അല്ലു അർജുനെതിരെ പ്രതിഷേധം; മക്കളെ വീട്ടിൽ നിന്ന് മറ്റൊരു സ്ഥലത്തേക്ക് മാറ്റിയതായി റിപ്പോർട്ട്

അല്ലു അർജുന്റെ വീടിന് നേരെയുണ്ടായ കല്ലേറിനെ തുടർന്ന് മക്കളായ അര്‍ഹയേയും അയാനേയും നടൻ മറ്റൊരു സ്ഥലത്തേക്ക് മറ്റിയതായി റിപ്പോർട്ട്. ഏതാനും കുടുംബാംഗങ്ങൾക്കൊപ്പമാണ് കുഞ്ഞുങ്ങളെ അയച്ചിരിക്കുന്നത്. അല്ലുവിന്റെ വീട്ടിൽ നിന്ന് കുട്ടികളുമായി കാറ് പോകുന്നതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ ഇടംപിടിച്ചിട്ടുണ്ട്.

ഇന്നലെ വൈകിട്ടാണ് അ​ർ​ജു​ന്‍റെ ജൂ​ബി​ലി ഹി​ൽ​സി​ലെ വീ​ടി​നു നേ​രെ ആക്രമണം ഉണ്ടായത്. വീട്ടിലേക്ക് അതിക്രമിച്ചു കയറി കല്ലും തക്കാളിയും എറിയുകയായിരുന്നു. ചെടിച്ചടികൾ തല്ലിപ്പൊട്ടിക്കുകയും ചെയ്തു.സുരക്ഷ ജീവനക്കാർക്ക് പരിക്കേറ്റിട്ടുണ്ട്. സംഭവത്തിൽ എട്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.

അതേസമയം അല്ലു അർജുന്റെ വീടിന് നേരെയുണ്ടായ ആക്രമണത്തിൽ പ്രതികരിച്ച് പിതാവും പ്രശസ്ത സിനിമാ നിർമ്മാതാവുമായ അല്ലു അരവിന്ദ് രംഗത്തെത്തിയിരുന്നു.ഞങ്ങളുടെ വീട്ടിൽ നടന്നത് എല്ലാവരും കണ്ടതാണ്. ഒന്നിനോടും പ്രതികരിക്കാനുള്ള സമയമല്ല ഇപ്പോഴുള്ളത്. സംഭവത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ട്.ഇത്തരം സംഭവങ്ങളെ ആരും പ്രോത്സാഹിപ്പിക്കരുത്. ഇപ്പോൾ സംയമനം പാലിക്കേണ്ട സമയമാണ്. നിയമം അതിന്‍റെ വഴിക്ക് പോകും- അല്ലു അരവിന്ദ് മാധ്യമങ്ങളോട് പറഞ്ഞു.

ഡിസംബര്‍ നാലിന് ഹൈദരാബാദിലെ സന്ധ്യാ തിയേറ്ററിലുണ്ടായ തിക്കിലും തിരക്കിലുമാണ് സ്ത്രീ മരിച്ചത്. പുഷ്പ 2ന്‍റെ പ്രചാരണത്തിനിടെയായിരുന്നു അപകടം. ജനക്കൂട്ടത്തെ നിയന്ത്രിക്കാനുള്ള യാതൊരുവിധ മുന്‍കരുതലും തിയറ്ററിന്റെ ഭാഗത്തു നിന്നുണ്ടായില്ലെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു. ദിൽഷുക്നഗർ സ്വദേശിനി രേവതി (35) ആണ് മരിച്ചത്. ഇവരുടെ ഒമ്പത് വയസുകാരനായ മകന്‍ ശ്രീതേജ് ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിലാണ്.

യുവതി മരിച്ച സംഭവത്തില്‍ അല്ലു അര്‍ജുനെ പൊലീസ് അറസ്റ്റ് ചെയ്തതിരുന്നു. ഹൈദരാബാദിലെ ജൂബിലി ഹില്‍സിലെ വസതിയിലെത്തിയാണ് പോലീസ് അല്ലുവിനെ അറസ്റ്റ് ചെയ്തത്.കേസില്‍ മജിസ്‌ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്ത അല്ലു അര്‍ജുന് പിന്നീട് തെലങ്കാന ഹൈക്കോടതി ഇടക്കാലജാമ്യം അനുവദിച്ചെങ്കിലും ജാമ്യ ഉത്തരവ് കിട്ടാന്‍ വൈകിയതിനാല്‍ നടന് ഒരുരാത്രി ജയിലില്‍ കഴിയേണ്ടിവന്നിരുന്നു. ശനിയാഴ്ച രാവിലെയാണ് നടൻ ജയില്‍മോചിതനായത്.


Tags:    
News Summary - Allu Arjun's kids moved to secure location after stone pelting at Hyderabad home

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.