മലയാളത്തില്‍ വായന ആഘോഷമായി മാറുന്നു –എം.മുകുന്ദന്‍

മനാമ: മലയാളത്തില്‍ വായനയുടെ വസന്തം തിരിച്ചുവന്നതായും അത് ആഘോഷമായി മാറിയതായും പ്രശസ്ത സാഹിത്യകാരന്‍ എം.മുകുന്ദന്‍ അഭിപ്രായപ്പെട്ടു. ഡി.സി ബുക്സുമായി സഹകരിച്ച് ബഹ്റൈന്‍ കേരളീയ സമാജം സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര പുസ്തകോത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 
പണ്ട് പുസ്തകങ്ങളെ വായനക്കാര്‍ തേടി പോകുകയായിരുന്നുവെങ്കില്‍ ഇന്ന് അവ വായനക്കാരുടെ അടുത്തത്തെുകയാണ്. ആര്‍ക്കും സമയമില്ലാത്തതാണ് കാരണം. കെട്ടിലും മട്ടിലും ഭംഗിയുള്ള രീതിയില്‍ പുസ്തകം സംവിധാനം ചെയ്താല്‍ മാത്രമേ ആളുകളെ ആകര്‍ഷിക്കാന്‍ സാധിക്കൂ. ഇതില്‍ പുസ്തക പ്രസാധകര്‍ വിജയിച്ചുവെന്നാണ് ഇപ്പോഴത്തെ അനുഭവം തെളിയിക്കുന്നത്. ‘കുട നന്നാക്കുന്ന ചോയി’ എന്ന തന്‍െറ നോവലിന്‍െറ പുറംചട്ടയില്‍ യഥാര്‍ഥ കുടയുടെ ശീല ഉള്‍പ്പെടുത്തിയാണ് ഡി.സി ബുക്സ് പ്രസിദ്ധീകരിച്ചത്. 
ഇത് പുതുമയുള്ള പരീക്ഷണമാണ്. വായിക്കാന്‍ മാത്രമല്ല, നോക്കിയിരിക്കാനും മണത്തുനോക്കാനും തലോടാനും കൂടിയാണ് പുസ്തകങ്ങളെന്നാണ് തന്‍െറ അഭിപ്രായം. 
വായന മരിക്കാന്‍ കാരണം ടെലിവിഷനാണെന്നാണ് പൊതുവെയുള്ള പറച്ചില്‍. എന്നാലിപ്പോള്‍ ടി.വി. അഡിക്ഷന്‍ കുറഞ്ഞുവരുന്നു. സ്കൂള്‍ കുട്ടികള്‍ പോലും വായനയിലേക്ക് മടങ്ങിവരുന്നതായാണ് അനുഭവം. 
പാഠപുസ്തകങ്ങളില്‍ സാഹിത്യഭാഗങ്ങള്‍ ഉള്‍പ്പെടുത്തിയതാണ് ഇതിന് കാരണം. ഇത് അവരെ കൂടുതല്‍ വായിക്കാന്‍ പ്രേരിപ്പിച്ചു. മലയാളത്തില്‍ എഴുത്തുകാര്‍ക്ക് നല്‍കുന്ന ആദരവ് വളരെയേറെയാണ്. എഴുത്തുകാരന്‍ താരമായി മാറിയിരിക്കുകയാണ്. മറ്റ് ഭാഷകളില്‍ ഇതില്ല. അത്യാവശ്യം നല്ല പുസ്തകമെഴുതിയാല്‍ ജീവിക്കാനുള്ള വക കിട്ടുമെന്ന അവസ്ഥ വന്നു. എഴുത്തുകാരന്‍െറ വിശ്വാസ്യത ഉറപ്പിക്കുന്നതില്‍ സുകുമാര്‍ അഴീക്കോടിനെപ്പോലുള്ളവരുടെ സംഭാവന വളരെ വലുതായിരുന്നെന്നും അദ്ദേഹം പറഞ്ഞു. 
സമാജം ആക്ടിങ് പ്രസിഡന്‍റ് അബ്ദുറഹ്മാന്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി വി.കെ.പവിത്രന്‍, ഡി.സി രവി, പി.ഉണ്ണികൃഷ്ണന്‍, സമാജം സാഹിത്യവിഭാഗം സെക്രട്ടറി വിപിന്‍കുമാര്‍, പുസ്തകമേള കണ്‍വീനര്‍ സജി മാര്‍ക്കോസ് എന്നിവര്‍ സംസാരിച്ചു. മൂന്നുലക്ഷത്തിലധികം പുസ്തകങ്ങളാണ് ഡി.സി ബുക്സ് മേളക്കായി എത്തിച്ചിരിക്കുന്നത്. 
ഡി.സിയുടെ പുസ്തകങ്ങള്‍ക്ക് പുറമെ കറന്‍റ് ബുക്സ്, മാതൃഭൂമി, മനോരമ, സങ്കീര്‍ത്തനം, ഒലിവ്, പെന്‍ഗ്വിന്‍, ഹാര്‍പ്പര്‍ കോളിന്‍സ്, സ്കോളസ്റ്റിക്, ഓക്സ്ഫഡ് യൂനിവേഴ്സിറ്റി പ്രസ് എന്നിവരുടെ പുസ്തകങ്ങളും പ്രദര്‍ശനത്തിനുണ്ട്. വെള്ളിയാഴ്ച വൈകിട്ട് ജയ മേനോന്‍െറ ‘ഭ്രമകല്‍പനകള്‍’ എന്ന പുസ്തകം നടന്‍ മധുപാല്‍ പ്രകാശനം ചെയ്യും. മധുപാലുമായി മുഖാമുഖവും ഉണ്ടാകും. 

‘വെള്ളിമാട്കുന്നിലെ വെള്ളിനക്ഷത്രം’ പുസ്തകമേളയില്‍
മനാമ: ‘ഗള്‍ഫ് മാധ്യമം’ ചീഫ് എഡിറ്റര്‍ വി.കെ. ഹംസ അബ്ബാസ് രചിച്ച ‘വെള്ളിമാട്കുന്നിലെ വെള്ളിനക്ഷത്രം’ എന്ന പുസ്തകം കേരളീയ സമാജത്തില്‍ നടക്കുന്ന അന്താരാഷ്ട്ര പുസ്തകമേളയില്‍ ലഭ്യമാകും. ‘മാധ്യമം’ പ്രസിദ്ധീകരണങ്ങളുടെ പ്രസാധകരായ ഐഡിയല്‍ പബ്ളിക്കേഷന്‍ ട്രസ്റ്റിന്‍െറ സ്ഥാപക ചെയര്‍മാന്‍, മാധ്യമം എഡിറ്റര്‍, പബ്ളിഷര്‍ എന്നീ ചുമതലകള്‍ വഹിച്ചിരുന്ന അദ്ദേഹം പത്രത്തിന്‍െറ ചരിത്രമാണ് പുസ്തകത്തിലൂടെ വായനക്കാര്‍ക്ക് മുന്നിലത്തെിക്കുന്നത്. 
വിസ്മൃതിയില്‍ കുഴിച്ചുമൂടപ്പെട്ടേക്കാവുന്ന ചില സംഭവങ്ങളും നാഴികക്കല്ലുകളായി മാറേണ്ട ചുവടുവെപ്പുകളും വരുംതലമുറക്ക് പ്രയോജനപ്പെടുമെന്ന പ്രതീക്ഷയിലാണ് രചനയെന്ന് അദ്ദേഹം പറയുന്നു. ദിനവും പത്രം അച്ചടിക്കേണ്ട ന്യൂസ്പ്രിന്‍റിനു മുതല്‍ മാസാവസാനത്തെ ശമ്പളത്തിനു വരെ ഞെരുങ്ങിയിരുന്ന ഒരു കാലത്തുപോലും സത്യത്തിനും നീതിക്കും വേണ്ടിയുള്ള പോരാട്ടത്തില്‍ നിന്ന് പിന്നോട്ടുപോകാത്ത മാധ്യമചരിത്രം ആരെയും അമ്പരിപ്പിക്കുന്നതും ആവേശത്തിലാഴ്ത്തുന്നതുമാണ്. ഇക്കാലയളവിലൊക്കെയും പരസ്യങ്ങളുടെ കാര്യത്തില്‍ എടുത്ത കടുംനിലപാട് മാറ്റാന്‍ ഇപ്പോഴും ദിനപത്രം തയാറായിട്ടില്ളെന്നത് നഗ്നതയെ ചൂഷണം ചെയ്ത് വളരുന്ന പരസ്യവിപണിയും ശ്രദ്ധിക്കേണ്ടതുതന്നെ. ഇന്ന് ഏഴ് രാഷ്ട്രങ്ങളില്‍ നിന്ന് നിന്ന് പ്രസിദ്ധീകരിക്കുന്ന ഏക മലയാളപത്രം എന്ന ബഹുമതിക്ക് അര്‍ഹമാണ് മാധ്യമം. വളര്‍ച്ചയുടെ കഥകള്‍ക്കൊപ്പം സുദീര്‍ഘമായ കാലഘട്ടത്തിലെ പത്രപ്രവര്‍ത്തന ചരിത്രം കൂടിയാണ് വി.കെ.ഹംസ അബ്ബാസ് പറയുന്നത്. കറന്‍റ് ബുക്സ് പുറത്തിറക്കിയ പുസ്തകത്തിന് 125 രൂപയാണ് വില. 
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.