മനാമ: ഭീകര സംഘടനകളുടെ ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ബഹ്റൈനിലെ എണ്ണ-വാതക കേന്ദ്രങ്ങളിലെ സുരക്ഷ വര്‍ധിപ്പിച്ചു. ഇതിന്‍െറ ഭാഗമായി ‘ബാപ്കോ’ റിഫൈനറിയില്‍ അത്യാധുനിക സൗകര്യങ്ങളുള്ള കണ്‍ട്രോള്‍ റൂം സ്ഥാപിക്കും. ‘ബനാഗ്യാസി’ല്‍ 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന സമാനകേന്ദ്രം തുടങ്ങിക്കഴിഞ്ഞു.
ഇവിടെ 300 നിരീക്ഷണ കാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്. ഏത് അടിയന്തര സാഹചര്യങ്ങളും നേരിടാനുള്ള സംവിധാനങ്ങളാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്. നാഷണല്‍ ഓയില്‍ ആന്‍റ് ഗ്യാസ് അതോറിറ്റി വിവിധ കേന്ദ്രങ്ങളിലെ സുരക്ഷ വര്‍ധിപ്പിക്കാനുള്ള കാര്യങ്ങള്‍ ആഭ്യന്തരമന്ത്രാലയവുമായി ചേര്‍ന്ന് പരിഗണിക്കുന്നുണ്ട്. ഊര്‍ജ മന്ത്രി ഡോ. അബ്ദുല്‍ ഹുസൈന്‍ മിര്‍സ ആണ് ഇക്കാര്യം പറഞ്ഞത്.
മനാമയില്‍ നടന്ന ‘ഇന്‍ഫ്രാസ്ട്രക്ചര്‍ സെക്യൂരിറ്റി കോണ്‍ഫറന്‍സി’ല്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വിവിധ കേന്ദ്രങ്ങളില്‍ ഹൈ-ടെക് വേലികള്‍, മോഷന്‍ സെന്‍സറുകള്‍ എന്നിവ സ്ഥാപിക്കും. ജീവനക്കാര്‍ക്ക് ബയോമെട്രിക് സ്കാനറുകള്‍ നിര്‍ബന്ധമാക്കും. കൂടുതല്‍ സി.സി.ടി.വികളും സ്ഥാപിക്കും.
രാജ്യത്തിന്‍െറ ഊര്‍ജകേന്ദ്രങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിന് ബഹുവിധ പദ്ധതികളാണ് ആസൂത്രണം ചെയ്യുന്നതെന്ന് മന്ത്രി പറഞ്ഞു. ബഹ്റൈന്‍ എണ്ണ-വാതക രംഗത്തെ വരുമാനത്തെ വലിയ തോതില്‍ ആശ്രയിക്കുന്ന രാജ്യമാണ്. ആ നിലക്ക് ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളുടെ സുരക്ഷ ഉറപ്പാക്കേണ്ടത് ബാധ്യതയാണ്.
ഭീകരവാദത്തില്‍ നിന്നുള്ള ഭീഷണിക്കുപുറമെ, പ്രകൃതി ക്ഷോഭങ്ങള്‍, സൈബര്‍ കുറ്റകൃത്യങ്ങള്‍ തുടങ്ങിയവക്കെതിരെയും ഈ സ്ഥാപനങ്ങള്‍ ജാഗ്രത പാലിക്കേണ്ടതുണ്ട്. ഇത് അവഗണിക്കാവുന്ന കാര്യമല്ല. -മന്ത്രി കൂട്ടിച്ചേര്‍ത്തു.
രണ്ടുദിവസം നീണ്ട സമ്മേളനത്തില്‍, പ്രാദേശിക-അന്തര്‍ദേശീയ തലത്തിലെ വിദ്ഗധര്‍ പങ്കെടുത്തു. നിര്‍ണായകമായ ഊര്‍ജ കേന്ദ്രങ്ങളുടെ സംരക്ഷത്തെക്കുറിച്ചായിരുന്നു പ്രധാനമായും ചര്‍ച്ച.
വിശാലമായ എണ്ണ-വാതക ശേഖരമുള്ള പ്രദേശമെന്ന നിലക്ക് അറബ് നാടുകള്‍ എല്ലാ തരത്തിലുമുള്ള ആക്രമണഭീഷണി നേരിടുന്നുണ്ടെന്ന് ഡോ.മിര്‍സ പറഞ്ഞു. ഇന്‍റര്‍നെറ്റിന്‍െറ വ്യാപനം വിവര കൈമാറ്റത്തിന്‍െറ വേഗത കൂട്ടുകയും ആശയവിനിമയം സുഗമമാക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ ‘ഹാക്കിങ്’ പോലുള്ള നിരവധി കുറ്റകൃത്യങ്ങളും അതോടൊപ്പം നിലവില്‍ വന്നു. ഈ ഭീഷണിയില്‍ നിന്ന് അറബ് മേഖലയും മുക്തമല്ല. ഇതിന് ഏറ്റവും നല്ല ഉദാഹരണമാണ് 2012ല്‍ ‘അരാംകോ’യിലുണ്ടായ സൈബര്‍ ആക്രമണം. ഇതുവഴി അവിടുത്തെ കമ്പ്യൂട്ടര്‍ സംവിധാനങ്ങള്‍ രണ്ടാഴ്ചയാണ് പ്രവര്‍ത്തനരഹിതമായത്. -മന്ത്രി പറഞ്ഞു.
ആള്‍ക്കൂട്ടത്തില്‍ നിന്നും പ്രതികളെ തിരിച്ചറിയാന്‍ അത്യാധുനിക കാമറകള്‍
മനാമ: ഏത് ആള്‍ക്കൂട്ടത്തില്‍ നിന്നും വ്യക്തികളെ തിരിച്ചറിയാന്‍ സാധിക്കുന്ന അത്യാധുനിക കാമറകള്‍ ബഹ്റൈന്‍െറ വിവിധ കോണുകളില്‍ സ്ഥാപിച്ചതായി റിപ്പോര്‍ട്. ഇത്തരത്തിലുള്ള 2,000ത്തോളം കാമറകളാണ് സ്ഥാപിച്ചത്. ഇതുവഴി പൊലീസിന് കുറ്റവാളികളെ പെട്ടെന്ന് തിരിച്ചറിയാന്‍ സാധിക്കും. വാഹനങ്ങളുടെ നമ്പര്‍ പ്ളെയ്റ്റുകള്‍ സ്കാന്‍ ചെയ്യാനും പൊലീസ് തെരയുന്ന വാഹനം തിരിച്ചറിയാനും സാധിക്കും. വാഹനവുമായി ബന്ധപ്പെട്ട മുഴുവന്‍ ഡാറ്റയും ലഭിക്കാനുള്ള സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ട്. ഒരേ സമയം 75മുഖങ്ങള്‍ സ്കാന്‍ ചെയ്യാന്‍ കഴിയും വിധം ശേഷിയുള്ള കാമറകളാണിത്. കുറ്റാന്വേഷണത്തില്‍ ഇത് ഏറെ സഹായകമാകും. ഷ്നീഡര്‍ ഇലക്ട്രിക്കിന്‍െറ ‘പെല്‍കോ’യുമായി സഹകരിച്ച് എല്‍.എസ്.എസ് ടെക്നോളജീസ് ആണ് ആഭ്യന്തരമന്ത്രാലയത്തിന് കാമറകള്‍ വിതരണം ചെയ്തത്.
ആള്‍ക്കൂട്ടത്തിനിടയില്‍ കുറ്റവാളികളെ കണ്ടത്തെിയാല്‍ ഉടന്‍ പൊലീസിന് ജാഗ്രതാനിര്‍ദേശം നല്‍കുന്ന സംവിധാനവുമുണ്ട്. ഇതുവഴി, മിനിറ്റുകള്‍ക്കകം ഇവരെക്കുറിച്ചുള്ള എല്ലാ വിവരങ്ങളും ലഭിക്കും.
സുരക്ഷാകാര്യങ്ങളില്‍ അതീവ ജാഗ്രത പാലിക്കുന്ന രാജ്യങ്ങളിലെല്ലാം ഇത്തരം കാമറകള്‍ സ്ഥാപിച്ചുവരുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.