കൊല്ലപ്പെട്ട പൊലീസുകാരന്‍െറ മൃതദേഹം ഖബറടക്കി; ആക്രമണത്തില്‍ വ്യാപക പ്രതിഷേധം

മനാമ: കര്‍ബാബാദില്‍ നടന്ന ഭീകരാക്രമണത്തില്‍ പൊലീസുകാരന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ വ്യാപക പ്രതിഷേധം. ശനിയാഴ്ച വൈകീട്ട് കര്‍ബാബാദ് ഗ്രാമത്തില്‍ പട്രോളിങ് നടത്തുകയായിരുന്ന പൊലീസ് സംഘത്തിനുനേരെ ഒരു സംഘം പെട്രോള്‍ ബോംബ് എറിയുകയായിരുന്നു. നടന്നത് ഭീകരാക്രമണമാണെന്ന് ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കി. ഡ്യൂട്ടിക്കിടെയാണ് പൊലീസുകാരന്‍ രക്തസാക്ഷിയായതെന്നും മന്ത്രാലയം ട്വറ്ററില്‍ പറഞ്ഞു. മുഹമ്മദ് നവീദ് എന്ന പൊലീസുകാരനാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ രണ്ടു പൊലീസുകാര്‍ക്ക് ഗുരുതര പരിക്കേറ്റു. ഇവര്‍ ചികിത്സയിലാണ്.  കുറ്റവാളികളെ പിടികൂടാനുള്ള ശ്രമങ്ങള്‍ ഊര്‍ജിതപ്പെടുത്തിയിട്ടുണ്ട്. കുറ്റവാളികളുമായോ, ആക്രമണവുമായോ ബന്ധമുള്ള എന്തെങ്കിലും വിവരമുള്ളവര്‍ 80008008 എന്ന ഹോട്ലൈനില്‍ വിളിക്കണമെന്ന് പൊലീസ് അറിയിച്ചു. വിളിക്കുന്നവരുടെ പേരുവിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കും. മുഹമ്മദ് നവീദിന്‍െറ മൃതദേഹം ഇന്നലെ വന്‍ജനാവലിയുടെ സാന്നിധ്യത്തില്‍ മനാമ കുവൈത്ത് പള്ളി ഖബര്‍സ്ഥാനില്‍ ഖബറടക്കി. ഉന്നത ഉദ്യോഗസ്ഥരും സമൂഹത്തിന്‍െറ വിവിധ തുറകളിലുള്ളവരും പങ്കെടുത്തു. 
പെട്രോള്‍ ബോംബെറിഞ്ഞതിനെ തുടര്‍ന്ന് തീപിടിച്ച പൊലീസ് വാഹനത്തിന്‍െറ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. വിദേശകാര്യ മന്ത്രി ശൈഖ് ഖാലിദ് ബിന്‍ അഹ്മദ് ബിന്‍ മുഹമ്മദ് ആല്‍ ഖലീഫ ആക്രമണത്തെ ശക്തിയായി അപലപിച്ചു. ബഹ്റൈന്‍ ഭരണകൂടവും എം.പിമാരും വിവിധ സംഘടനകളും ആക്രമണത്തിനെതിരെ രംഗത്തുവന്നു. 
കാപിറ്റല്‍ ഗവര്‍ണര്‍ ശൈഖ് ഹിശാം ബിന്‍ അബ്ദുറഹ്മാന്‍ ആല്‍ ഖലീഫ, സുന്നീ വഖ്ഫ് കൗണ്‍സില്‍ ചെയര്‍മാന്‍ ഡോ. റാഷിദ് ബിന്‍ ഫിത്വീസ് അല്‍ഹാജിരി, ഒൗഖാഫിന് കീഴിലുള്ള പള്ളികളിലെ ഖതീബുമാര്‍, ഇമാമുമാര്‍, ബഹ്റൈനിലെ യു.എ.ഇ അംബാസഡര്‍ അബ്ദുരിദ അബ്ദുല്ല അല്‍ഖൂരി, അറബ് ലീഗ് സെക്രട്ടറി ജനറല്‍ ഡോ. നബീല്‍ അല്‍അറബി, ബഹ്റൈനിലെ കുവൈത്ത് അംബാസഡര്‍ ശൈഖ് ഇസാം മുബാറക് അസ്സബാഹ്, ജി.സി.സി സെക്രട്ടറി ജനറല്‍ ഡോ. അബ്ദുല്ലത്തീഫ് ബ ിന്‍ റാഷിദ് അസ്സയാനി, പാര്‍ലമെന്‍റ് അധ്യക്ഷന്‍ അഹ്മദ് ബിന്‍ ഇബ്രാഹിം അല്‍മുല്ല, ഉത്തര മേഖല ഗവര്‍ണര്‍ അലി ബിന്‍ ശൈഖ് അബ്ദുല്‍ ഹുസൈന്‍ അല്‍ അസ്ഫൂര്‍ തുടങ്ങിയവരും ബഹ്റൈന്‍ ചേംബര്‍ ഓഫ് കൊമേഴ്സ് ആന്‍റ് ഇന്‍ഡസ്ട്രി, നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂഷന്‍ ഫോര്‍ ഹ്യൂമണ്‍ റൈറ്റ്സ് തുടങ്ങിയ സംഘടനകളും സ്ഥാപനങ്ങളും സ്ഫോടനത്തെ അപലപിക്കുകയും കൊല്ലപ്പെട്ട ആള്‍ക്കുവേണ്ടി അനുശോചനം രേഖപ്പെടുത്തുകയും ചെയ്തു. ഭീകര പ്രവര്‍ത്തനങ്ങള്‍ക്ക് പിന്നിലുള്ളവരെ പിടികൂടി മാതൃകാപരമായി ശിക്ഷിക്കുന്നതിനും ഇത്തരം പ്രവര്‍ത്തനങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ മുന്‍കരുതലുകള്‍ സ്വീകരിക്കുന്നതിനും സര്‍ക്കാറിന് പിന്തുണ നല്‍കുന്നതായി ഇവര്‍  പ്രസ്താവനകളില്‍ വ്യക്തമാക്കി. രാജ്യത്ത് സമാധാനവും ശാന്തിയും ഉറപ്പുവരുത്തുന്നതിനായി യത്നിക്കുന്ന പൊലീസുകാര്‍ക്ക് അഭിവാദ്യം അര്‍പ്പിക്കുകയും ചെയ്തു. 
രാജ്യസുരക്ഷക്കായി ജീവന്‍ വെടിഞ്ഞയാള്‍ക്ക് സ്വര്‍ഗം ലഭിക്കട്ടെയെന്നും ഇവര്‍ അനുശോചന സന്ദേശങ്ങളില്‍ പറഞ്ഞു. 
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.