ഇന്ത്യന്‍ സ്കൂള്‍ പൊതുയോഗം പ്രതിപക്ഷം ബഹിഷ്കരിച്ചു;  ഫീസ് വര്‍ധിപ്പിക്കാന്‍ തീരുമാനം

മനാമ: ഇന്ത്യന്‍ സ്കൂള്‍ വാര്‍ഷിക പൊതുയോഗം പ്രതിപക്ഷവും ഭരണപക്ഷവും തമ്മിലുള്ള അഭിപ്രായ വിത്യാസങ്ങളെ തുടര്‍ന്ന് ആദ്യമണിക്കൂറുകളില്‍ അലങ്കോലമായി. പിന്നീട് പ്രതിപക്ഷം പൊതുയോഗം ബഹിഷ്കരിച്ച ശേഷമാണ് യോഗം തുടര്‍ന്നത്. അഞ്ചുദിനാര്‍ ഫീസ് വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചതാണ് പൊതുയോഗത്തിലെ സുപ്രധാന തീരുമാനം. ഇത് വഞ്ചനയാണെന്ന് പ്രതിപക്ഷം ആരോപിച്ചു. എന്നാല്‍ സ്കൂളിന്‍െറ സാമ്പത്തിക പ്രതിസന്ധി മറികടക്കാനുള്ള പോംവഴിയെന്ന നിലയില്‍ രക്ഷിതാക്കള്‍ ഏകകണ്ഠമായാണ് ഫീസ് വര്‍ധന അംഗീകരിച്ചതെന്ന് ഭരണസമിതി അവകാശപ്പെട്ടു. 
പൊതുയോഗം ആരംഭിച്ചപ്പോള്‍ 25 രക്ഷിതാക്കള്‍ മാത്രമാണുണ്ടായിരുന്നത്. ക്വാറം തികയാത്തതു മൂലം അരമണിക്കൂര്‍ സമയത്തേക്ക് പിരിഞ്ഞതിനു ശേഷം വീണ്ടും ചേരുകയായിരുന്നു. 
യോഗം തുടങ്ങിയപ്പോള്‍ തന്നെ പ്രതിപക്ഷം ശ്രദ്ധക്ഷണിക്കല്‍ പ്രമേയത്തിന്  അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് സ്റ്റേജിലേക്ക് തള്ളിക്കയറി. ഇതിനിടെ ചെയര്‍മാന് പിന്തുണയുമായി ഭരണപക്ഷ അനുകൂലികളും രംഗത്തുവന്നതോടെ ബഹളം  മൂര്‍ഛിച്ചു. ഭരണസമിതിയെ പിന്തുണക്കുന്ന കേരളീയ സമാജം കേന്ദ്രീകരിച്ചുള്ള ഗ്രൂപ്പാണ് പ്രതിപക്ഷം ഉയര്‍ത്തുന്ന വെല്ലുവിളി ചെറുക്കാന്‍ സംഘടിതമായി എത്തിയത്. ബഹളത്തിനിടെ, പ്രമേയ അവതരണത്തിന് അനുമതി നല്‍കി.  തുടര്‍ച്ചാഅംഗത്തിന്‍െറ  നിയമനം നടത്താതെ യോഗനടപടികള്‍  തുടരുന്നതിനെതിരെ അവതരിപ്പിച്ച പ്രമേയം  ചെയര്‍മാന്‍ തള്ളി. തുടര്‍ച്ചാ അംഗത്തിനെ തെരഞ്ഞെടുക്കേണ്ടത് മുന്‍  കമ്മറ്റിയും അത് അംഗീകരിക്കേണ്ടത് മന്ത്രാലയവുമാണ്. വേണമെങ്കില്‍ നിയമിക്കാം എന്നല്ലാതെ ഇത് നിര്‍ബന്ധമുള്ള കാര്യമല്ളെന്ന് ഭരണഘടന ഉദ്ധരിച്ച് ചെയര്‍മാന്‍ പ്രസ്താവിച്ചു. ഇതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം യോഗത്തില്‍ നിന്നും ഇറങ്ങിപ്പോയി. തുടര്‍ന്ന് യോഗം വൈകീട്ട് നാലര വരെ നീണ്ടു. മൊത്തം 300ല്‍ പരം പേരാണ് യോഗത്തില്‍ പങ്കെടുത്തത്. അക്കാദമിക കാര്യങ്ങളില്‍ വിശദമായചര്‍ച്ചയാണ് നടന്നതെന്ന് ഭരണപക്ഷം വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു. വിദ്യാഭാസ രീതികള്‍  മെച്ചപ്പെടുത്താനും, സ്മാര്‍ട് ക്ളാസുകള്‍ ആരംഭിക്കാനും  പൊതുയോഗം തീരുമാനിച്ചു. വിദ്യാഭ്യാസ ഓഡിറ്റിലെ ശിപാര്‍ശപ്രകാരം അധ്യാപകര്‍ക്ക് പരിശീലനം നല്‍കും.
 സ്കൂളിന്‍െറ സാമ്പത്തിക ഭദ്രത തകര്‍ന്നതിന്‍െറ മുഴുവന്‍ ഉത്തരവാദിത്തവും മുന്‍ കമ്മറ്റിക്കാണെന്ന് ഭരണസമിതി ആരോപിച്ചു. സംഭാവനകള്‍ സ്വീകരിച്ചും മേളകള്‍ നടത്തിയും താല്‍ക്കാലിക പരിഹാരം ഉണ്ടാക്കാമെങ്കിലും ശാശ്വത പരിഹാരമെന്ന നിലക്കാണ് അഞ്ച് ദിനാര്‍ ഫീസ് വര്‍ധിപ്പിക്കുന്നത്.  വിദ്യാഭ്യാസ മന്ത്രാലയത്തിന്‍െറ അനുമതി ലഭിച്ചാല്‍ തുടര്‍നടപടികള്‍ കൈക്കൊള്ളുമെന്ന് ചെയര്‍മാന്‍ വ്യക്തമാക്കി.
സാമ്പത്തിക നില മെച്ചപ്പെടുത്തുന്നതിനുള്ള പദ്ധതികള്‍ കൈവശമുണ്ട് എന്ന് യു.പി.പി അവകാശപ്പെട്ടിരുന്നെങ്കിലും അക്കാദമിക കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനോ സാമ്പത്തിക ബാധ്യതകള്‍ പരിഹരിക്കുന്നതിനുള്ള നിര്‍ദ്ദേശം സമര്‍പ്പിക്കുന്നതിനോ അവര്‍ താല്‍പര്യപ്പെടാതിരുന്നതിനെ ഭരണപക്ഷം വിമര്‍ശിച്ചു. 
അക്കാദമിക കാര്യങ്ങളില്‍ താല്‍പര്യമില്ലാതെ തുടര്‍ച്ചാ അംഗത്തിന്‍െറ നിയമനം എന്ന ഒറ്റ ലക്ഷ്യവുമായി വാര്‍ത്താസമ്മേളനങ്ങള്‍ നടത്തുകയും  പൊതുയോഗത്തില്‍  ബഹളം വക്കുകയും ചെയ്ത പ്രതിപക്ഷത്തെ  രക്ഷിതാക്കള്‍ അവഗണിക്കുകയായിരുന്നുവെന്ന് ചെയര്‍മാന്‍ അഭിപ്രായപ്പെട്ടു. 
ഭരണഘടനാ ഭേദഗതികള്‍ക്കായി വന്ന നിര്‍ദേശങ്ങള്‍ ഇതുസംബന്ധിച്ച സമിതിക്ക് കൈമാറി. ആറു മാസത്തിനകം ഭേദഗതി നിര്‍ദ്ദേശങ്ങള്‍  സമര്‍പ്പിക്കുമെന്ന് സമിതി ഉറപ്പ് നല്‍കി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.