കൂടുമ്പുമ്പോൾ ഇമ്പുമുള്ളതാണ് കുടുംബമെന്നല്ലേ... കുടുംബത്തിൻെറ ഇമ്പം നിലനിർത്താൻ പൊന്നാനിയിലെ കെ.കെ. മുഹമ്മദ് ഹാജി അഞ്ചു മക്കളടങ്ങുന്ന ത െൻറ കുടുംബത്തിന് താമസിക്കാൻ എല്ലാവിധ സൗകര്യങ്ങളുമുള്ള വീടാണ് ആവശ്യപ്പെട്ടത്. പൊന്നാനിയിലെ പാലപ്പുറ്റിയിൽ 40 സെൻറ് സ്ഥലത്താണ് രണ്ടു നിലകളിലായി വീട് ഒരുക്കിയത്.
ചെരിഞ്ഞ മേൽക്കൂരയും സ്റ്റോൺ ക്ലാഡിങ്ങും വലിയ തൂണുകളുമെല്ലാം പ്രൗഢഭംഗി നൽകുന്ന കൊളോണിയൽ ശൈലിയാണ് മുഹമ്മദ് ഹാജിക്ക് വേണ്ടി ആർക്കിടെക്റ്റ് ഡിസൈനർ മുഹമ്മദ് ഷാഫി തെരഞ്ഞെടുത്തത്. പർഗോളയും ഉരുണ്ട തൂണുകളുടെ പ്ലാസ്റ്റിങ്ങിലുമെല്ലാം കൊളോണിയൽ ശൈലിയിൽ ലയിച്ചു കിടകുന്നു.
5800 ചതുരശ്രയടി വിസ്തീർണത്തിൽ രണ്ടു നിലകളിലായി ഏഴു കിടപ്പു മുറികളും മൂന്നു ലിവിങ് ഏരിയകളുമാണുള്ളത്. സിറ്റ് ഒൗട്ടിൽ നിന്നും ഗസ്റ്റ് ലിവിങ്ങിലേക്കാണ് പ്രവേശനം.
കുടുംബാംഗങ്ങൾക്ക് ഒരുമിച്ച് പ്രാർഥിക്കാനും വിരുന്നുകാർ വന്നാൽ അവരെ കൂടി ഉൾപ്പെടുത്തുന്നതിനുമായി വലിയ പ്രാർഥനാമുറി തന്നെയാണ് ഒരുക്കിയത്. പ്രാർഥനാമുറിയിൽ ചുമർ പെയിൻറിൽ സ്പെഷ്യൽ ഇഫക്റ്റ് നൽകി കൊണ്ട് മനോഹരമാക്കി. ജനലിൽ പെയിന്‍റിൻെറ നിറത്തിനോടു ചേർന്ന ബെന്‍റാണ് ഉപയോഗിച്ചത്. പ്രാർഥനാമുറിയിൽ റീഡിങ് സ്പേസ് കൂടിയായി ഉപയോഗിക്കുന്നതിന് ഇരുവശങ്ങളിലും ബുക് ഷെൽഫും സ്റ്റോറേജിനു വേണ്ടി കബോർഡുകളും ഒരുക്കി.
ഗസ്റ്റ് ലിവിങ്ങിൽ പർഗോള ഡിസൈനിലുള്ള സീലിങ്ങാണ് നൽകിയത്. ചുവരിൽ ഒരു വശത്ത് പ്ലേവുഡ് കൊണ്ടുള്ള ആർട്ട് വർക്കും ഒരുവശത്ത് ക്ലാഡിങ് സ്റ്റോണും നൽകി. എക്സ്റ്റീരിയറിന്‍റെ തുടർച്ചയെന്ന പോലെയാണ് ഇന്‍റീരിയറും ചെയ് തിരിക്കുന്നത്. പ്രത്യേക ശൈലിയാണ് ലൈറ്റിങ്ങും ജനാലകൾക്ക് മനോഹരമായ ബ്ലെൻഡും നൽകിയിട്ടുണ്ട്. ഇരുവശത്തും മൂന്ന് കള്ളികളുള്ള ജനലായതിനാൽ വെളിച്ചവും വായുസഞ്ചാരവും കിട്ടും.
ഗസ്റ്റ് ലിവിങ്ങിൽ നിന്ന് ഫാമിലി ഏരിയ വേർതിരിച്ചിരിക്കുന്നത് പർഗോള ഡിസൈനും ജാളി വർക്കും യോജിക്കുന്ന ഫ്രെയിമിലൂടെയാണ് .
ഫാമിലി ലിവിങ്, ഡൈനിങ്, ഒന്നാം നിലയിലേക്കുള്ള സ്റ്റെയർ എന്നിവ ഒരു ഹാളിലാണ് ഒരുക്കിയിരിക്കുന്നത്. ഇന്‍റീരിയറിൽ ഒാപ്പൺ കൺസ്പെറ്റാണ് ഇവിടെ ആർക്കിടെക്റ്റ് സ്വീകരിച്ചിരിക്കുന്നത്. ഡബിൾ ഹൈറ്റിലാണ് ഹാൾ പണികഴിപ്പിച്ചിരിക്കുന്നു. ഗസ്റ്റ് ലിവിങ്ങിൽ നിന്നും പ്രവേശിക്കുന്നിടത്തെ ഫാമിലി ലിവിങ്ങും അതിന് അഭിമുഖമായി ടി.വി ഏരിയയും ഒരുക്കി. ടി.വി സ്പേസിന് ഹൈലൈറ്റ് നൽകുന്നതിന് ചുവരിന്‍റെ ഇരുവശങ്ങളിലും ക്ലാഡിങ് സ്റ്റോൺ പതിപ്പിച്ച് മനോഹരമാക്കി. രണ്ടു കിടപ്പുമുറികൾ ഫാമിലി ലിവിങ്ങിലേക്കും ഒരു മുറി സ്റ്റെയർ സ്പേസിനടുത്തേക്കും തുറക്കുന്നു.
ഹാളിൽ സ്റ്റെയറിനോട് ചേർന്നുള്ള ഭാഗമാണ് ഉൗണുമുറിയായി ഒരുക്കിയിരിക്കുന്നത്. ഉൗണുമുറിയുടെ ഒരുഭാഗത്തെ ചുമർ ക്ലാഡിങ് സ്റ്റോൺ പതിച്ച് ഹൈലൈറ്റ് ചെയ്തിട്ടുണ്ട്. ദീർഘ ചതുരാകൃതിയിലുള്ള പ്ലേവുഡ് കൊണ്ടുള്ള ഒരു ക്യൂരിയോയും ഇൗ ഭാഗത്ത് കൊടുത്തിട്ടുണ്ട്. എട്ടു പേർക്ക് ഒരുമിച്ച് ഭക്ഷണം കഴിക്കാവുന്ന ഉൗണുമേശയും ഒരു തൊട്ടിലും ഇവിടെ ഒരുക്കി. വാഷ് കൗണ്ടർ ജാലി വർക്ക് ഫ്രെയിമും കൊണ്ട് വേർതിരിച്ചിരിക്കുന്നു.
സ്റ്റെയറിനു താഴെയുള്ള സ്പേസ് സ്റ്റോറേജായും കമ്പ്യൂട്ടർ സ്പേസായും ഉപയോഗിക്കാവുന്ന രീതിയിലാണ് ഡിസൈൻ ചെയ്തിരിക്കുന്നത്. ഇൗ ഭാഗത്ത് കോമൺ ബാത്ത് റൂമും നൽകിയിട്ടുണ്ട്. ഉൗണുമുറിയിൽ നിന്നാണ് അടുക്കളയിലേക്കുള്ള പ്രവേശനം.
വീടിന്‍റെ പ്രധാന ആകർഷണം മരത്തിൽ പ്രത്യേക കൊത്തുപണികളോടെ ഒരുക്കിയ ഗോവണിയും ഡബിൾ സ്പേസിൽ ഒന്നാം നിലയിലുള്ള വരാന്തയുമാണ്. ക്ലാഡിങ് സ്റ്റോൺ പതിപ്പിച്ച ഗോവണിയുടെ ലാൻഡിങ്ങിൽ പല ആകൃതികളിലുള്ള കൊച്ചു ജനാലകൾ ഭംഗിയോടെ ഒരുക്കിവെച്ചിരിക്കുന്നു. വെളിച്ചം കടത്തി വിടുന്നതിനൊപ്പം ഇവ ചുമരിന് പ്രത്യേക ചാരുത നൽകുന്നു.
പഴയ കൊട്ടാരങ്ങളെ ഒാർമ്മിപ്പിക്കുന്ന ചാരുതയിൽ ഒന്നാംനിലയിലുള്ള നീളൻ വരാന്തയും അകത്തളത്തെ വൈറ്റ്-വുഡൻ നിറങ്ങളുടെ മിശ്രണവും ആരെയും കൊതിപ്പിക്കും. ഐവറി നിറത്തിലുള്ള ഇറ്റാലിയൻ മാർബിളാണ് തറയിൽ വിരിച്ചിരിക്കുന്നത്. ഗോവണി കയറിയെത്തുന്നത് അപ്പർ ലിവിങ് ഏരിയയിലേക്കാണ്. ലിവിങ്ങിന് അഭിമുഖമായി ടി.വി സ്പേസും നൽകിയിട്ടുണ്ട്. ടി.വി സ്പേസിൽ നിന്നാണ് ബാൽക്കണിയിലേക്ക് വാതിൽ തുറക്കുന്നത്. ഡബിൾ ഹൈറ്റുള്ള ഹാളിനെ ചുറ്റിയാണ് ഒന്നാം നിലയിൽ നാലു കിടപ്പുമുറികളും ഒരുക്കിയിരിക്കുന്നത്. ഏഴു കിടപ്പുമുറികളിലും ബാത്ത് റൂമും ഡ്രസിങ് സ്പേസും അറ്റാച്ച് ചെയ് തിട്ടുണ്ട്. പ്ലേവുഡ് കൊണ്ടാണ് കട്ടിലും വാഡ്രോബുകളും നിർമ്മിച്ചത്. ലാളിത്യമുള്ള സീലിങ് ശൈലിയാണ് കിടപ്പു മുറികളിലേത്.
സ്റ്റോറേജിന് പ്രാധാന്യം നൽകി കൊണ്ടാണ് അടുക്കള സജീകരിച്ചത്. കോഫി ബ്രൗൺ-വൈറ്റ് നിറങ്ങളുടെ സമന്വയമാണ് അടുക്കളയിൽ കാണാനാവുക. തറയിൽ കറുപ്പ് ഷേഡിൽ വരുന്ന മാർബിളാണ് വിരിച്ചത്. കബോർഡുകൾ വേണ്ടി പ്ലേവുഡ് ഉപയോഗിച്ചു. മൂന്നു കോളങ്ങളാക്കി തിരിച്ച ക്രോക്കറി ഷെൽഫും അടുക്കളയുടെ ഹൈലൈറ്റ് തന്നെ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.