ബഹ്റൈൻ എയർപോർട്ടിലെ ചെക്ക് ഇൻ നടപടിക്രമങ്ങളിൽ അധികൃതർ മാറ്റം വരുത്തി. ഇതുവരെ വിമാനക്കമ്പനിയുടെ കൗണ്ടറിൽ നിന്ന് ബോർഡിങ് പാസ് വാങ്ങിയ ശേഷമായിരുന്നു ഇമിഗ്രേഷൻ കൗണ്ടറിലെത്തേണ്ടത്. എന്നാൽ, കഴിഞ്ഞ ദിവസം മുതൽ വിമാനക്കമ്പനിയുടെ കൗണ്ടറിൽ (ചെക്ക് ഇൻ) പാസ്പോർട്ട് നൽകുമ്പോൾ തന്നെ യാത്രാവിലക്ക് അടക്കമുള്ള പ്രശ്നങ്ങൾ വ്യക്തമാകും. ഇമിഗ്രേഷനുമായി ഈ കൗണ്ടർ ബന്ധിപ്പിച്ചിരിക്കുന്നതുകൊണ്ടാണ് ഇക്കാര്യങ്ങൾ അറിയാൻ സാധിക്കുന്നത്.
തൊട്ടടുത്തുള്ള ഇമിഗ്രേഷൻ കൗണ്ടറിൽ പോയി ചെറിയ പിഴകളോ മറ്റോ ആണെങ്കിൽ അത് അടച്ചശേഷം വീണ്ടും വിമാനക്കമ്പനിയുടെ കൗണ്ടറിലെത്തി ബോർഡിങ് പാസ് വാങ്ങാം. ഇതിന് സമയം അൽപം എടുക്കാൻ സാധ്യതയുണ്ട്. ഈ നടപടിക്രമങ്ങൾക്കുശേഷം എത്തുമ്പോൾ, നിശ്ചിത സമയം കഴിഞ്ഞാൽ വിമാനക്കമ്പനിയുടെ കൗണ്ടർ അടക്കാനും സാധ്യതയുണ്ട്. അങ്ങനെ വന്നാൽ ബോർഡിങ് പാസ് കിട്ടാതെ യാത്ര മുടങ്ങിയേക്കാം. ഇതുവരെ ബോർഡിങ് പാസ് ആദ്യം ലഭിക്കുന്നതുകൊണ്ട് ഇമിഗ്രേഷനിൽ വൈകിയാലും യാത്ര മുടങ്ങില്ലായിരുന്നു.
നടപടിക്രമങ്ങളിൽ ഈ മാറ്റം വന്നിരിക്കുന്നതുകൊണ്ട് നേരത്തെ തന്നെ എയർപോർട്ടിലെത്താൻ ശ്രദ്ധിക്കണം. ചെറിയ സാമ്പത്തിക ബാധ്യത ആണെങ്കിൽ പോലും അവ വരുത്തിയിട്ടുള്ളവർ അതടച്ച് തീർത്തതിനുശേഷം മാത്രം യാത്രക്കൊരുങ്ങുകയാണ് വേണ്ടത്. എന്തെങ്കിലും യാത്രാതടസ്സങ്ങളുണ്ടോയെന്ന് നേരത്തെ തന്നെ പരിശോധിക്കുന്നതും നല്ലതാണ്. പുതിയ നിർദേശപ്രകാരം ഇലക്ട്രിസിറ്റി, ഫോൺ, മറ്റ് സർക്കാർ ഫീസുകൾ അടക്കം യൂട്ടിലിറ്റി ബില്ലുകൾ, കുടിശ്ശികയുണ്ടെങ്കിൽ എയർപോർട്ടിൽ തടഞ്ഞുവെക്കപ്പെടാം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.