മികച്ച ഫർണിച്ചറുണ്ടെങ്കിൽ മുറിയുടെ സൗന്ദര്യത്തിന് മാറ്റ് കൂടുമെന്ന കാര്യത്തിൽ സംശയം വേണ്ട. മാറുന്ന അഭിരുചികൾക്കൊപ്പം മാറ്റങ്ങളുടെ പാതയിലാണ് ഫർണിച്ചർ ലോകവും. ഡിസൈനിലും മെറ്റീരിയലിലും മാത്രമല്ല, ഫർണിച്ചർ എന്ന സങ്കൽപത്തിൽ പോലും വന്നിരിക്കുന്നു മാറ്റങ്ങൾ.
സിമ്പിളാണ് കാര്യം
കൊത്തുപണികളുടെ ധാരാളിത്തമുള്ള തടിമാടൻ ഡിസൈനുകളുടെ കാലം അസ്തമിച്ചതോടെ മിനിമലിസ്റ്റിക് ഡിസൈൻ ഇപ്പോൾ എല്ലാവർക്കും പ്രിയം. ലളിതമായ ഡിസൈനുകളിൽ ഗുണമേന്മയുള്ള ഫർണിച്ചറാണ് ആളുകളുടെ താൽപര്യം. ഒപ്പം മാറ്റ് ഫിനിഷിങ്ങിലുള്ള ഫർണിച്ചറിനും ആവശ്യക്കാരേറെയാണ്. കണ്ടംപററി ഡിസൈനുകളോടുള്ള പ്രിയത്തിന് കുറവൊട്ടുമില്ല ഇപ്പോഴും. ലളിതവും നേർരേഖയിലുള്ളതുമായ കണ്ടംപററി ഡിസൈൻ വൃത്തിയാക്കാൻ സൗകര്യമാണെന്നതാണ് ഒരു മേന്മ. പ്ലൈവുഡ്, എം.ഡി.എഫ്, എച്ച്ഡി.എഫ്, ഗ്ലാസ്, മെറ്റൽ എന്നീ മെറ്റീരിയലുകളിലായി കൂടുതൽ വിറ്റഴിയുന്നത് കണ്ടംപററി ഡിസൈൻ ഫർണിച്ചറാണ്.
വാങ്ങാൻ വൈവിധ്യങ്ങളേറെ
ലൈഫ്സ്റ്റൈൽ മാറുന്നതിന് അനുയോജ്യമായ മാറ്റങ്ങൾ ഫർണിച്ചർ ഉപകരണങ്ങളുടെ രൂപത്തിലും പ്രകടമാണ്. കട്ടിൽതന്നെ ആവശ്യത്തിനുശേഷം അലമാരയായും ഡൈനിങ് ടേബിളായും ഉപയോഗിക്കുന്ന രീതിയിലുള്ള കൺവെർട്ടബ്ൾ ഫർണിച്ചർ (Convertible furniture), പല ഭാഗങ്ങളായി അഴിച്ചെടുത്ത് കൊണ്ടുപോകാനും ആവശ്യാനുസരണം യോജിപ്പിക്കാനുമാകുന്ന നോക്ഡൗൺ ഫർണിച്ചർ (Knock-down furniture) തുടങ്ങി വൈവിധ്യങ്ങൾക്ക് വിപണിയിൽ പ്രിയമേറെയാണ്.
അപ്പാർട്മെൻറുകളിൽ താമസിക്കുന്നവർക്കും വീട്ടിൽ സ്ഥലപരിമിതിയുള്ളവർക്കും സൗകര്യപ്രദമായി ഉപയോഗിക്കാവുന്നതാണ് കൺവെർട്ടബ്ൾ ഫർണിച്ചർ. ഫർണിച്ചറിനേക്കാൾ വിലയും അൽപം കൂടും ഇൗ വിഭാഗത്തിെല ഉൽപന്നങ്ങൾക്ക്.
ഫർണിച്ചർ വാങ്ങാനും ഗൈഡ്ലൈൻ
●ഫർണിച്ചർ വാങ്ങുംമുമ്പ് ഇടാൻ ഉദ്ദേശിക്കുന്ന സ്ഥലത്തെക്കുറിച്ച് കൃത്യമായ ധാരണയുണ്ടായിരിക്കണം. അളവെടുത്ത് പോകുന്നതാണ് ഉചിതം. വീടുപണിയുടെ തുടക്കത്തിൽതന്നെ ഇൻറീരിയർ ലേഔട്ട് നടത്തിയിട്ടുണ്ടെങ്കിൽ കുഴപ്പമില്ല. ഇൻറീരിയർ ലേഔട്ട് ഇല്ലാത്തപക്ഷം മുറിയുടെ മൊത്തം അളവെടുത്തുതന്നെ പോകാൻ ശ്രദ്ധിക്കണം.
●തടി ഫർണിച്ചറാണെങ്കിൽ പോളിഷ് ചെയ്യുന്നതിനുമുമ്പ് വാങ്ങുക, തടിയുടെ ഗുണമേന്മ മനസ്സിലാക്കുന്നതിനാണിത്. അല്ലാത്തപക്ഷം തടി സംബന്ധിച്ച് അൽപമെങ്കിലും ധാരണയുള്ളവരുടെ സഹായം തേടണം.
●ബോയിലിങ്, നാച്വറൽ സീസണിങ്, വാട്ടർ സീസണിങ് എന്നിവ ചെയ്ത തടി ഫർണിച്ചർ വാങ്ങുക. കെമിക്കൽ ട്രീറ്റ്മെൻറ് പൂർത്തിയാക്കിയവ തെരഞ്ഞെടുത്താൽ അതിൽ പ്രാണികളുടെയും പാറ്റയുടെയും ആക്രമണമുണ്ടാവില്ല.
●റെക്സിൻ ഉപയോഗിച്ചുള്ള ഫർണിച്ചർ കഴിവതും ഒഴിവാക്കുക. പകരം തുണികൊണ്ടുള്ളവ തെരഞ്ഞെടുക്കാം. റെക്സിൻ കാലക്രമേണ ദ്രവിച്ചു നശിച്ചുപോകും. തുണി ഇൗടുനിൽക്കുന്നതോടൊപ്പം വൃത്തിയാക്കാനും സാധിക്കും.
●ആവശ്യത്തിനുള്ള ഫർണിച്ചർ മാത്രം വാങ്ങുക. കഴിവതും മൾട്ടിപർപ്പസായി ഉപയോഗിക്കാനാവുന്നവ തെരഞ്ഞെടുക്കാം.
●കസ്റ്റമൈസ്ഡ് ഫർണിച്ചറാണെങ്കിൽ ഡിസൈൻ, മെറ്റീരിയൽ, വലുപ്പം എന്നിവ ആലോചിച്ച് തീരുമാനിച്ച ശേഷം ഓർഡർ നൽകുകയോ പണി കഴിപ്പിക്കുകയോ ചെയ്യുക.
●ഇൗട് നിൽക്കുന്നതാണെങ്കിൽ പഴയ ഫർണിച്ചർതന്നെ മോടികൂട്ടി നവീകരിച്ച് ഉപയോഗപ്പെടുത്താനുള്ള മാർഗങ്ങൾ തേടാം. ആൻറിക് ഫർണിച്ചറായി ഇവ തിളങ്ങുകയും ചെയ്യും.
വിവരങ്ങൾക്ക് കടപ്പാട്
ഫിറോസ് ലാൽ, ബഷീർ ചെമ്പൻസ്
സ്റ്റോറീസ് ഫർണിച്ചർ, കോഴിക്കോട്
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.