ചാരനിറത്തിന്‍റെ ചന്തം

കണ്ണിനിമ്പമുള്ള നിറങ്ങള്‍ കൂടി ചേരുമ്പോഴാണ് അകത്തളങ്ങളുടെ ചാരുത പൂര്‍ണമാകുന്നത്. തൂ മഞ്ഞിന്‍്റെ അനുഭൂതി നല്‍കുന്ന വെള്ള നിറം മുതല്‍ കുളിരാര്‍ന്ന പച്ച നിറം വരെ വീടുകള്‍ക്ക് നല്‍കാറുണ്ട്. ഭംഗി മാത്രമല്ല, ഒരാളുടെ വ്യക്തിത്വത്തെപ്പോലും നിയന്ത്രിക്കാന്‍ നിറങ്ങള്‍ക്ക് കഴിയും. അതുകൊണ്ട് വീട്, ഉപയോഗിക്കുന്നവരുടെ അഭിരുചികള്‍ക്കും താത്പര്യങ്ങള്‍ക്കും അനുസരിച്ച് വേണം നിറങ്ങള്‍ തെരഞ്ഞെടുക്കാന്‍. വീടുമുഴുവന്‍ ഒരേനിറത്തില്‍ പെയിന്‍്റ് ചെയ്യുന്ന രീതി എന്നേ മാറി. ഇന്ന് അകത്തളത്ത് ഒരോ മുറിക്കും വ്യത്യസ്ത നിറമെന്ന രീതിയിലാണ് പെയിന്‍റ് ചെയ്യുന്നത്.

ഇന്‍റീരിയറില്‍ കുറച്ചുമാത്രം ഉപയോഗിക്കുന്ന നിറമാണ് കറുപ്പ്. ഇതില്‍ വെള്ള ചേര്‍ത്താല്‍ ചാരനിറമാകും. ചാരനിറം ഏതു മുറിയിലും അനുയോജ്യമാണ്. എന്നാല്‍ നരച്ച നിറമെന്നാക്ഷേപിച്ച് ചാരനിറത്തെ കൂടുതലാരും അംഗീകരിക്കാറില്ല. വെളുപ്പു നിറത്തിന്‍റെ നിര്‍മലതയോടൊപ്പം ചേര്‍ത്താന്‍ ചാരനിറത്തേക്കാള്‍ മികച്ച വര്‍ണമില്ല. ഏതു ശൈലിയിലുള്ള ഇന്‍റീരിയറിനും ചേരുന്നതാണ് വൈറ്റ് ആന്‍റ് ഗ്രേ കോമ്പിനേഷന്‍.

ശാന്തമായ അന്തരീക്ഷം  നല്‍കുന്നതിന് ചാരനിറത്തിന് കഴിയും. ഫാമിലി ലിവിങ് സ്പേസിനും ഫോര്‍മല്‍ ലിവിങ് ഏരിയക്കും ഗ്രേ കോമ്പിനേഷന്‍ നല്ലതാണ്. ഇളം ചാരനിറം സന്തുലിതവും ലളിതവുമായ അന്തരീക്ഷം നല്‍കുന്നതിനാല്‍ കിടപ്പുമുറിക്കും അനുയോജ്യമാണ്. ഓഫീസ് മുറിക്കും വര്‍ക്ക് സ്പേസിലും ഗ്രേയുടെ ലാളിത്യം നന്നായി ഇണങ്ങും.

കറുപ്പിന്‍റെയും വെളുപ്പിന്‍റെയും കൂടിചേരല്‍ ആയതിനാല്‍ ചാരനിറത്തില്‍ വൈവിധ്യങ്ങളുണ്ട്. നീലകലര്‍ന്ന ചാരനിറം, ചാര്‍ക്കോള്‍ ഗ്രേ, ലെഡ് ഗ്രേ, ഗണ്‍മെറ്റല്‍ ഗ്രേ, സില്‍വര്‍ ഗ്രേ, പേള്‍ ഗ്രേ, സ്ളേറ്റ് ഗ്രേ എന്നിങ്ങനെ പല തരത്തിലുള്ള ചാരനിറ മിശ്രിതങ്ങളുണ്ട്.

ഇളം ചാര നിറം സ്ത്രൈണ ഭംഗി നല്‍കുമ്പോള്‍ കടുംചാര നിറം പരുക്കന്‍ ഭാവമാണുള്ളത്. ഇന്‍റീരിയറില്‍ ചാരനിറത്തോടൊപ്പം ഇളം മഞ്ഞ, വൈക്കോല്‍ മഞ്ഞ, പിസ്ത ഗ്രീന്‍, സ്കൈ ബ്ളൂ, കോറല്‍, ഓറഞ്ച് എന്നീ നിറങ്ങളും ഇണങ്ങും. പുതിയ ട്രെന്‍ഡിനനുസരിച്ച്  മറ്റു നിറങ്ങളും ചാരനിറത്തോടൊപ്പം ചേര്‍ത്ത് നോക്കാവുന്നതാണ്.

പുറംഭിത്തിക്കും ചാരനിറം യോജിക്കും.  ഇളം നിറങ്ങള്‍ക്ക് സൂര്യപ്രകാശത്തെ പ്രതിഫലിപ്പിക്കാനുള്ള കഴിവുള്ളതിനാല്‍ അകത്തളത്തെ ചൂടു കുറയും. ഇളം ചാരനിറം, വെള്ള, ക്രീം നിറങ്ങള്‍ക്ക് ഭംഗി നല്‍കുന്നതിനോടൊപ്പം സൂര്യപ്രകാശത്തെ പ്രതിഫലിപ്പിച്ച് ചൂട് കുറക്കാനും കഴിയും.

തയാറാക്കിയത്: വി.ആര്‍ ദീപ്തി
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.