വിരാട് കോഹ്‌ലി-അനുഷ്ക ശർമ്മ ദമ്പതികളുടെ മുംബൈയിലെ അലിബാഗിലുള്ള വില്ലയുടെ ആദ്യ ചിത്രങ്ങൾ പുറത്ത്. വിരാടിന്റെയും അനുഷ്കയുടെയും അവധിക്കാല വസതിയാണ് ഈ ബംഗ്ലാവ്. 2020ൽ കോവിഡ് ലോക്ഡൗൺ സമയത്ത് ഇരുവരും മാസങ്ങളോളം ചെലവഴിച്ചത് ഇവിടെയാണ്. നടൻ ഋത്വിക് റോഷന്റെ മുൻഭാര്യയായ സുസെയ്ൻ ഖാന്റെ ആവാസ് ലിവിങ് ആണ് വില്ലയുടെ ഇന്റീരിയർ ഡിസൈൻ ചെയ്തിരിക്കുന്നത്.
ആവാസ് ലിവിങിന്റെ ബ്രാൻഡ് അംബാസഡർ കൂടിയാണ് കോഹ്‍ലി. ക്രിക്കറ്റ് താരത്തിന് തന്റെ വീക്കെൻഡ് ഹോമിനെക്കുറിച്ച് വ്യക്തമായ കാഴ്ചപ്പാടുണ്ടായിരുന്നതാണ് ആവാസിന്റെ കോ ഫൗണ്ടർ ആദിത്യ കിലാ ചന്ദ് പറയുന്നു. ആധുനികവും ക്ലാസിക്കലുമായ ഡിസൈനുകളുടെ സമ്മിശ്ര രൂപമാണ് വീട്ടിൽ പരീക്ഷിച്ചിരിക്കുന്നത്. കടുത്ത നിറങ്ങളൊന്നും ഉപയോഗിച്ചിട്ടില്ല. വെളുപ്പ്, സ്വർണ വർണ്ണം, നേർത്ത പച്ച എന്നിവയൊക്കെ ഇവിടെ സമൃദ്ധമായി ഉപയോഗിച്ചിട്ടുണ്ട്. 'വിരാടിന് മിന്നുന്ന തരത്തിലുള്ള ഓവർ-ദി-ടോപ്പ് അലങ്കാരം വേണ്ടായിരുന്നു'-ആദിത്യ കിലാ ചന്ദ് കൂട്ടിച്ചേർത്തു.
മാണ്ട്‌വ ജെട്ടിയിൽ നിന്ന് 10 മിനിറ്റ് മാത്രം അകലെ അലിബാഗിലെ ആവാസ് ഗ്രാമത്തിലാണ് വില്ല സ്ഥിതി ചെയ്യുന്നത്. നാല് കിടപ്പുമുറികൾ, രണ്ട് കാറുകൾ പാർക്ക് ചെയ്യാനാകുന്ന ഗാരേജുകൾ, നാല് ബാത്ത്റൂമുകൾ, ഒരു ടെറസ്, ഔട്ട്ഡോർ ഡൈനിങ്, പ്രൈവറ്റ് സ്വിമ്മിങ് പൂൾ ധാരാളം ഔട്ട്ഡോർ ഓപ്പൺ സ്പേസ് എന്നിവയാണ് വില്ലയുടെ പ്രത്യേകതകൾ.
സ്ഥലത്തിന്റെ വില 10.5 കോടിക്കും 13 കോടിക്കും ഇടയിലാണെന്നാണ് സൂചന. അനുഷ്കയും വിരാടും ചേർന്ന് 19.24 കോടി മൊത്തം വില വരുന്ന രണ്ടു വസ്തുക്കൾ അലിബാഗിൽ വാങ്ങിയതായി സെപ്റ്റംബറിൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. മുംബൈയിലെ ജുഹുവിൽ പ്രതിമാസം 2.76 ലക്ഷം രൂപയ്ക്ക് വിരാടും അനുഷ്‌കയും ഫ്‌ളാറ്റ് വാടകയ്‌ക്കെടുത്തതെന്ന് നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. 1,650 സ്ക്വയർ ഫീറ്റുള്ള ഫ്ലാറ്റിന് ഡെപ്പോസിറ്റായി 7.50 ലക്ഷം വിരാട് നൽകിയതായും റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.
വില്ല സ്ഥിതിചെയ്യുന്ന ആവാസ് പ്രോപ്പർട്ടിയിൽ വെൽനസ് സെന്റർ, ആര്യ ഹോട്ടൽസ് ആൻഡ് റിസോർട്ട്സ് നടത്തുന്ന പ്രൊഫഷണൽ ട്രീറ്റ്മെന്റ് റൂമുകൾ, വലിയ സ്വിമ്മിങ് പൂൾ, റെസ്റ്റോറന്റുകൾ, സ്പാ എന്നിവയെല്ലാമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.