ദുബൈ: വളർത്തുനായ്ക്കളുടെ ആക്രമണത്തിൽ പരിക്കേൽക്കുന്ന സംഭവങ്ങൾ ആവർത്തിക്കുന്ന സാഹചര്യത്തിൽ ഉടമകൾ കൂടുതൽ ജാഗ്രത കാണിക്കണമെന്ന് ആരോഗ്യരംഗത്ത് പ്രവർത്തിക്കുന്നവർ. ഓരോ മാസവും നിരവധി പേർ നായ്ക്കളുടെ ആക്രമണത്തിനിരയായി ആശുപത്രികളിൽ എത്തുന്ന സാഹചര്യത്തിലാണ് ശ്രദ്ധവേണമെന്ന് നിർദേശിക്കപ്പെടുന്നത്.
രാജ്യത്ത് 17 ആശുപത്രികൾ നിയന്ത്രിക്കുന്ന എമിറേറ്റ്സ് ഹെൽത്ത് സർവിസസ് പങ്കുവെച്ച റിപ്പോർട്ട് അനുസരിച്ച് ഓരോ മാസവും 50 മുതൽ 70 വരെ ആളുകൾ വളർത്തുനായ്ക്കളുടെ ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സതേടുന്നുണ്ട്. രാജ്യത്തെ എല്ലാ ആശുപത്രികളുടെ കണക്കും ഒരുമിച്ചു വരുമ്പോൾ ഇത് വലിയ എണ്ണമാകും. ഈ സാഹചര്യത്തിൽ മൃഗങ്ങളുടെ ഉടമകൾ കൂടുതൽ ശ്രദ്ധിക്കണമെന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്.
അശ്രദ്ധമായി കൈകാര്യം ചെയ്യുന്നതാണ് നായ്ക്കൾ ചുറ്റുമുള്ളവരെ ആക്രമിക്കാൻ കാരണമാകുന്നതെന്നാണ് വിലയിരുത്തപ്പെടുന്നത്. ഉടമകളുടെ അശ്രദ്ധമൂലം നായ്ക്കൾ ആക്രമിച്ചാൽ ശക്തമായ നടപടി നേരിടേണ്ടിവരും. ഇത്തരത്തിൽ ദുബൈ കോടതി പരിഗണിച്ച ഒരു കേസിൽ ഉടമയായ ചൈനീസ് ബിസിനസുകാരനെ നാടുകടത്താൻ ഉത്തരവിട്ടിരുന്നു.
കഴിഞ്ഞവർഷം ഡിസംബറിലാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. കേസ് പരിഗണിച്ച കോടതി ഉടമയുടെ അശ്രദ്ധയാണ് സംഭവത്തിന് കാരണമായതെന്ന് കണ്ടെത്തുകയായിരുന്നു. സംഭവത്തിൽ 12കാരനായ ഇമാറാത്തി കുട്ടിക്കാണ് പരിക്കേറ്റത്. ഫുജൈറ ബീച്ചിൽ കുടുംബത്തെ നായ് ആക്രമിച്ച സംഭവത്തിലും സമീപകാലത്ത് ഉടമകൾക്കെതിരെ നടപടി സ്വീകരിച്ചിരുന്നു. കേസിൽ ഇവർക്ക് പിഴ ശിക്ഷയാണ് ലഭിച്ചത്.
നായ്ക്കളുടെ ആക്രമണസ്വഭാവം നിസ്സാരമായി കാണരുതെന്നും ഈ രംഗത്തെ വിദഗ്ധർ നിർദേശിക്കുന്നു. നായ്ക്കളിൽ അസ്വാസ്ഥ്യത്തിന്റെയോ സമ്മർദത്തിന്റെയോ സൂചനകളുണ്ടായാൽ ഉടമകൾ ജാഗ്രത കാണിക്കണം. മൂക്ക് അല്ലെങ്കിൽ ചുണ്ടുകൾ നക്കുക, കൈ ഉയർത്തുക, അലറുക, തല തിരിക്കുക, വളഞ്ഞുകൊണ്ട് നടക്കുക എന്നിവയും ആക്രമണസ്വഭാവത്തിന്റെ ആദ്യഘട്ട മുന്നറിയിപ്പ് അടയാളങ്ങളിൽ ഉൾപ്പെടുന്നതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.