ഉറപ്പുനൽകി കേന്ദ്രം; എഫ്.സി.ഐയിലെ അധികസ്റ്റോക്ക് സർക്കാറിന് വാങ്ങാം

ന്യൂഡൽഹി: എഫ്.സി.ഐയുടെ കൈവശമുള്ള അരിയുടെയും ഗോതമ്പിന്‍റെയും അധികശേഖരം വാങ്ങാനാവുന്ന ഓപൺ മാർക്കറ്റ് സ്ട്രീം (ഒ.എം.എസ്.എസ്) പദ്ധതിയിൽനിന്ന് സംസ്ഥാന സർക്കാറുകളെയും സർക്കാർ ഏജൻസികളെയും ഒഴിവാക്കിയ നടപടി പുന:പരിശോധിക്കാമെന്ന് കേന്ദ്ര സർക്കാർ.

കേരളത്തിലെ ഭക്ഷ്യ പൊതുവിതരണവുമായി ബന്ധപ്പെട്ട ബുദ്ധിമുട്ടുകൾക്ക് പരിഹാരം കാണാൻ ഭക്ഷ്യമന്ത്രി ജി.ആർ. അനിൽ നടത്തിയ കൂടിക്കാഴ്ചയിലാണ് കേന്ദ്ര ഭക്ഷ്യ വകുപ്പ് മന്ത്രി പ്രഹ്ലാദ് ജോഷിയുടെ ഉറപ്പ്. കേന്ദ്ര സർക്കാറിന്‍റ നടപടി ഭക്ഷ്യകമ്മി സംസ്ഥാനമായ കേരളത്തെ ഏറെ ബാധിച്ചതായി കൂടിക്കാഴ്ചയിൽ മന്ത്രി ജി.ആർ.അനിൽ അറിയിച്ചു. നേരത്തെ എഫ്.സി.ഐയുടെ കൈവശമുള്ള അരിയുടെയും ഗോതമ്പിന്‍റെയും അധികശേഖരം ഇ-ടെൻഡറിൽ പങ്കെടുത്തുകൊണ്ട് കുറഞ്ഞ വിലക്ക് വാങ്ങാനുള്ള സൗകര്യം സർക്കാറിനും സർക്കാർ നിർദേശിക്കുന്ന ഏജൻസികൾക്കുമുണ്ടായിരുന്നു. ഇതുപ്രകാരം കേരളത്തിനായി സപ്ലൈകോയായിരുന്നു ടെൻഡറിൽ പങ്കെടുത്ത് അരിയും ഗോതമ്പും വാങ്ങിയത്.

എന്നാൽ, കഴിഞ്ഞ വർഷം അവസാനത്തോടെ ടെൻഡറിൽ പങ്കെടുക്കാനുള്ള അനുമതി സർക്കാറുകൾക്കും സർക്കാർ ഏജൻസികൾക്കും നിഷേധിക്കുകയും പകരം അധികസ്റ്റോക്ക് വാങ്ങാനുള്ള അർഹത സ്വകാര്യ ഏജൻസികൾക്കും വ്യക്തികൾക്കും മാത്രമായി നിശ്ചയിക്കുകയുമായിരുന്നു. ഇതോടെ കേരളത്തിൽ അരിയുടെയും ഗോതമ്പിന്‍റെയും വില വർധിക്കുകയും ചെയ്തു. ഓപൺ മാർക്കറ്റ് സെയിൽസ് സ്‌കീമിൽ പങ്കെടുക്കുന്നതിന് കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയ വിലക്ക് പിൻവലിക്കണമെന്ന് നിരന്തരം കേരളം കേന്ദ്രത്തോട് ആവശ്യപ്പെട്ടെങ്കിലും ചെവിക്കൊണ്ടിരുന്നില്ല.

എന്നാൽ, കഴിഞ്ഞ ദിവസത്തെ ചർച്ചയിൽ വിലക്ക് മാറ്റുമെന്ന് കേന്ദ്രസർക്കാർ ഉറപ്പുനൽകിയതായി ഭക്ഷ്യമന്ത്രി ജി.ആർ.അനിൽ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ഇതിന് പുറമെ കേരളത്തിനുള്ള ടൈഡ് ഓവർ അരിയുടെ വിതരണത്തിൽ നിലവിലുള്ള പ്രതിമാസ പരിധി ത്രൈമാസ പരിധി ആക്കുന്നതിന് നടപടി സ്വീകരിക്കാമെന്ന് പ്രഹ്ളാദ് ജോഷി ഉറപ്പുനൽകി. ആവശ്യമുള്ള അരിയുടെ 15 ശതമാനം മാത്രമാണ് കേരളത്തിൽ ഉൽപാദിപ്പിക്കുന്നത്. നിയന്ത്രണം ഒഴിവാക്കിയാൽ ഓണം, ക്രിസ്മസ് തുടങ്ങിയ അവസരങ്ങളിൽ കാർഡുടമകൾക്ക് കൂടുതൽ അരി വിതരണം നടത്താൻ കഴിയുമെന്നും മന്ത്രി അറിയിച്ചതോടെയാണ് പ്രതിമാസ പരിധി ത്രൈമാസ പരിധി ആയി ഉയർത്തുന്നതിന് നടപടി സ്വീകരിക്കാമെന്ന് കേന്ദ്രം ഉറപ്പുനൽകിയത്.

Tags:    
News Summary - Assurance Centre; Govt to buy excess stock in FCI

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.