ജിദ്ദ: രാജ്യത്തെ പൗരന്മാരുടെയും വിദേശികളുടെയും ആരോഗ്യ സംരക്ഷണത്തിനും കോവിഡിനെ തുടർന്നുണ്ടായ സാമ്പത്തിക പ്രത്യാഘാതം ലഘൂകരിക്കലിനും മുൻഗണന നൽകി സൗദി അറേബ്യയുടെ പുതിയ ബജറ്റ്. 849 ശതകോടി റിയാൽ വരവും 990 ശതകോടി റിയാൽ ചെലവും 141 ശതകോടി റിയാൽ കമ്മിയും പ്രതീക്ഷിക്കുന്ന 2021 സാമ്പത്തിക വർഷത്തെ ബജറ്റിന് സൽമാൻ രാജാവിെൻറ അധ്യക്ഷതയിൽ ചൊവ്വാഴ്ച രാത്രി ചേർന്ന മന്ത്രിസഭാ യോഗം അംഗീകാരം നൽകി.
ദൈവത്തിെൻറ സഹായത്തോടെ രാജ്യത്തിെൻറ വികസനത്തിനും അഭിവൃദ്ധിക്കും വേണ്ടിയുള്ള പ്രവർത്തന പദ്ധതികൾക്ക് ഉറച്ച പിന്തുണ നൽകുന്ന ബജറ്റാണ് പ്രഖ്യാപിക്കുന്നതെന്ന് രാജാവ് അധ്യക്ഷ പ്രസംഗത്തിൽ പറഞ്ഞു. ആഗോള സമ്പദ് വ്യവസ്ഥയെ പ്രതികൂലമായി ബാധിച്ച കോവിഡ് എന്ന മഹാമാരിയിലൂടെയാണ് ലോകം കടന്നുപോയതെന്ന് രാജാവ് തുടർന്നു പറഞ്ഞു. കോവിഡിനെതിരെ അസാധാരണമായ പ്രതിരോധ നടപടികൾ നാം സ്വീകരിച്ചു.
കോവിഡ് ബാധിച്ച എല്ലാ പൗരന്മാർക്കും വിദേശികൾക്കും നിയമലംഘകരായി രാജ്യത്ത് കഴിയുന്നവർക്കും സൗജന്യ ചികിത്സ നൽകാൻ നമുക്ക് കഴിഞ്ഞു. പൊതു, സ്വകാര്യ ആരോഗ്യ മേഖലയിലെ സ്വദേശികളും വിദേശികളുമായ ജോലിക്കാരിൽ കോവിഡ് മൂലം മരിച്ചവരുടെ ആശ്രിതർക്ക് അഞ്ച് ലക്ഷം റിയാൽ നൽകാൻ തീരുമാനിച്ചു. ആഗോള സംഭവവികാസങ്ങളും അവസ്ഥകളും പ്രതിഫലിക്കുന്ന ലോകത്തിെൻറ ഒരു ഭാഗം തന്നെയാണ് സൗദി അറേബ്യയും. അതിനാൽ പൊതുധന കാര്യത്തിലും സമ്പദ് വ്യവസ്ഥയിലുമുണ്ടായ പ്രതിസന്ധിയിൽ നിന്ന് സൗദിക്കും വിടുതലുണ്ടായില്ല.
പ്രാദേശിക സാമ്പത്തിക പ്രവർത്തനങ്ങളെ കോവിഡ് ബാധിച്ചു. ആഗോള സാമ്പത്തിക മാന്ദ്യത്തെ തുടർന്നുണ്ടായ പ്രതികൂല ഫലങ്ങളും എണ്ണ വിലയിൽ കുത്തനെ ഇടിവുണ്ടായതും സാമ്പത്തിക മേഖലയെ ബാധിച്ചുവെന്നും സൽമാൻ രാജാവ് പറഞ്ഞു. ലോക ചരിത്രത്തിൽ ഇൗ വർഷം ഏറെ പ്രയാസം നിറഞ്ഞതാണ്. നാം കൈകൊണ്ട ആരോഗ്യ മുൻകരുതൽ നടപടികളും സാമ്പത്തിക സംരംഭങ്ങളും പരിഷ്കാരങ്ങളും മൂലം സാമ്പത്തിക പ്രതിസന്ധിയെ ലഘൂകരിക്കാൻ രാജ്യത്തിന് സാധിച്ചു. ഇതെല്ലാം ദൈവത്തിെൻറ കൃപയാലാണ്. അതോടൊപ്പം രാജ്യ നിവാസികളുടെ പരസ്പരം സഹകരിച്ചുള്ള പ്രവർത്തനങ്ങളും സഹായമായിട്ടുണ്ട്. മഹാമാരിയെ നേരിടുന്നതിലും അതിെൻറ ഭാരങ്ങൾ വഹിക്കുന്നതിലും നന്നായി പങ്കുവഹിച്ചവർക്ക് ഇൗ സന്ദർഭത്തിൽ നന്ദി രേഖപ്പെടുത്തുന്നു.
സാമ്പത്തിക വളർച്ചയെ ഉത്തേജിപ്പിക്കുന്നതിനും സേവനങ്ങൾ വികസിപ്പിക്കുന്നതിനും സ്വകാര്യമേഖലയെ പിന്തുണക്കുന്നതിനും പൗരന്മാരുടെ ജോലി സംരക്ഷിക്കുന്നതിനുള്ള നിരന്തരമായ പ്രവർത്തനങ്ങൾ തുടരും. ഭവന പദ്ധതികൾ, പൗരന്മാർക്ക് കൂടുതൽ തൊഴിലവസരങ്ങൾ നൽകുന്ന വികസന പദ്ധതികൾ എന്നിവ നടപ്പാക്കും. അതോടൊപ്പം ഗവൺമെൻറ് ചെലവുകളുടെ കാര്യക്ഷമത വർധിപ്പിക്കും. സാമൂഹിക പരിരക്ഷയിൽ ശ്രദ്ധ കേന്ദ്രീകരിക്കും. അഴിമതി ഇല്ലാതാക്കും. ബജറ്റ് പദ്ധതികളും പരിപാടികളും ഫലപ്രദമായി നടപ്പാക്കുന്നതിനും ഉൗന്നൽ നൽകുമെന്നും സൽമാൻ രാജാവ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.