മനാമ: ഗതാഗത നിയമലംഘനത്തിന് പോയന്‍റ് സമ്പ്രദായം ഏര്‍പ്പെടുത്തുന്ന രീതി ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരും. മാറുന്ന സാഹചര്യത്തില്‍ ജാഗ്രതയില്ലാതെ വണ്ടിയോടിക്കുന്നവരുടെ ലൈസന്‍സ് വരെ റദ്ദ് ചെയ്യപ്പെടുന്ന രീതിയാണിത്.
നിയമലംഘനത്തിന് വര്‍ഷത്തില്‍ ഒരാള്‍ക്ക് പരമാവധി 20 പോയന്‍റാണ് ലഭിക്കുക. വാഹനമോടിക്കുന്നവരുടെ ജാഗ്രത വര്‍ധിപ്പിക്കുന്നതിനും നിയമലംഘനങ്ങള്‍ കുറക്കുന്നതിനൂം അപകടങ്ങളില്‍ മരിക്കുന്നവരുടെയും പരിക്കേല്‍ക്കുന്നവരുടെയും എണ്ണം കുറക്കുന്നതിനുമാണ് കടുത്ത തീരുമാനമെടുക്കാന്‍ തീരുമാനിച്ചതെന്ന് ട്രാഫിക് വിഭാഗം മേധാവി ശൈഖ് നാസിര്‍ ബിന്‍ അബ്ദുറഹ്മാന്‍ ആല്‍ഖലീഫ വ്യക്തമാക്കി. കേവലം പോയന്‍റ് കണക്കാക്കുന്നുവെന്നത് മാത്രമല്ല, നിലവിലുള്ള പിഴ സംഖ്യയും നിയമലംഘകര്‍ ഒടുക്കേണ്ടതുണ്ട്.
ഏതുതരം വാഹനമോടിക്കുന്നവരും ഗതാഗത നിയമങ്ങള്‍ പാലിക്കുന്നതില്‍ ശ്രദ്ധിക്കണമെന്നും നിയമലംഘനത്തിനിരയായി ലൈസന്‍സ് നഷ്ടപ്പെടാതിരിക്കാന്‍ ശ്രദ്ധിക്കണമെന്നും ട്രാഫിക് ഡയറക്ടര്‍ പറഞ്ഞു.
ബഹ്റൈനില്‍ നിന്ന് ലൈസന്‍സ് എടുത്ത എല്ലാവര്‍ക്കും നിയമം ബാധകമായിരിക്കുമെന്ന് ട്രാഫിക് ഡയറക്ടറേറ്റ് നേരത്തെ അറിയിച്ചിട്ടുണ്ട്. ഓരോ നിയമലംഘനത്തിന്‍െറയും അപകടസാധ്യത പരിഗണിച്ചാണ് പോയന്‍റ് കണക്കാക്കുക. മിനിമം രണ്ടു പോയന്‍റും പരമാവധി 10പോയന്‍റുമാണ് ഒരു തവണ ലഭിക്കുക.
ഒരു കലണ്ടര്‍ വര്‍ഷത്തില്‍ മൊത്തം 20 പോയന്‍റ് ലഭിച്ചാല്‍ അയാളുടെ ലൈസന്‍സ് പിന്‍വലിക്കും. ആദ്യ പോയന്‍റ് ലഭിച്ചതുമുതലുള്ള ദിവസമാണ് ഇതിനായി കണക്കാക്കുക.
ഒരു കലണ്ടര്‍ വര്‍ഷത്തില്‍ 20 പോയന്‍റ് എത്തിയാല്‍ ആദ്യം മൂന്ന് മാസത്തേക്കാണ് ലൈസന്‍സ് പിന്‍വലിക്കുക. വര്‍ഷത്തില്‍ ഇത് രണ്ട് തവണ എത്തിയാല്‍ ആറു മാസത്തേക്കും മൂന്ന് തവണ എത്തിയാല്‍ ഒരു വര്‍ഷത്തേക്കും ലൈസന്‍സ് പിന്‍വലിക്കും. എന്നാല്‍ നാലാം തവണയും ഈ പോയന്‍റിലത്തെിയാല്‍ ലൈസന്‍സ് എന്നേക്കുമായി പിന്‍വലിക്കും. ആദ്യ മൂന്ന് തവണയും വണ്ടിയോടിക്കുന്ന ആള്‍ ബോധവത്കരണ ക്ളാസിന് ഹാജരാകേണ്ടി വരും.
ഒപ്പം പരിശീലന പരിപാടിയിലും പങ്കെടുക്കണം. തുടര്‍ന്ന് വീണ്ടും ഡ്രൈവിങ് ലൈസന്‍സ് ടെസ്റ്റിന് ഹാജരാകണം. ലൈസന്‍സ് രണ്ടാമത് ലഭിച്ചശേഷം ഒരു വര്‍ഷത്തിനുള്ളില്‍ നിയമലംഘനം നടത്തിയാല്‍ പോയന്‍റ് ഇരട്ടിയായി കണക്കാക്കും.
ലൈസന്‍സ് കയ്യില്‍ കരുതാതെ വണ്ടിയോടിച്ചാല്‍ രണ്ടുപോയന്‍റാണ് ലഭിക്കുക. ലൈസന്‍സില്‍ പറയാത്ത വണ്ടിയോടിച്ചാലും രണ്ടുപോയന്‍റ് ലഭിക്കും. സീറ്റ് ബെല്‍റ്റില്ലാതെ വണ്ടിയോടിക്കുക, ഹെല്‍മെറ്റില്ലാതെ മോട്ടോര്‍ സൈക്കിള്‍ ഓടിക്കുക, പ്രത്യേക പരിഗണന അര്‍ഹിക്കുന്ന വിഭാഗത്തിനും എമര്‍ജന്‍സി ആവശ്യത്തിനും മാറ്റി വച്ച സ്ഥലത്ത് പാര്‍ക്ക് ചെയ്യുക തുടങ്ങിയ കാര്യങ്ങള്‍ക്ക് രണ്ടു പോയന്‍റ് തന്നെ ലഭിക്കും.
എമര്‍ജന്‍സി ലെയ്നിലൂടെ വണ്ടിയോടിക്കുക, വണ്ടിയോടിക്കുമ്പോള്‍ ഫോണ്‍ വിളിക്കുക, മറ്റുള്ളവര്‍ക്ക് പരിക്കേല്‍പ്പിക്കുക തുടങ്ങിയ സാഹചര്യങ്ങളില്‍ മൂന്ന് പോയന്‍റ് ലഭിക്കും. പൊതുറോഡില്‍ ബോധപൂര്‍വം ട്രാഫിക് തടസപ്പെടുത്തിയാല്‍ അഞ്ചുപോയന്‍റാണ് ലഭിക്കുക. പെര്‍മിഷന്‍ ഇല്ലാതെ സ്ട്രീറ്റ് റെയ്സ് നടത്തുക, അപകടമുണ്ടാക്കി രക്ഷപ്പെടുക തുടങ്ങിയവക്ക് അഞ്ചുപോയന്‍റ് കണക്കാക്കും.
ട്രാഫിക് സിഗ്നലിലെ ചുകപ്പ് നിറം അവഗണിച്ച് വണ്ടിയെടുക്കുക, നിശ്ചിത വേഗതയേക്കാള്‍ 30ശതമാനം കൂടുതല്‍ വേഗത്തില്‍ വണ്ടിയോടിക്കുക തുടങ്ങിയവക്ക് ഏഴുപോയന്‍റും മദ്യപിച്ച് വണ്ടിയോടിച്ച് അപകടമുണ്ടാക്കുന്നവര്‍ക്ക് എട്ടുപോയന്‍റും കണക്കാക്കും. ഒരു തവണ പരമാവധി ലഭിക്കുക 10 പോയന്‍റാണ്. അപകടത്തില്‍ ആരെങ്കിലും കൊല്ലപ്പെടാനിടയായാലാണ് 10 പോയന്‍റ് ലഭിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.