‘ഗസല്‍’ ഈണം പോലെ...

ചാരുതയും കുളിരും പകരുന്ന ഒരു വീട് ആരും ആഗ്രഹിക്കുന്നതാണ്. മലപ്പുറം മുണ്ടുപറമ്പില്‍ കാലിക്കറ്റ് സര്‍വകലാശാലയിലെ പരീക്ഷാ ഭവന്‍ ജീവനക്കാരന്‍ ടി.എം ഹാരിസ് -ഷൈനി ദമ്പതികളുടെ ‘ഗസല്‍’ എന്ന വീട് പേരിനെ അന്വര്‍ഥമാക്കുന്നതാണ്. ഡിസൈനിലെ പുതുമയല്ല, സ്ഥലം പാഴാക്കാതെ ഉപയോഗപ്പെടുത്തിയതിലും ചാരുതയില്‍ വിട്ടുവീഴ്ച ചെയ്യാതെ നിര്‍മാണ ചെലവ് ചുരുക്കിയുമാണ് ഗസല്‍ വേറിട്ടു നില്‍ക്കുന്നത്. 
 
 
പോര്‍ച്ച് ഉള്‍പ്പെടെ 1800 സ്ക്വയര്‍ ഫീറ്റ് വിസ്തീര്‍ണമാണ് വീടിനുള്ളത്. ചാരുപടിയോടു കൂടിയുള്ള സിറ്റ് ഒൗട്ട്, ബാത്ത് റൂം അറ്റാച്ച് ചെയ്ത മൂന്നു കിടപ്പുമുറികള്‍, ലിവിങ് ഏരിയ, ഡൈനിങ് സ്പേസ്, കിച്ചണ്‍, സ്റ്റോറിങ് സ്പേസ്, വര്‍ക്ക് ഏരിയ, ബാല്‍ക്കണി എന്നീ സൗകര്യത്തോടു കൂടിയതാണ് ഹാരിസിന്‍റെ ‘ഗസല്‍’. മലപ്പുറം ജില്ല ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന നെസ്റ്റ് എന്ന കണ്‍സ്ട്രക്ഷന്‍ സ്ഥാപനത്തിലെ സിവില്‍ എഞ്ചിനിയര്‍ ബാലകൃഷ്ണന്‍ വളപ്പിലാണ് ‘ഗസല്‍’ രൂപകല്‍പന ചെയ്തിരിക്കുന്നത്. 
 
ചെങ്കല്‍ ചന്തമുള്ള സിമന്‍റ് തേക്കാത്ത വീടിന്‍റെ പുറംഭാഗം നല്ല കാഴ്ച നല്‍കുകയും അതേസമയം നിര്‍മാണ ചെലവ് കുറക്കുകയും ചെയ്തിട്ടുണ്ട്. വൃത്താകാരത്തില്‍ റോസ് വുഡ് ചാരുപടിയോടുള്ള സിറ്റ് ഒൗട്ട് വീടിന്‍റെ പ്രത്യേക ആകര്‍ഷണം തന്നെയാണ്. സിറ്റ് ഒൗട്ട് പോര്‍ച്ചും ആറു തൂണുകളില്‍ ചേര്‍ന്നു നില്‍ക്കുന്നു. തൂണിനു മുകള്‍ഭാഗം ആര്‍ച്ച് കൊടുത്തിരിക്കുന്നതും മേല്‍ക്കൂര വൃത്താകാരത്തില്‍ വാര്‍ത്തിരിക്കുന്നതും വീടിന്‍റെ മുഖപ്പിനെ മനോഹരമാക്കുന്നു. സിറ്റ് ഒൗട്ടിന് സമാന്തരമായി തന്നെയാണ് ഒന്നാം നിലയില്‍ ബാല്‍ക്കണി  ഒരുക്കിയിരിക്കുന്നത്. മൂന്ന് തൂണുകളില്‍ അര്‍ധ വൃത്താകൃതിയുള്ള ബാല്‍ക്കണിക്കും ആര്‍ച്ചും ചാരുപടിയും നല്‍കിയിരിക്കുന്നു. 
 
വീടിന് മുന്നിലുള്ള ഭാഗത്തെ ജനലുകളുടെ ഭാഗം അര്‍ധവൃത്താകാരത്തില്‍ പുറത്തേക്ക് അല്‍പം തള്ളി നില്‍ക്കുന്ന രീതിയിലാണ് ചെയ്തിരിക്കുന്നത്. നാലു പാളികളുള്ള ജനലുകളാണ് ഇരുനിലയിലും വെച്ചിരിക്കുന്നത്. കൃത്രിമ വെളിച്ചത്തെ മാറ്റി സൂര്യപ്രകാശത്തെ അകത്തളങ്ങളിലേക്കത്തെിക്കാന്‍ ഇത് സഹായകമാണ്. 
 
താഴെയുള്ള നിലയില്‍ ഒരു കിടപ്പുമുറിയും ലിവിങ്, ഡൈനിങ് ഏരിയയും അടുക്കളയും വര്‍ക്ക് സ്പേസുമാണ് ഉള്ളത്. ലിവിങ് റൂമിനെയും ഡൈനിങ് സ്പേസിനെയും വേര്‍തിരിച്ചിരിക്കുന്നത് ഒരു ആര്‍ച്ച് കൊണ്ടാണ്. ലിവിങ് ഏരിയയില്‍ ചുമരില്‍ ടിവി സ്പേസും ഷോകേസും നിര്‍മ്മിച്ചിരിക്കുന്നു. ഷോകേസിന് തേക്ക് തടി കൊണ്ടുള്ള ഫ്രെയിമാണ് നല്‍കിയിട്ടുള്ളത്. ഷോകേസിന്‍റെ താഴെയുള്ള സ്പേസ് പുസ്തകങ്ങളും മറ്റു സൂക്ഷിക്കുന്ന ഷെല്‍ഫാക്കി മാറിയിരിക്കുന്നു. 
ഡൈനിങ് സ്പേസില്‍ നിന്നാണ് മുകളിലേക്കുള്ള കോണിപ്പടികള്‍ കൊടുത്തിരിക്കുന്നത്. സ്ഥലം ഒട്ടും പാഴാകാതെ സ്പൈറല്‍ രീതിയിലുള്ള സ്റ്റെയര്‍ ആണ് നിര്‍മിച്ചിരിക്കുന്നത്. കോണിയുടെ താഴെയുള്ള സ്ഥലം വാഷ് ഏരിയയായി മാറ്റിയിരിക്കുന്നു. ഡൈനിങ് സ്പേസില്‍ നിന്നണ് കിടപ്പുമുറിയിലേക്ക് അടുക്കളയിലേക്കും വാതില്‍. തീന്‍ മേശയോടു ചേര്‍ന്ന ചുവരില്‍ തേക്കിന്‍ തടി കൊണ്ടുള്ള ക്രോക്കറി ഷെല്‍ഫും ഒരുക്കിയിരിക്കുന്നു. 
 
 
മാസ്റ്റര്‍ ബെഡ്റൂം ഒരുക്കിയിരിക്കുന്നത് താഴത്തെ നിലയിലാണ്. കിടപ്പുമുറിയില്‍  വായുസഞ്ചാരം ലഭിക്കാന്‍ വലിയ ജനലുകളാണ് കൊടുത്തിരിക്കുന്നത്. 373cm*350cm വിസ്തീര്‍ണമുള്ള ഏരിയയില്‍ പ്രത്യേകം ഡ്രസിങ് റൂമും 210*140cm സ്പേസുള്ള ബാത്ത്റൂമും അറ്റാച്ച് ചെയ്തിട്ടുണ്ട്. ഒന്നാംനിലയില്‍ 373cm*310cm വിസ്തീര്‍ണമുള്ള രണ്ടു മുറികളാണുള്ളത്. രണ്ടു മുറികളിലും 225*200cm വിസ്തീര്‍ണമുള്ള ബാത്ത്റൂം അറ്റാച്ച് ചെയ്തിട്ടുണ്ട്. ഇവിടെ റീഡിങ് റൂം അല്ളെങ്കില്‍ ഫോര്‍മല്‍ സ്പേസ് ആക്കി ഉപയോഗിക്കാവുന്ന ഒരു ഫോയര്‍ ഒരുക്കിയിട്ടുണ്ട്. ഫോയറില്‍ നിന്നും തുറക്കാവുന്ന ബാല്‍ക്കണിക്ക് അഞ്ച് സ്ക്വയര്‍ ഫീറ്റ് വിസ്തീര്‍ണമാണുള്ളത്. മൂന്നു തൂണുകളും റോസ് വുഡ്
ചാരുപടിയുമുള്ള ബാല്‍ക്കണി വീടിന് പ്രത്യേക ആകര്‍ഷണം തന്നെ. 
 
 
ഡൈനിങ് ഹാളില്‍ നിന്ന് ഒരു ഭിത്തി അകലത്തിലാണ് അടുക്കള. ഒരു വുഡന്‍ ഗ്ളാസ് തുറന്നാല്‍ അടുക്കളയിലേക്ക് പ്രവേശിക്കാം. 15/10 സ്ക്വയര്‍ ഫീറ്റ് വിസ്തീര്‍ണത്തിലാണ് അടുക്കള രൂപകല്‍പന ചെയ്തിരിക്കുന്നത്. അടുക്കളയില്‍ തേക്കിന്‍ തടി കൊണ്ടുള്ള കാബിനറ്റുകള്‍ക്കും വുഡന്‍ കളറാണ് തെരഞ്ഞെടുത്തിരിക്കുന്നത്. കൗണ്ടര്‍ ടോപ്പിന് തൊട്ടു മുകളിലായി വോള്‍ടൈലുകള്‍ ഒട്ടിച്ചിരിക്കുന്നു. പരമാവധി സ്റ്റോറേജിനൊപ്പം ഒരു ബ്രേക്ക്ഫാസ്റ്റ് ടേബിളും ഇവിടെ ഇടം പിടിച്ചിട്ടുണ്ട്. അടുക്കളക്ക് തൊട്ടപ്പുറത്ത് ഫയര്‍ കിച്ചണോടു കൂടിയ വര്‍ക്ക് ഏരിയയും നല്‍കിയിട്ടുണ്ട്. 
 
പുറത്തെ ചുമര്‍ സിമന്‍റ് തേക്കാത്തതിനാല്‍ വീടിനകത്ത് നല്ല തണുപ്പാണ്. അകത്തളം കൂടുതല്‍ തണുപ്പിക്കാന്‍ മേല്‍ക്കൂരയില്‍ ഓട് പാകിയിട്ടുണ്ട്. 
 
 
ഉടമ- ഹാരിസ് ടി.എം
സ്ഥലം: മുണ്ടുപറമ്പ്, മലപ്പുറം ജില്ല
haristm66@gmail.com
 
ആര്‍കിടെക്: ബാലകൃഷ്ണന്‍ വളപ്പില്‍ 
നെസ്റ്റ് ബില്‍ഡേഴ്സ് 
കാവുങ്ങല്‍ 
മലപ്പുറം 
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.