ഭോപ്പാല്‍: ദാമ്പത്യജീവിതം രക്ഷിക്കുക എന്ന ഉദ്ദേശത്തോടെ ഭാര്യ ക്ഷമയും മൗനവും പാലിച്ചാൽ അത് അവളുടെ ദൗർബല്യമാണെന്ന് പറയാനാവില്ലെന്ന് മധ്യപ്രദേശ് ഹൈകോടതി. അത് വൈവാഹിക ജീവിതത്തോടുള്ള അവളുടെ ആത്മാർത്ഥതയാണെന്നും കോടതി വ്യക്തമാക്കി. ഭാര്യ നല്‍കിയ പരാതിയെ ചോദ്യം ചെയ്തുകൊണ്ട് ഭര്‍ത്താവും ബന്ധുക്കളും സമര്‍പ്പിച്ച ഹരജി തള്ളിക്കൊണ്ടാണ് സിംഗിള്‍ ബെഞ്ചിന്റെ പരാമര്‍ശം.
2015ലാണ് ഇവർ തമ്മിലുള്ള വിവാഹം നടന്നത്. 11 ലക്ഷം രൂപയും വീട്ടുപകരണങ്ങളും യുവതിയുടെ പിതാവ് സ്ത്രീധനമായി നൽകിയിരുന്നു. എന്നാല്‍ മകളുടെ ജനനത്തിന് ശേഷം സ്ത്രീധനമായി അഞ്ച് ലക്ഷം രൂപ കൂടി ഭര്‍ത്താവും വീട്ടുകാരും ആവശ്യപ്പെട്ടുവെന്നും അത് നല്‍കാന്‍ കഴിയില്ലെന്ന് അറിയിച്ചപ്പോള്‍ തന്നെ ശാരീരികവും മാനസികവുമായ പീഡനത്തിന് ഇരയാക്കിയെന്നും യുവതി പരാതിയില്‍ വ്യക്തമാക്കി. അനുരഞ്ജനത്തിനുള്ള എല്ലാ ശ്രമങ്ങളും പരാജയപ്പെട്ടതിനെത്തുടര്‍ന്നാണ് ഭര്‍ത്താവിനെതിരെ പരാതിപ്പെടാന്‍ തയ്യാറായതെന്നും യുവതി പറയുന്നു.
അനുരഞ്ജനം സാധ്യമല്ലാത്ത ഘട്ടത്തിലാണ് ഭര്‍തൃവീട്ടുകാരെന്ന് ബോധ്യപ്പെട്ടാല്‍ തനിക്ക് നേരിട്ട ക്രൂരതയെക്കുറിച്ച് ഭാര്യക്ക് പരാതി നല്‍കാം. അങ്ങനെ പരാതി നല്‍കുമ്പോള്‍ ഭര്‍ത്താവ് നല്‍കിയ വിവാഹമോചന ഹരജിക്ക് പകരംവീട്ടലാണെന്ന് പറയാനാകില്ലെന്നും ബെഞ്ച് കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ഭാര്യ ഉന്നയിച്ചിരിക്കുന്ന ആരോപണങ്ങളുടെ അടിസ്ഥാനത്തില്‍ ഭര്‍ത്താവിനേയും വീട്ടുകാരേയും വിചാരണ ചെയ്യേണ്ടതുണ്ടെന്നും കോടതി അഭിപ്രായപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.