പി.എം ശ്രീയിൽ ചേർന്നില്ല; മൂന്ന് സംസ്ഥാനങ്ങളുടെ എസ്.എസ്.എ ഫണ്ട് തടഞ്ഞു

ന്യൂഡൽഹി: കേന്ദ്രാവിഷ്‌കൃത പദ്ധതിയായ പ്രധാനമന്ത്രി സ്‌കൂൾ ഫോർ റൈസിങ് ഇന്ത്യ (പി.എം ശ്രീ) പദ്ധതിയുടെ ഭാഗമാകാൻ വിമുഖത അറിയിച്ച് ഡൽഹി, പഞ്ചാബ്, പശ്ചിമ ബംഗാൾ സംസ്ഥാനങ്ങൾ. ഇതോടെ ഈ സംസ്ഥാനങ്ങൾക്ക് സമഗ്ര ശിക്ഷാ അഭിയാൻ (എസ്.എസ്.എ) പ്രകാരമുള്ള ഫണ്ട് നൽകുന്നത് കേന്ദ്ര മാനവവിഭവ ശേഷി വികസന മന്ത്രാലയം തടഞ്ഞു.

പുതിയ ദേശീയ വിദ്യാഭ്യാസ നയം (എൻ.ഇ.പി 2020) അനുസരിച്ച് 14,500 സർക്കാർ സ്‌കൂളുകൾ ‘മാതൃക’ സ്ഥാപനങ്ങളാക്കാൻ ലക്ഷ്യമിട്ട് കേന്ദ്രം ആവിഷ്‍കരിച്ച പദ്ധതിയാണ് പി.എം ശ്രീ. ഇതുപ്രകാരം കേന്ദ്രം 60 ശതമാനവും സംസ്ഥാനങ്ങൾ 40 ശതമാനവുമാണ് ഫണ്ട് ചെലവഴിക്കേണ്ടത്. പദ്ധതിയുടെ ഭാഗമാകാൻ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയവുമായി സംസ്ഥാനങ്ങൾ ധാരണാപത്രത്തിൽ ഒപ്പുവെക്കണം.

തമിഴ്നാട്, കേരളം, ഡൽഹി, പഞ്ചാബ്, പശ്ചിമ ബംഗാൾ എന്നീ അഞ്ച് സംസ്ഥാനങ്ങളാണ് ധാരണാപത്രത്തിൽ ഒപ്പുവെക്കാത്തത്. തമിഴ്നാടും കേരളവും സന്നദ്ധത അറിയിച്ചെങ്കിലും ഡൽഹി, പഞ്ചാബ്, പശ്ചിമ ബംഗാൾ എന്നിവ വിസമ്മതം അറിയിച്ചു. ഇതോടെയാണ് കേന്ദ്രം എസ്.എസ്.എ ഫണ്ട് നൽകുന്നത് നിർത്തിവെച്ചത്. മൂന്ന് സംസ്ഥാനങ്ങൾക്കും കഴിഞ്ഞ സാമ്പത്തിക വർഷത്തെ എസ്.എസ്.എ ഫണ്ടിന്റെ മൂന്നാമത്തെയും നാലാമത്തെയും ഗഡുവും ഏപ്രിൽ-ജൂൺ പാദത്തിലെ ആദ്യ ഗഡുവും കേന്ദ്രം നൽകിയിട്ടില്ല. ഡൽഹിക്ക് 330 കോടി, പഞ്ചാബിന് 515 കോടി, പശ്ചിമ ബംഗാളിന് 1,000 കോടി എന്നിങ്ങനെയാണ് നൽകാനുള്ളത്.

പി.എം ശ്രീ പദ്ധതി വഴി ബി.ജെ.പി നയം നടപ്പാക്കുന്നതിനൊപ്പം കേന്ദ്രത്തിന്റെ ബ്രാൻഡിങ്ങും ലക്ഷ്യമിടുന്നുണ്ട്. പി.എം ശ്രീ സ്‌കൂളുകളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേരും ചിത്രവും വെക്കേണ്ടി വരും. ഇതാണ് പ്രതിപക്ഷ സംസ്ഥാനങ്ങളെ പദ്ധതിയിൽ നിന്നും വിട്ടുനിൽക്കാൻ പ്രേരിപ്പിക്കുന്നത്. ‘സ്‌കൂൾ ഓഫ് എമിനൻസ്’ എന്ന പേരിൽ സമാന പദ്ധതി നേരത്തെ നടപ്പാക്കിയിട്ടുണ്ടെന്നാണ് ആം ആദ്മി പാർട്ടി ഭരിക്കുന്ന ഡൽഹി, പഞ്ചാബ് സംസ്ഥാന സർക്കാറുകൾ പറയുന്നത്. തടഞ്ഞുവെച്ച എസ്.എസ്.എ ഫണ്ട് നൽകണമെന്നാവശ്യപ്പെട്ട് പശ്ചിമ ബംഗാള്‍ വിദ്യാഭ്യാസ മന്ത്രി ബ്രത്യ ബസുവും വിദ്യാഭ്യാസ സെക്രട്ടറി മനീഷ് ജെയിനും ഡൽഹി സർക്കാറും കേന്ദ്ര സർക്കാറിന് കത്തയച്ചിട്ടുണ്ട്.

Tags:    
News Summary - Three opposition-led states refuse to join PM SHRI scheme, Centre stalls funds

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.