ജിദ്ദ: ബുധനാഴ്ച നടന്ന കഅ്ബ കഴുകൽ ചടങ്ങ് തത്സമയം കണ്ടത് 30 കോടിയിലേറെ ആളുകൾ. ഇരുഹറം കാര്യാലയത്തിന്റെ ഓൺലൈൻ മീഡിയ സംവിധാനങ്ങളിലൂടെയാണ് ലോകത്താകമാനം ഇത്രയും ആളുകൾ കഅ്ബ കഴുകൽ ചടങ്ങിന്റെ കാഴ്ച കണ്ടത്. വാർത്ത എഡിറ്റിങ്, ഉള്ളടക്ക നിർമാണം, ഫോട്ടോഗ്രാഫി, വിഡിയോ എന്നിവയിൽ വൈദഗ്ധ്യമുള്ള ഒരു സംഘമാണ് ഈ കാഴ്ചകൾ യഥാസമയം ലോകത്ത് മുഴുവൻ എത്തിച്ചതെന്ന് കമ്യൂണിക്കേഷൻ ആൻഡ് മീഡിയ അഫയേഴ്സ് അസിസ്റ്റൻറ് അണ്ടർ സെക്രട്ടറി സുൽത്താൻ ബിൻ സഊദ് അൽ മസൂദി പറഞ്ഞു.
മീഡിയ അഫയേഴ്സിന്റെ കീഴിലുള്ള സംഘമാണ് ഇതിനായി പ്രവർത്തിച്ചത്. ഇരുഹറം കാര്യാലയത്തിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ ദൃശ്യങ്ങൾ മുഴുവൻ പ്രസിദ്ധീകരിച്ചിട്ടുണ്ടെന്നും അൽ മസൂദി വിശദീകരിച്ചു. കഅ്ബ കഴുകൽ ചടങ്ങ് പകർത്താനും മാധ്യമങ്ങൾക്ക് വാർത്തയും ഫോട്ടോകളും എത്തിക്കാനും സാധിച്ചിട്ടുണ്ട്. ഇതിലൂടെ ഇരുഹറമുകളുടെ സന്ദേശം നൽകുന്നതിനും രാജ്യത്തിന്റെയും ഭരണകൂടത്തിന്റെയും ശ്രമങ്ങളെ ഉയർത്തിക്കാട്ടുന്നതിനും അത് പ്രചരിപ്പിക്കുന്നതിനും സാധിച്ചതായും അൽമസൂദി പറഞ്ഞു.
ട്വിറ്റർ, ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം, സ്നാപ്ചാറ്റ്, ടിക് ടോക്ക് ഉൾപ്പെടെ ഇരുഹറം കാര്യാലയത്തിന്റെ മുഴുവൻ സോഷ്യൽ മീഡിയ അക്കൗണ്ടുകളിലും പ്രസിദ്ധീകരിച്ചതായി ന്യൂമീഡിയ വിങ് അസിസ്റ്റൻറ് അണ്ടർ സെക്രട്ടറി വാഇൽ അൽഅഹ്മദി പറഞ്ഞു. കഅ്ബ കഴുകൽ ചടങ്ങിൽ പങ്കെടുക്കാനും കാമറകളിൽ അത് പകർത്താനും മാധ്യമങ്ങൾക്ക് അവസരം നൽകിയിരുന്നതായി മസ്ജിദുൽ ഹറാം കമ്യൂണിക്കേഷൻ ആൻഡ് മീഡിയ കോഓഡിനേഷൻ അസിസ്റ്റൻറ് അണ്ടർ സെക്രട്ടറി മൻസൂർ ബിൻ മുഹമ്മദ് അൽ മൻസൂരി പറഞ്ഞു.
സ്ക്രീനുകൾ, റേഡിയോ പ്രക്ഷേപണം, വെബ്സൈറ്റുകൾ, പത്രങ്ങൾ, വാർത്ത ഏജൻസികൾ എന്നിവ വഴി അത് കൈമാറാൻ സാധിച്ചു. പ്രവേശന പ്രക്രിയയും ചിത്രീകരണ സ്ഥലങ്ങളും സുഗമമാക്കുന്നതിന് മീഡിയ സെൻറർ മുഖേന എല്ലാ സേവനങ്ങളും മാധ്യമങ്ങൾക്ക് നൽകിയിട്ടുണ്ടെന്ന് അൽമൻസൂരി വിശദീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.