ജി.സി.സി-ബ്രിട്ടന്‍ തന്ത്രപ്രധാന പങ്കാളിത്തത്തിന് ധാരണ

മനാമ: രാഷ്ട്രീയം, പ്രതിരോധം, സുരക്ഷ, വ്യാപാരം തുടങ്ങിയ മേഖലകളില്‍ ജി.സി.സിയും ബ്രിട്ടനും തമ്മില്‍ തന്ത്രപ്രധാന പങ്കാളിത്തത്തിന് ധാരണ. ബഹ്റൈനില്‍ നടന്ന 37ാമത് ജി.സി.സി ഉച്ചകോടിയുടെ സമാപനം കുറിച്ച് പുറത്തിറക്കിയ സംയുക്ത പ്രഖ്യാപനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ബ്രിട്ടനും ജി.സി.സി രാജ്യങ്ങളും തമ്മിലെ കാലങ്ങളായുള്ള സൗഹൃദവും സഹകരണവും കൂടുതല്‍ ശക്തമാക്കുകയെന്ന ലക്ഷ്യത്തോടെയാണിത്. 
ജി.സി.സി ഉച്ചകോടിയില്‍ ആദ്യമായി പങ്കെടുത്ത ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയും ജി.സി.സി രാജ്യങ്ങളിലെ ഭരണാധികാരികളും പങ്കാളിത്തം പുതിയ മേഖലകളിലേക്ക് വ്യാപിപ്പിക്കാന്‍ തീരുമാനിക്കുകയായിരുന്നു. ബഹ്റൈന്‍ രാജാവ് ഹമദ് ബിന്‍ ഈസ ആല്‍ ഖലീഫ, സൗദി ഭരണാധികാരി സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ്, കുവൈത്ത് അമീര്‍ ശൈഖ് സബാഹ് അല്‍ അഹ്മദ് അല്‍ ജാബിര്‍ അസ്സബാഹ്, ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനി, യു.എ.ഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂം, ഒമാന്‍ ഉപ പ്രധാനമന്ത്രി സയ്യിദ് ഫഹദ് ബിന്‍ മഹ്മൂദ് ആല്‍ സഈദ് എന്നിവരാണ് സമ്മേളനത്തില്‍ പങ്കെടുത്തത്. 
ജി.സി.സി രാജ്യങ്ങളും ബ്രിട്ടനും തമ്മില്‍ സുരക്ഷ അടക്കം വിവിധ മേഖലകളില്‍ സഹകരണത്തിന്‍െറ ശക്തമായ ചരിത്രമാണുള്ളത്. പുതിയ ധാരണയുടെ അടിസ്ഥാനത്തില്‍ ജി.സി.സി രാജ്യങ്ങളുടെ രാഷ്ട്രീയ സ്വാതന്ത്ര്യത്തിനും സ്ഥിരതക്കും ബ്രിട്ടന്‍ പിന്തുണക്കും. 
പുറത്തുനിന്നുള്ള ആക്രമണങ്ങള്‍ തടയുന്നതിനും ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടുന്നതിനും എതിരെ ജി.സി.സി രാജ്യങ്ങള്‍ക്കൊപ്പം ബ്രിട്ടനുമുണ്ടാകും. സുരക്ഷാ വിഷയങ്ങളില്‍ പിന്തുണയും പരിശീലനവും ബ്രിട്ടന്‍ ലഭ്യമാക്കും. സമാധാനപൂര്‍ണവും സമൃദ്ധവുമായ അറബ് മേഖലക്ക് വേണ്ടി കൈകോര്‍ക്കും. അറബ് മേഖലയുടെ സ്ഥിരത തകര്‍ക്കാനുള്ള ശ്രമങ്ങള്‍ക്കും ഐ.എസിനും എതിരെ ബ്രിട്ടന്‍ നിലകൊള്ളുമെന്നും കരാറില്‍ വ്യക്തമാക്കിയിട്ടുണ്ട്.  ജി.സി.സി നേരിടുന്ന വെല്ലുവിളികള്‍ മറികടക്കുന്നതിന് ബ്രിട്ടന്‍െറ കൂടുതല്‍ സഹകരണവും ഉണ്ടാകും. 
അറബ് മേഖലയില്‍ ഇറാന്‍ നടത്തുന്ന ഇടപെടലുകള്‍ക്കെതിരെ ജി.സി.സി രാജ്യങ്ങള്‍ക്കൊപ്പം ബ്രിട്ടന്‍ നിലകൊള്ളുമെന്നും സംയുക്ത പ്രഖ്യാപനത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. 
ഫലസ്തീന്‍ വിഷയത്തില്‍ ഐക്യരാഷ്ട്രസഭയുടെയും സമാധാന കരാറുകളുടെയും അടിസ്ഥാനത്തില്‍ പരിഹാരം കാണണമെന്നും ഉച്ചകോടി ആവശ്യപ്പെട്ടു. പ്രതിരോധ സഹകരണം വ്യാപിപ്പിക്കുന്നതിന് സംയുക്തമായി പ്രയത്നിക്കും.  
സമുദ്ര- സൈബര്‍ സുരക്ഷാ മേഖലകളിലും സഹകരണ ശക്തമാക്കും. ജി.സി.സിയുടെ പ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്നതിന് സംയുക്ത അഭ്യാസ പ്രകടനങ്ങള്‍ നടത്താനും പരിശീലനം നല്‍കാനും തീരുമാനിച്ചിട്ടുണ്ട്. സ്വതന്ത്രവും തുറന്നതും സമാധാനപൂര്‍ണവും സുരക്ഷിതവുമായ സൈബര്‍ ലോകത്തിനായി പ്രവര്‍ത്തിക്കും. സൈബര്‍ ആക്രമണങ്ങളെ നേരിടുന്നതിന് ബ്രിട്ടന്‍ സഹായിക്കും. 
പ്രതിരോധം ശക്തമാക്കുന്നതിന്‍െറ ഭാഗമായി ഗള്‍ഫില്‍ ഉടനീളം ബ്രിട്ടീഷ് സാന്നിധ്യം ശക്തമാക്കും. ദുബൈയില്‍ കേന്ദ്രീകരിച്ച റീജനല്‍ ബ്രിട്ടീഷ് ഡിഫന്‍സ് സ്റ്റാഫ് മുഖേനയാണ് ഗള്‍ഫില്‍ സാന്നിധ്യം ശക്തമാക്കുക.  മയക്കുമരുന്ന് കടത്ത് തടയുന്നതിനും ബ്രിട്ടന്‍ സഹകരിക്കും. രാജ്യങ്ങളുടെ സമ്പദ്വ്യവസ്ഥ വൈവിധ്യവത്കരണത്തിന് ബ്രിട്ടന്‍ പിന്തുണ നല്‍കും. 
എണ്ണയിതര വ്യവസായങ്ങള്‍, കണ്ടുപിടിത്തം, സാങ്കേതിക വിദ്യാഭ്യാസവും പരിശീലനവും, സേവനങ്ങള്‍ തുടങ്ങിയ മേഖലകളില്‍ ബ്രിട്ടീഷ് സഹകരണം ലഭ്യമാക്കും. രണ്ട് ദിവസമായി ബഹ്റൈനിലെ സാഖിര്‍ പാലസില്‍ നടന്ന 37ാമത് ജി.സി.സി ഉച്ചകോടി ബുധനാഴ്ച വൈകുന്നേരത്തോടെയാണ് സമാപിച്ചത്.  സമാപനത്തില്‍ ബഹ്റൈന്‍ രാജാവ് ഹമദ് ബിന്‍ ഈസ ആല്‍ ഖലീഫ അധ്യക്ഷത വഹിച്ചു.  
 
Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.