വീട് നിര്‍മ്മാണം; വിജയമന്ത്രങ്ങള്‍, ചതിക്കുഴികള്‍

‘നല്ല മീന്‍ ഇവിടെ കിട്ടും’എന്ന് ബോര്‍ഡ് വെച്ച് കച്ചവടത്തിനിറങ്ങിയ, നാട്ടുകാരുടെ ഉപദേശം കേട്ട് ഓരോ വാക്കുകളായി എഡിറ്റ് ചെയ്ത് അവസാനം ബോര്‍ഡ് തന്നെ ഇല്ലാതായവന്‍െറ കഥ കേട്ടിട്ടില്ളേ. അതുപോലൊരനുഭവം ഉണ്ടാവാതിരിക്കണമെങ്കില്‍ വീടൊരുക്കാന്‍ നമ്മള്‍ തന്നെ പഠിക്കണം. വീടുനിര്‍മാണത്തില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളും ചില വിജയമന്ത്രങ്ങളും ഇതാ.

വലുപ്പം ആവശ്യത്തിന്

അയലത്തെ വീട്ടിലേക്ക് നോക്കരുത് എന്നാണ് വീടുപണിയുടെ ആദ്യപാഠം. നിങ്ങളുടെ വീട്ടിലെ ആളുകളുടെ എണ്ണത്തിന് ആനുപാതികമായിരിക്കണം വീടിന്‍െറ വിസ്തീര്‍ണം. കൊട്ടാരം പോലത്തെ വീടുകെട്ടി പൂട്ടിയിടുന്ന പതിവ് ഒഴിവാക്കണം.

ലളിതം, സുന്ദരം

ലാളിത്യത്തിന് പ്രാധാന്യം നല്‍കുന്ന നിരവധി നിര്‍മാണ രീതികള്‍ ഇന്ന് നിലവിലുണ്ട്. ഓപണ്‍ പ്ളാനിന് പ്രാധാന്യം നല്‍കുക, ഭിത്തികളുടെ എണ്ണം കുറക്കുക.

എന്തിനാണീ സണ്‍ഷേഡ്

മഴ ധാരാളം കിട്ടുന്ന കേരളത്തില്‍ മുട്ടിനുമുട്ടിന് സണ്‍ഷേഡുകള്‍ വരത്തക്ക രീതിയില്‍ പഴഞ്ചന്‍ നിര്‍മാണരീതി പിന്തുടരേണ്ടതില്ല. ആത്യന്തികമായി വീടിനു മുകളില്‍ ഒരു കൊട്ടത്തളം കെട്ടിയുയര്‍ത്തുന്ന പ്രതീതിയാണ് ഇതുമൂലം ഉണ്ടാവുക. ചൂട് കൂടുതലുള്ള ഗള്‍ഫ് രാജ്യങ്ങളില്‍പോലും ഇതുപോലെ സണ്‍ഷേഡില്ല.


പുതുക്കിപ്പണിയല്‍ പ്രോത്സാഹിപ്പിക്കുക

പുതിയ ഒരു വീട് നിര്‍മിക്കുന്നതിനു പകരം പഴയത് പുതുക്കിപ്പണിതാല്‍ ഒരുപാട് നിര്‍മാണ വസ്തുക്കള്‍ ലാഭിക്കാന്‍ കഴിയും. പുതിയ വീടിനേക്കാള്‍ ഭംഗിയില്‍ പഴയ വീടുകള്‍ പുതുക്കിപ്പണിയാന്‍ കഴിയുന്നവര്‍ ഇന്ന് നിരവധിയുണ്ട്.

ആറിഞ്ചു കനത്തില്‍ എന്തിന് കോണ്‍ക്രീറ്റ്?

ഭൂകമ്പം നേരിടാനെന്നോണം, ആറിഞ്ച് കനത്തില്‍ വരെ മേല്‍ക്കൂരയില്‍ കോണ്‍ക്രീറ്റ് ഇടുന്നവരുണ്ട്. കടുത്ത ഭൂകമ്പ മേഖലകളില്‍പോലും ഈ രീതിയില്‍ കോണ്‍ക്രീറ്റ്  ഇടാറില്ല. മാത്രമല്ല, അധികമായാല്‍ അമൃതും വിഷമെന്ന് പറയുന്നതുപോലെ കമ്പിയും സിമന്‍റും അധികമായാല്‍ വീടിന്‍െറ ഉറപ്പ് കുറയും.  ലക്ഷങ്ങളുടെ നഷ്ടവും ഇതുമൂലം ഉണ്ടാവും.

പൊതുവായ ബാത്ത്റൂം, പൊതുവായ എ.സി തുടങ്ങിയ സൗകര്യങ്ങള്‍ പ്രയോജനപ്പെടുത്തിയാല്‍ ചെലവും കുറയും. സ്ഥലവും പണവും ലാഭവുമാവും. ഇത്ര വലിയ ഭിത്തിയുള്ള വീടുകള്‍ കേരളത്തിലേ കാണാനാവൂ. ലോഡ്ജ്മുറികളെ ഓര്‍മിപ്പിക്കുന്ന വലിയ മുറികളല്ല വീടിനു വേണ്ടത്. ഗെസ്റ്റ് റൂം, കമ്പ്യൂട്ടര്‍ റൂം, പഠനമുറി എന്നിവയൊക്കെ ഒരു സാധാരണ കുടുംബത്തിന് അനാവശ്യമാണ്.

ബാത്റൂമില്‍ വീണ് നടുവൊടിയുന്നവര്‍

അനാവശ്യമായ ആഡംബര ഭ്രമമാണ് അക്ഷരാര്‍ഥത്തില്‍ മലയാളികളുടെ നടുവൊടിക്കുന്നത്. കഴിഞ്ഞ കുറെ കാലമായി എത്രയോ പേരാണ് ബാത്ത്റൂമിലെ ആഡംബര ടൈലില്‍ തറയടിച്ച് വീണ് ചരമം പൂകിയത്. ബാത്ത്റൂമില്‍ എപ്പോഴും പരുക്കന്‍ ടൈല്‍ ഇടാന്‍ ശ്രദ്ധിക്കണം. നിങ്ങളുടെ വീട്ടില്‍ വൃദ്ധരും കുട്ടികളും ഉണ്ടെങ്കില്‍ പ്രത്യേകിച്ചും.

കൂറ്റന്‍ ഗോവണി എന്തിന്?

വെറും രണ്ടോ മൂന്നോ പേര്‍ ജീവിക്കുന്ന വീട്ടില്‍ വലിയ ഷോപ്പിങ് മാളുകളില്‍ കാണുന്നതുപോലുള്ള ഗോവണിയാണ് സ്ഥാപിച്ചിട്ടുള്ളത്. പരമാവധി 250 കിലോഗ്രാം ഭാരം മാത്രമാണ് ഇതിന് താണ്ടേണ്ടി വരുക. മൂന്നിഞ്ച് കനത്തില്‍ സാധാരണ ഗോവണി തന്നെയാണ് നമുക്ക് അഭികാമ്യം.

ഗൃഹാതുരത്വം അതിരുവിടരുത്

പഴമയോടുള്ള താല്‍പര്യം ചിലര്‍ക്കുണ്ടാവും. ഒരു പരിധിവരെ അത് നല്ലതുമാണ്. എന്നുവെച്ച്, എല്ലാം വരിക്കാശ്ശേരി മനപോലെ ആക്കണമെന്ന് കരുതിയാല്‍ കാര്യങ്ങള്‍ കുഴഞ്ഞു. സിനിമയില്‍ കാണുമ്പോള്‍ നല്ലതാണെങ്കിലും വൃത്തിയായി നിര്‍മിച്ചില്ളെങ്കില്‍ നടുമുറ്റ നിര്‍മാണമൊക്കെ പാളും. ഫൈബര്‍ മേല്‍ക്കൂര പണിതില്ളെങ്കില്‍ കടുത്ത പ്രാണിശല്യവും ഇതുമൂലം ഉണ്ടാവും.

 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.