ടാലന്‍റ് സെര്‍ച് പരീക്ഷ: ബഹ്റൈനിലെ പ്രതിഭകള്‍ അവാര്‍ഡ് ഏറ്റുവാങ്ങി

മനാമ: പി.എം.ഫൗണ്ടേഷന്‍, ‘ഗള്‍ഫ് മാധ്യമ’വുമായി സഹകരിച്ച് വിദ്യാര്‍ഥികള്‍ക്കായി നടത്തിയ ടാലന്‍റ് സെര്‍ച് പരീക്ഷയില്‍ ബഹ്റൈനില്‍ നിന്ന് വിജയിച്ച മൂന്നു കുട്ടികള്‍ അവാര്‍ഡ് ഏറ്റുവാങ്ങി. അഭിരാമി നാരായണന്‍, ജഗത് ജീവന്‍ഷാ, അശ്വിന്‍ അയ്യപ്പദാസ് എന്നിവരാണ് അവാര്‍ഡ് സ്വീകരിച്ചത്. മുഹറഖിലെ  ‘ഗള്‍ഫ് മാധ്യമം’ ബഹ്റൈന്‍ ഓഫിസില്‍ നടന്ന ചടങ്ങില്‍ പി.എം.ഫൗണ്ടേഷന്‍ ബോര്‍ഡ് ഡയറക്ടര്‍ സി.എച്ച്.അബ്ദുല്‍ റഹീം അവാര്‍ഡ് കൈമാറി. ഗള്‍ഫിലെ വിദ്യാഭ്യാസ രംഗത്തെ പ്രതിഭകളെ തെരഞ്ഞെടുക്കുന്നതില്‍ ‘ഗള്‍ഫ് മാധ്യമ’വുമായി കൈകോര്‍ക്കാനായതില്‍ സന്തോഷമുണ്ടെന്ന് അബ്ദുല്‍ റഹീം പറഞ്ഞു. കാല്‍നൂറ്റാണ്ടോളമായി വിദ്യാര്‍ഥികള്‍ക്ക് ഉന്നത വിദ്യാഭ്യാസത്തിനുള്ള പിന്തുണ നല്‍കുന്ന ദൗത്യമാണ് പി.എം.ഫൗണ്ടേഷന്‍െറ നേതൃത്വത്തില്‍ നടക്കുന്നത്. 
ഇന്ത്യയിലെ എല്ലാ പ്രമുഖ സ്ഥാപനങ്ങളിലും പി.എം.ഫൗണ്ടേഷന്‍ സ്കോളര്‍ഷിപ്പ് സ്വീകരിക്കുന്ന കുട്ടികളുണ്ട്. 
മുന്‍കാലങ്ങളില്‍ ഫൗണ്ടേഷന്‍ സഹായം ലഭിച്ച പലരും ഇന്ന് ലോകത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ ഉന്നത പദവികള്‍ അലങ്കരിക്കുന്നവരാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ക്യാഷ് അവാര്‍ഡും, പുസ്തകം വാങ്ങാനുള്ള വൗച്ചറും പി.എം.ഫൗണ്ടേഷന്‍ നല്‍കുന്ന സര്‍ട്ടിഫിക്കറ്റും അടങ്ങുന്നതാണ് അവാര്‍ഡ്. 
സഈദ് റമദാന്‍ നദ്വി, ജമാല്‍ നദ്വി, ഇ.കെ.സലീം, വി.കെ.നൗഫല്‍, ജലീല്‍ അബ്ദുല്ല, എ.വി.ഷെറിന്‍, ബിന്‍ഷാദ് പിണങ്ങോട്, എം.ടി.കെ. ഹമീദ് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. പി.എം.ഫെല്ളോഷിപ് പരിപാടിയുടെ ഭാഗമായി കേരളത്തിലും ഗള്‍ഫിലും 10 പേരെ വീതം തെരഞ്ഞെടുക്കുന്നതിന്‍െറ ആദ്യപടിയായാണ് പരീക്ഷ നടത്തിയത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.