റിയാദ്: രാജ്യത്ത് എണ്ണ കഴിഞ്ഞാൽ ഏറ്റവും വലിയ രണ്ടാമത്തെ വരുമാന സ്രോതസ്സായി ടൂറിസം മാറുമെന്ന് ടൂറിസം മന്ത്രി അഹമ്മദ് അൽ ഖത്തീബ് പറഞ്ഞു. റിയാദിൽ ടൂറിസം സംബന്ധിച്ച അന്താരാഷ്ട്ര ഉച്ചകോടിയിൽ സംസാരിക്കുകയായിരുന്നു മന്ത്രി. 2030ഓടെ മൊത്തം ആഭ്യന്തര ഉൽപാദനത്തിൽ ടൂറിസം മേഖലയുടെ സംഭാവന 10 ശതമാനമായി ഉയർത്താനാണ് സൗദി ലക്ഷ്യമിടുന്നത്.
2019ൽ ജി.ഡി.പിയിൽ മൂന്ന് ശതമാനം സംഭാവന നൽകി തുടങ്ങിയ വിനോദസഞ്ചാര മേഖല ഇന്ന് അഞ്ച് ശതമാനത്തിലെത്തി. അതേസമയം ജി.ഡി.പിയിൽ 10 ശതമാനം സംഭാവന എന്ന ലക്ഷ്യം കൈവരിക്കാൻ പരിശ്രമിക്കുകയാണെന്നും മന്ത്രി പറഞ്ഞു.
എക്കാലത്തെയും വലിയ വിമാനത്താവളമായി കണക്കാക്കപ്പെടുന്ന കിങ് സൽമാൻ എയർപോർട്ട് ഉൾപ്പെടെയുള്ള പുതിയ വിമാനത്താവളങ്ങൾ നിർമിക്കാൻ രാജ്യം പ്രവർത്തിക്കുന്നു. 2030ൽ ഇത് സജ്ജമാകുമെന്നും പ്രതിവർഷം 12 കോടി യാത്രക്കാരെ വരെ ഉൾക്കൊള്ളാൻ കഴിയുമെന്നും ടൂറിസം മന്ത്രി സൂചിപ്പിച്ചു. 2030ൽ 15 കോടി വിനോദസഞ്ചാരികളെ ആകർഷിക്കുക എന്ന ലക്ഷ്യത്തിലെത്താൻ പദ്ധതിയുണ്ട്. ഇതിനായി 2,50,000 പുതിയ ഹോട്ടൽ മുറികൾ നിർമിക്കും. ചെങ്കടലിൽ അടുത്ത വർഷം 18 റിസോർട്ടുകൾ ആരംഭിക്കാനുള്ള പ്രവർത്തനങ്ങൾ നടന്നുവരികയാണെന്നും മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.