍ക്കുകള്‍ കൂടുതല്‍ വരുന്ന ഇടങ്ങള്‍ ഒരേ ലെവലില്‍ ഡിസൈന്‍ ചെയ്തപ്പോള്‍ പൈപ്പുകളും മറ്റും മാക്സിമം കുറയ്ക്കാനും സാധിച്ചു.  
ഭവന നിര്‍മ്മാണ മേഖലയില്‍ അനുദിനം കണ്ടുവരുന്ന ക്രമാതീതമായ ചിലവിനെ ഒരു പരിധി വരെ കുറയ്ക്കാന്‍ ന്യൂ ജനറേഷന്‍ ഇക്കണോമിക്ക് വീടിന് കഴിഞ്ഞിട്ടുണ്ട്. സ്വന്തം പരിമിതികള്‍ക്കുള്ളില്‍ സ്വപ്ന ഭവനത്തെ ഒതുക്കി, സ്വസ്ഥമായി കിടന്നുറങ്ങാന്‍ ആഗ്രഹിക്കുന്ന ഏതൊരാളിനും ആശ്രയിക്കാവുന്ന ഒരു ഡിസൈനിംഗ് ശൈലി കൂടിയാണിത്.

ABDUL VAHID

NIRMAN DESIGNS
Nirman Tower, Calicut Road.
Patterkulam, Manjeri, Malappuram
admin@nirmandesign.com




 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.