ഷാർജ: അനുദിനം കരുത്താർജിക്കുന്ന ഇന്തോ-അറബ് ഐക്യത്തിന് ഗതിവേഗം പകർന്ന് 'ഗൾഫ് മാധ്യമം കമോൺ കേരള' നാലാം എഡിഷന് കൊടിയേറി. അറബ് ലോകത്തിന്‍റെ സാംസ്കാരിക തലസ്ഥാനമായ ഷാർജ എക്പോ സെന്‍ററിൽ നടന്ന വർണാഭമായ ചടങ്ങിൽ ഷാർജ ചേംബർ ഓഫ് കോമേഴ്സ് ഡെപ്യൂട്ടി ചെയർമാൻ ശൈഖ് മാജിദ് ബിൻ ഫൈസൽ ബിൻ ഖാലിദ് അൽ ഖാസിമി ഉദ്ഘാടനം നിർവഹിച്ചു. യു.എ.ഇ സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ രക്ഷാകർതൃത്വത്തിൽ ജൂൺ 26 വരെയാണ് മിഡ്ൽ ഈസ്റ്റിലെ ഏറ്റവും വലിയ ഇന്ത്യൻ വാണിജ്യ, വിനോദ, സാംസ്കാരിക മേളയായ കമോൺ കേരള നടക്കുന്നത്.
ഗൾഫ് മാധ്യമം ചീഫ് എഡിറ്റർ വി.കെ. ഹംസ അബ്ബാസ് സ്വാഗതം പറഞ്ഞു. സാംസ്കാരികമായി സമ്പന്നമായ രണ്ട് രാജ്യങ്ങളുടെയും സംഗമമാണ് കമോൺ കേരളയെന്ന് അദ്ദേഹം പറഞ്ഞു. യു.എ.ഇ ഭരണകൂടത്തിന്‍റെയും ജനതയുടെയും ആശിർവാദവും വിശാലമനസ്കതയും ഇല്ലായിരുന്നെങ്കിൽ ഗൾഫ് മാധ്യമത്തിന് ഇത്രയേറെ ഉയർച്ചയിൽ എത്താൻ കഴിയുമായിരുന്നില്ല. ആ ചേർത്തുപിടിക്കലിന് ഈ മഹദ്വേദിയിൽ നന്ദി അർപ്പിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
ദുബൈ ഇന്ത്യൻ കോൺസുലേറ്റിലെ കോൺസുൽ ഉത്തംസിങ്, ഇംപെക്സ് മാനേജിങ് ഡയറക്ടർ സി. നുവൈസ്, ഹോട്പാക്ക് ഗ്ലോബൽ ഓപറേഷൻ ഡെപ്യൂട്ടി ജനറൽ മാനേജർ മുജീബ് റഹ്മാൻ, വൺ ഇൻഫ്ര മാനേജിങ് ഡയറക്ടർ ഷഫീഖ് മംഗലത്ത്, ടാൾറോപ്പ് സി.ഇ.ഒയും സഹസ്ഥാപകനുമായ സഫീർ നജ്മുദ്ദീൻ, അരാദ സി.എഫ്.ഒ ഷിമ്മി മാത്യു, കോസ്മോ ട്രാവൽസ് സി.ഇ.ഒ ജമാൽ അബ്ദുന്നാസർ, ന്യൂട്രിഡോർ അബീവിയ ജനറൽ മാനേജർ അൻകിത് ദുബെ, ഫെഡറൽ ബാങ്ക് ചീഫ് റപ്രസന്‍റേറ്റിവ് അരവിന്ദ് കാർത്തികേയൻ, മീഡിയവൺ വൈസ് ചെയർമാൻ പി. മുജീബ് റഹ്മാൻ, ഐഡിയൽ പബ്ലിക്കേഷൻസ് ട്രസ്റ്റ് സെക്രട്ടറി ടി.കെ. ഫാറൂഖ്, മാധ്യമം സി.ഇ.ഒ പി.എം. സാലിഹ്, ഗൾഫ് മാധ്യമം-മീഡിയവൺ മിഡിൽ ഈസ്റ്റ് ഡയറക്ടർ സലീം അമ്പലൻ, ഗൾഫ് മാധ്യമം-മീഡിയവൺ എക്സിക്യൂട്ടീവ് കമ്മിറ്റി വൈസ് ചെയർമാൻ ഡോ. അബ്ദുസ്സലാം ഒലയാട്ട്, മീഡിയവൺ ഡയറക്ടർ അബു അബ്ദുല്ല, കമോൺ കേരള സി.ഇ.ഒ അമീർ സവാദ് തുടങ്ങിയവർ പങ്കെടുത്തു.
ആദ്യദിനത്തിൽ ബിസിനസ് മേഖലയിലെ പുതുചലനങ്ങൾ ചർച്ച ചെയ്ത ബിസിനസ് കോൺക്ലേവ് നടന്നു. ബിസിനസ് രംഗത്ത് കഴിവുതെളിയിച്ചവർക്കുള്ള പുരസ്കാരം വിതരണം ചെയ്തു. ഹിഷാം അബ്ദുൽ വഹാബ്, അക്ബർ ഖാൻ, യുംന അജിൽ തുടങ്ങിയവർ നേതൃത്വം നൽകിയ സംഗീത നിശയും അരങ്ങേറി. രണ്ടാം ദിനമായ ശനിയാഴ്ച മലയാളികളുടെ പ്രിയതാരം മഞ്ജു വാര്യർ മുഖ്യാതിഥിയായി വേദിയിലെത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.