ജനകീയ ​പ്രതിരോധ യാത്രക്ക്

മുക്കത്ത് നൽകിയ സ്വീകരണത്തിൽ

എം.വി. ഗോവിന്ദൻ

സി.പി.എം ജാഥ: ക്വട്ടേഷൻ, ഇ.പി ജയരാജൻ, ആർ.എസ്.എസ് ചർച്ച; വിവാദങ്ങളിൽ മുങ്ങി ആദ്യപാദം

തിരുവനന്തപുരം: സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍റെ ‘ജനകീയ പ്രതിരോധ ജാഥ’യിൽ തുടക്കം മുതൽ പ്രതിരോധത്തിലായി സി.പി.എം. ആദ്യത്തെ നാലുദിനം പിന്നിടുമ്പോൾ ജാഥ ഉയർത്തുന്ന കേന്ദ്രവിരുദ്ധ മുദ്രാവാക്യമോ, രാഷ്ട്രീയ ചോദ്യങ്ങളോ അല്ല, പാർട്ടിയുമായി ബന്ധപ്പെട്ട വിവാദങ്ങളാണ് ചർച്ചയായത്. എൽ.ഡി.എഫ് കൺവീനർ ഇ.പി. ജയരാജന്‍റെ വിട്ടുനിൽക്കൽ ജാഥയെ വല്ലാതെ വലക്കുന്നുണ്ട്. ഇ.പിയെ കണ്ടില്ലല്ലോയെന്ന ചോദ്യം യാത്രയിലുടനീളം ഉയരുമ്പോൾ വിശദീകരിക്കാൻ എം.വി. ഗോവിന്ദൻ പാടുപെടുകയാണ്.

ജാഥയിൽ വിട്ടുനിന്ന ഇ.പി. ജയരാജൻ വിവാദ ഇടനിലക്കാരൻ നന്ദകുമാറിന്‍റെ സ്വകാര്യ ചടങ്ങിന് കൊച്ചിയിലെത്താൻ സമയം കണ്ടെത്തിയതിന്‍റെ വിവരങ്ങൾ പുറത്തുവന്നതോടെ പാർട്ടിയിൽ തൊഴുത്തിൽകുത്ത് മറച്ചുവെക്കാൻ കഴിയാത്തനിലയാണ്. എം.വി. ഗോവിന്ദനുമായുള്ള ഉടക്ക് ഏറക്കുറെ പരസ്യമാക്കിയ ഇ.പി. ജയരാജനാകട്ടെ, ജാഥയിൽ പങ്കെടുക്കുന്ന കാര്യത്തിൽ സസ്പെൻസ് നിലനിർത്തുകയുമാണ്.

കാസർകോട്ടുനിന്ന് ജാഥ തുടങ്ങുന്ന ദിവസങ്ങളിൽ കണ്ണൂരിലെ പാർട്ടിയുമായി ബന്ധപ്പെട്ട ക്വട്ടേഷൻ സംഘങ്ങളുടെ വെല്ലുവിളിയായിരുന്നു മുഖ്യചർച്ച. ആകാശ് തില്ലങ്കേരിയും സംഘവും പാർട്ടിയെ വെല്ലുവിളിച്ചപ്പോൾ ക്വട്ടേഷൻ സംഘത്തെ തള്ളിപ്പറയുമ്പോഴും പൂർണമായി തള്ളാൻ കഴിയാത്ത നിലയിലായിരുന്നു സി.പി.എം. ജാഥ എം.വി. ഗോവിന്ദന്‍റെ സ്വന്തം ജില്ലയായ കണ്ണൂരിലെത്തിയപ്പോഴാണ് ആകാശ് തില്ലങ്കേരിയുടെ സ്വർണക്കടത്തിൽ പാർട്ടി കണ്ണൂർ ജില്ല കമ്മിറ്റിയംഗം പങ്കുപറ്റിയെന്ന വാർത്തക്ക് മറുപടി പറയേണ്ടിവന്നത്.

ആർ.എസ്.എസും മുസ്ലിം സംഘടനകളുമായി നടത്തിയ ചർച്ചയുടെ പേരിൽ ജമാഅത്തെ ഇസ്ലാമിയെ ഒറ്റപ്പെടുത്തി വിവാദം യു.ഡി.എഫിലേക്ക് തിരിച്ചുവിടാൻ നടത്തിയ നീക്കത്തിന് കിട്ടിയ തിരിച്ചടിയും സി.പി.എമ്മിന് പ്രഹരമായി. ആൾദൈവം ശ്രീഎമ്മിന്‍റെ മാധ്യസ്ഥതയിൽ പിണറായി വിജയൻ നേരിട്ട് ആർ.എസ്.എസുമായി ചർച്ചയും ശ്രീഎമ്മിന് സർക്കാർ ഭൂമി നൽകിയതും മറുവിഭാഗം ചർച്ചയാക്കിയപ്പോൾ സി.പി.എം ആഗ്രഹിക്കാത്ത കാര്യം ഒരിക്കൽക്കൂടി ചർച്ചയായത് ജാഥയുടെ മുദ്രാവാക്യം പിന്നെയും പിന്നിലാക്കി.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിൽ നടന്ന വൻ വെട്ടിപ്പിന് വിശദീകരണം നൽകാനും ജാഥയിൽ നേതാക്കൾ ഏറെനേരം ചെലവിടേണ്ടി വന്നു. ജാഥക്ക് ആളെക്കൂട്ടാൻ തൊഴിലുറപ്പ് തൊഴിലാളികളെ ഭീഷണിപ്പെടുത്തിയതും സർക്കാർ സ്കൂൾ ബസ് ഉപയോഗിച്ചതും പോലുള്ള പരാതികളും ജാഥക്ക് നേരെ ഉയർന്നതും തിരിച്ചടിയാണ്.

Tags:    
News Summary - CPM janakeeya prathirodha jatha: Quotation, EP Jayarajan, RSS Discussion; The first quarter was mired in controversies

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.