റിയാദ്: മൂന്നര വർഷത്തെ ഇടവേളക്ക് ശേഷം ഖത്തർ എയർവേസ് വിമാനങ്ങൾ വീണ്ടും സൗദി അറേബ്യയുടെ വ്യോമ പാത ഉപയോഗിക്കാൻ ആരംഭിച്ചു. ആദ്യ വിമാനം വ്യാഴാഴ്ച രാത്രി സൗദിക്ക് മുകളിലൂടെ ദക്ഷിണാഫ്രിക്കയിലെ ജോഹനാസ് ബർഗിലേക്ക് പറന്നു. ഖത്തർ സമയം രാത്രി 8.45 ദോഹയിലെ ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്ന ക്യൂ.ആർ 1365 വിമാനം ഏതാനും സമയത്തിനുള്ളിൽ ജിദ്ദ നഗരത്തിന് മുകളിലൂടെ കടന്നുപോയി. ആഫ്രിക്കൻ പ്രാദേശിക സമയം പുലർച്ചെ 4.35ന് അത് ജോഹനാസ് ബർഗ് വിമാനത്താവളത്തിലിറങ്ങും.
തങ്ങളുടെ നിരവധി വിമാനങ്ങൾ സൗദി വ്യോമപാതയിലൂടെ വഴിതിരിച്ചുവിടുമെന്നും അതിനുള്ള ഷെഡ്യൂളുകൾ പൂർത്തിയായെന്നും ഖത്തർ എയർവേയ്സ് അധികൃതർ ട്വീറ്റ് ചെയ്തു. 2017 ജൂണിൽ അവസാനിച്ച ഖത്തറുമായുള്ള സൗദി അറേബ്യ, ഇൗജിപ്ത്, ബഹ് റൈൻ, യു.എ.ഇ എന്നീ രാജ്യങ്ങളുടെ നയതന്ത്ര ബന്ധം ഇക്കഴിഞ്ഞ ചൊവ്വാഴ്ച വടക്കുപടിഞ്ഞാറൻ സൗദിയിലെ അൽഉലയിൽ നടന്ന ജി.സി.സി ഉച്ചകോടിയിലാണ് പുനസ്ഥാപിച്ചത്. ഇൗ രാജ്യങ്ങളെല്ലാം കടൽ, കര, വ്യോമ അതിർത്തികൾ അടച്ച് ഖത്തറിന് പൂർണ ഉപരോധം ഏർപ്പെടുത്തിയിരിക്കുകയായിരുന്നു.
അൽഉല ഉച്ചകോടിയിൽ ഒപ്പുവെച്ച കരാർ പ്രകാരം ഇൗ രാജ്യങ്ങളെല്ലാം ഖത്തറുമായുള്ള ഉപരോധം അവസാനിപ്പിച്ചു. ഇതോടെ ഖത്തറുമായി നയതന്ത്ര ബന്ധം ശക്തമാക്കാനുള്ള നടപടി സൗദി അറേബ്യ ത്വരിതപ്പെടുത്തി. ഉച്ചകോടിയുടെ തലേന്ന് രാത്രിയിൽ തന്നെ ഇരു രാജ്യങ്ങളുടെയും കര, കടൽ, വ്യോമ അതിർത്തികൾ തുറക്കാൻ തീരുമാനിച്ചിരുന്നു. അതിൻപ്രകാരം കര അതിർത്തിയായ സൽവയിലെ ചെക്ക് പോയിൻറ് തുറക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുന്നു.
ഇവിടെ റോഡിന് കുറുകെ സ്ഥാപിച്ചിരുന്ന കോൺഗ്രീറ്റ് ബാരിക്കേഡുകൾ എടുത്തുമാറ്റി. കസ്റ്റംസ്, ഇമിഗ്രേഷൻ, ആരോഗ്യവകുപ്പ് എന്നിവയുടെ ചെക്ക് പോയിൻറ് ഒാഫീസുകൾ പ്രവർത്തനസജ്ജമായിരിക്കുകയാണ്. അതിർത്തി പൂർണമായും തുറന്ന് ഉടൻ ഗതാഗതം പുനരാരംഭിക്കുമെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
സൗദി വ്യോമപാത ഉപയോഗിക്കാൻ ആരംഭിച്ചതിന് പിന്നാലെ ഖത്തർ എയർവേയ്സിെൻറ വിമാനങ്ങൾ സൗദിയിലേക്കുള്ള സർവിസുകൾ പുനഃസ്ഥാപിക്കുന്നതിനുള്ള നടപടികളും ആരംഭിച്ചതായും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇതിനുള്ള നടപടികളും ഇരു ഭാഗത്തും തുടങ്ങിയിട്ടുണ്ട്. അടുത്ത ദിവസം തന്നെ ഖത്തർ എയർവേസ് വിമാനങ്ങൾ സൗദി വിമാനത്താവളങ്ങളിൽ എത്തും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.