കാണാൻ കൊള്ളാവുന്നൊരു വീടുവെച്ചിട്ട് മുറ്റവും ചുറ്റുപാടും അതിന് ഇണങ്ങുന്നവിധം മനോഹരമാക്കിയില്ലെങ്കിലോ. ലാൻഡ്സ്കേപ്പിങ് ഇന്ന് വെറും പരിസരം മോടിപിടിപ്പിക്കലല്ല; വീടിന് ചുറ്റുമുള്ള പ്രകൃതിയെ ഒരുക്കിയെടുത്ത് സംരക്ഷിക്കൽ കൂടിയാണ്. പ്രകൃതിയെ വീടുമായി ഇങ്ങനെ കൂട്ടിയിണക്കുമ്പോൾ മണ്ണൊലിപ്പ് തടയുകയും വെള്ളം ഭൂമിയിലേക്കിറങ്ങാൻ വഴിയൊരുക്കുകയുമൊക്കെയാണ് നാം ചെയ്യുന്നത്. മാലിന്യസംസ്കരണവും അതിലൂടെ നടക്കും.
പൂന്തോട്ടങ്ങളെക്കാൾ പച്ചപ്പുകൾക്കാണ് പുതിയകാലത്ത് ഇഷ്ടക്കാരേറെ. മതിലും ഉമ്മറമുറ്റവും കടന്ന് നടുമുറ്റവും അകത്തളവും മട്ടുപ്പാവുമെല്ലാം ലാൻഡ്സ്കേപ്പിനുള്ള ഇടങ്ങളായി. മനുഷ്യൻ പ്രകൃതിയോട് അടുക്കുന്നതിെൻറ ചുവടുപിടിച്ചാണ് ലാൻഡ്സ്കേപ്പിങ് എന്ന ആശയത്തിെൻറ ഉദയം. പച്ചപ്പ് സന്തോഷം മാത്രമല്ല, ഉന്മേഷവും പകരുമെന്നതിൽ സംശയമില്ല. വീടുനിർമാണത്തോടൊപ്പം ലാൻഡ്സ്കേപ്പിങ്ങിനും ഉദ്യാനങ്ങൾക്കുമുള്ള തയാറെടുപ്പ് നടത്താം. പ്രകൃതിസൗഹൃദവും പ്രാദേശികമായി കിട്ടുന്നതുമായ വസ്തുക്കൾ ഉപയോഗിച്ചുള്ള ലാൻഡ് സ്കേപ്പിങ്ങിെൻറ ചന്തം ഒന്ന് വേറെതന്നെയാണ്.
പാതയിൽ മൺകട്ടകൾ വിരിക്കാം
പുരയിടം ചെറുതോ വലുതോ ആകട്ടെ. അവിടത്തെ നീരൊഴുക്ക് പരിഗണിക്കണം. വീടിെൻറ പ്ലാൻ തയാറാക്കുമ്പോൾതന്നെ ഇക്കാര്യം മനസ്സിൽ വേണം. എല്ലാ വെള്ളവും ചാലുകീറി പുറത്തേക്ക് ഒഴുക്കുകയല്ല വേണ്ടത്, ഭൂമിയിലേക്ക് ഇറങ്ങാൻ അവസരം കൊടുക്കണം.
കോൺക്രീറ്റ് ഇൻറർലോക്കുകൾ വെള്ളം പുറത്തേക്ക് ഒഴുക്കിക്കളയുക മാത്രമല്ല മൂന്നു ഡിഗ്രി ചൂട് കൂട്ടുകയും ചെയ്യും. അതുകൊണ്ട് മതിൽ മുതൽ സിറ്റൗട്ട് വരെയുള്ള ഭാഗം കോൺക്രീറ്റ് ഇൻറർലോക്ക് റോഡ് വേണ്ട. പകരം തുളകളോടുകൂടിയ മൺകട്ടകൾ വിരിക്കാം.
പല വലുപ്പത്തിൽ പല കനത്തിൽ ലഭിക്കുന്ന നാച്വറൽ സ്റ്റോണുകൾ നിലത്ത് വിരിക്കുന്നതാണ് പുതുരീതി. കല്ല് വിരിക്കൽ എത്ര കുറക്കാം എന്നതാണ് പരിഗണിക്കേണ്ടത്. ചെലവ് കുറക്കാൻ അത് സഹായിക്കും. ഇടയകലം നൽകിയും ആവശ്യമുള്ളിടത്ത് മാത്രം വിരിച്ചുമാണ് ഇവയെ കൂടുതൽ പ്രകൃതിസൗഹൃദമാക്കുന്നത്. വാഹനങ്ങളുടെ ചക്രവഴിയിൽ (വീൽബേസ്) മാത്രം പാകിയാൽ മതി.
മണ്ണൊരുക്കാം...
പോട്ടിങ് മിശ്രിതം തയാറാക്കുന്നതിൽ കരുതൽ വേണം. ചെടിച്ചുവട്ടിൽ വെള്ളക്കെട്ടുണ്ടാകരുത്. ഇത് ചെടി നശിക്കാനും ചീഞ്ഞു മണക്കാനും ഇടവരുത്തും. നീർവാർച്ച ഉറപ്പാക്കണം. ചാണകപ്പൊടിയും മണ്ണും മണലും തുല്യ അളവിലെടുത്ത് തയാറാക്കുന്ന പോട്ടിങ് മിശ്രിതത്തിൽ അതേ അനുപാതത്തിൽ ചകിരിച്ചോറുകൂടി ചേർത്താൽ ഇരട്ടി പ്രയോജനമായി. നനയുടെ ഇടവേളകൾ കൂട്ടാം. കുറച്ച് വെള്ളം മതി. ആവശ്യത്തിനുള്ള ഈർപ്പം നിലനിൽക്കും. ചെടിച്ചുവട്ടിൽ വായുസഞ്ചാരം കൂടാനും നല്ലതാണ്. ഒപ്പം മണ്ണിരക്കമ്പോസ്റ്റും വേപ്പിൻപിണ്ണാക്കുംകൂടി ചേർത്താൽ മികച്ച പോട്ടിങ് മിശ്രിതമായി.
ചെടിയേതെങ്കിലും പോരാ
ലഭ്യമായ വെളിച്ചത്തിന് അനുസരിച്ച് യോജിച്ച ചെടികൾ തിരഞ്ഞെടുക്കലാണ് പ്രധാനം. കൃത്രിമ വെളിച്ചം നൽകേണ്ട ഇടങ്ങൾ ഉണ്ടെങ്കിൽ അതുകൂടി പരിഗണിക്കണം. വെയിലോ വെളിച്ചമോ കൂടുതൽ കിട്ടുന്ന സ്ഥലമാണ് പൂച്ചെടികൾക്ക് വേണ്ടത്. തണലിൽ നല്ലത് ഷേഡ് ലവിങ് ചെടികളാണ്. വീട്ടുപരിസരത്ത് ഇലച്ചെടികൾക്കാണ് പ്രാധാന്യം നൽകേണ്ടത്. ശുദ്ധവായു ലഭിക്കാൻ ഉത്തമമാർഗവും ഇതുതന്നെ. ചോലയിൽ വളരുന്ന ഇലച്ചെടികളാണ് ഇപ്പോഴത്തെ െട്രൻഡ്. ഇവയിൽ പലതും അകത്തളത്തിന് യോജിക്കും. മട്ടുപ്പാവിലും വെർട്ടിക്കൽ ഗാർഡനിലും ഇലച്ചെടികൾ യോജിക്കും. ഉണങ്ങിയ ഇലകൾ മുറിച്ചുമാറ്റൽ, അത്യാവശ്യം കൊമ്പുകോതൽ എന്നിവയൊക്കെയാണ് ഇടപ്പണികൾ. രാസവളമോ രാസകീടനാശിനികളോ ഉപയോഗിക്കരുത്.
വെയിൽവെട്ടം കൂടിയ തെക്കുഭാഗമാണ് പൂച്ചെടികൾക്കും പുൽത്തകിടികൾക്കും ഉത്തമസ്ഥാനം. വടക്കുഭാഗത്ത് ഇടമുണ്ടെങ്കിൽ മരം നടാം. അത് ഫലവൃക്ഷമാകുന്നത് ഏറെ നന്ന്. മതിലിൽ തിപ്പലി, കുരുമുളക്, വെറ്റില എന്നിവ പടർത്താം. വിളവെടുക്കുകയും ചെയ്യാം. ചട്ടികളിൽ കുറ്റിക്കുരുമുളക് പിടിപ്പിച്ചാൽ അടുക്കളയിലേക്ക് വേണ്ട കുരുമുളകും ലഭിക്കും. മട്ടുപ്പാവിൽ നടുന്ന ചെടികളുടെ വേര് പടർന്ന് വീടിന് കേടുപാടുണ്ടാകരുത്. റൂട്ട് ബാരിയർ വിരിക്കുന്നത് ഇത് തടയാൻ നല്ലതാണ്. കട്ടിയുള്ള പോളിത്തീൻ ഷീറ്റും ഈ ധർമം നിർവഹിക്കും.
മാലിന്യം സംസ്കരിച്ച് വളമാക്കാം...
മുൻഭാഗത്ത് ഗാർഡനും പിൻഭാഗത്ത് അടുക്കളത്തോട്ടവും ഒരുക്കാം. അടുക്കളത്തോട്ടത്തോടു ചേർന്ന് മാലിന്യസംസ്കരണ സംവിധാനം ഒരുക്കണം. ഇതിൽ ഉപേക്ഷ കാണിച്ചാൽ താമസിക്കുന്ന കാലം മുഴുവൻ അതിെൻറ ദുരിതം പേറേണ്ടിവരും. ഒരു ലക്ഷം ചെലവിട്ട് പൂന്തോട്ടമൊരുക്കിയാലും പതിനായിരം മുടക്കി മാലിന്യം നേരാംവണ്ണം സംസ്കരിക്കാൻ സൗകര്യം ഒരുക്കില്ല എന്നത് നമ്മുടെ പൊതുശീലമാണ്. അത് മറികടന്നേ മതിയാകൂ. ഇതിനുള്ള പല വഴികളുണ്ട്.
മാലിന്യങ്ങൾ ഉറവിടത്തിൽെവച്ചുതന്നെ പലനിറമുള്ള ബക്കറ്റുകളിൽ സംഭരിച്ച് സംസ്കരിക്കണം. അഴുകുന്ന ഭക്ഷ്യാവശിഷ്ടങ്ങൾ, പ്ലാസ്റ്റിക്, ടോക്സിക് വേസ്റ്റ്, മണ്ണിൽ ലയിച്ചുചേരുന്നവ തുടങ്ങിയവ തരംതിരിച്ച് നിക്ഷേപിച്ചാൽ സംസ്കരണവും എളുപ്പമാകും. മണ്ണിരക്കമ്പോസ്റ്റ്, പൈപ്പ് കമ്പോസ്റ്റ് എന്നിവയൊക്കെ ലളിതമാർഗങ്ങളാണ്. അതുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവരുടെ ഉപദേശനിർദേശപ്രകാരം അനുയോജ്യമായത് തിരഞ്ഞെടുക്കണം എന്നു മാത്രം. നായ്ക്കൂട്, കിളിക്കൂട്, വിറകുപുര, പുറത്തെ ബാത്റൂം തുടങ്ങി വീടിനോടു ചേർന്നുള്ള നിർമിതികളെല്ലാം ലയിച്ചുചേരുന്നതാണ് നല്ല ലാൻഡ്സ്കേപ്പിങ്. ഒന്നും ഒന്നിൽനിന്നും വേറിട്ടുനിൽക്കരുത്. മതിലുകൾ തടയണകളായതിെൻറ ദുരിതം നാം പ്രളയകാലത്ത് കണ്ടതാണ്. പകരം ചെറിയ ഫെൻസിങ് മതി. കണ്ണിവലകൾ അടക്കം യോജിച്ച പലവിധ നിർമാണസാമഗ്രികൾ ലഭ്യമാണ്. കാഴ്ചക്കും അതാണ് നല്ലത്. അതിരിൽ നടാവുന്ന ചെടികളും വള്ളിപ്പടർപ്പുകളും മതിലിെൻറ റോൾ ഭംഗിയായി നിർവഹിക്കും.
മട്ടുപ്പാവിൽ ഇലച്ചെടികൾ...
മട്ടുപ്പാവിൽ പൂക്കൾക്കല്ല, ഇലകൾക്കാണ് ശോഭിക്കാനാവുക. അവ നടുന്ന ചട്ടികളും പ്രധാനമാണ്. നിലവാരമുള്ള പ്ലാസ്റ്റിക്കുകൊണ്ടും സെറാമിക് കൊണ്ടും നിർമിച്ച വ്യത്യസ്തമായ ചട്ടികൾ വിപണിയിലുണ്ട്. മട്ടുപ്പാവിലെ വെയിൽ നോക്കി ആന്തൂറിയമോ ഓർക്കിഡോ ഒക്കെ നടാം. മിനിമലിസമാണ് പുതിയ െട്രൻഡ്. കിട്ടുന്നതെല്ലാം വാങ്ങി കുത്തിനിറക്കുന്നത് ചേരില്ലെന്ന് സാരം. ഇതിനൊക്കെ പൂർണമായും ആർക്കിടെക്ടിെൻറ
സഹായം തേടുന്നതിന് പകരം വീട്ടുകാരുടെ പങ്കാളിത്തവും താൽപര്യവും ഉൾപ്പെടുത്തിനോക്കൂ. ആസ്വദിക്കേണ്ടതും അവയെ പരിപാലിക്കേണ്ടതും വീട്ടിലുള്ളവരാകുമ്പോൾ അതിെൻറ രസതന്ത്രം വന്നല്ലേ തീരൂ.
●
(മാധ്യമം കുടുംബം മാഗസിനിൽ പ്രസിദ്ധീകരിച്ചത്)
വിവരങ്ങൾക്ക് കടപ്പാട്:
മുഹമ്മദ് ഫൈസൽ, റോക്ക് ഫ്ലവേഴ്സ്, ബാലുശ്ശേരി
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.