ആശങ്കകള്‍ക്കിടയിലും പുതിയ രാഷ്ട്രീയ മാറ്റത്തില്‍ പ്രതീക്ഷയെന്ന് മുകുന്ദന്‍

മനാമ: കേരളത്തിലെ പുതിയ സര്‍ക്കാറില്‍ ജനങ്ങള്‍ക്ക് ഏറെ പ്രതീക്ഷയുണ്ടെന്ന് പ്രമുഖ എഴുത്തുകാരന്‍ എം.മുകുന്ദന്‍ പറഞ്ഞു. ബഹ്റൈനില്‍ ‘ഗള്‍ഫ് മാധ്യമ’വുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. പോയ അഞ്ചുവര്‍ഷത്തെ മടുപ്പ് മാറും എന്ന ആശ്വാസം ജനങ്ങള്‍ക്കുണ്ട്. എഴുത്തുകാര്‍ സ്വയം നവീകരിക്കപ്പെടുന്നത് പോലെ രാഷ്ട്രീയക്കാരും നവീകരിക്കപ്പെടേണ്ടതാണ്. എങ്കില്‍ മാത്രമേ പുതിയ കാഴ്ചപ്പാടുകളും പ്രവര്‍ത്തനങ്ങളും ഉണ്ടാകൂ. അത് ഈ ഗവണ്‍മെന്‍റില്‍ നിന്ന് പ്രതീക്ഷിക്കാവുന്നതാണ്. കേരളത്തില്‍ സംഘ്പരിവാറുണ്ടാക്കിയ മുന്നേറ്റം ഏറെ ആശങ്കാജനകമാണ്. അതിനാല്‍ ഈ സന്തോഷം പൂര്‍ണമായും ഞാന്‍ ആഘോഷിക്കുന്നില്ല.
ഇന്ത്യയില്‍ അസഹിഷ്ണുതയുടെ സാഹചര്യമുണ്ടായതിന്‍െറ ഉത്തരവാദിത്തം ഭരണാധികാരികള്‍ക്കാണ്. ഇന്ത്യയില്‍ നടന്ന ഫാഷിസ്റ്റ് പ്രവര്‍ത്തനങ്ങളെ പ്രതിരോധിക്കാന്‍ ഇടതുപക്ഷത്തിന് മാത്രമേ കഴിഞ്ഞിട്ടുള്ളൂ.
എഴുത്തുകാരുടെ നേര്‍ക്കുള്ള ഭീഷണി, ഭക്ഷണത്തിലുള്ള ഇടപെടല്‍ ഇതെല്ലാം ജനാധിപത്യസംവിധാനത്തില്‍ അചിന്തനീയമാണ്. രാജ്യം ഇതുവരെ കാണാത്ത സംഭവങ്ങളാണ് ജെ.എന്‍.യുവിലും മറ്റുമുണ്ടായത്.
പാമുക്കിനെ പോലെയുള്ള എഴുത്തുകാര്‍ പോലും ജെ.എന്‍.യുവിനുവേണ്ടി സംസാരിച്ചു. നിരന്തര പ്രതിരോധം മൂലം സംഘ്പരിവാറിന്‍െറ ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് ഇപ്പോള്‍ അയവ് വന്നിട്ടുണ്ട്.പുസ്തകമേളകള്‍ എന്നത് പുതിയ കാലത്തിന്‍െറ ഒരു ട്രന്‍റാണെന്നും മുകുന്ദന്‍ പറഞ്ഞു. പുസ്തക കച്ചവടം നന്നായി നടക്കുന്നുണ്ട്. നല്ല പുസ്തകങ്ങളോടൊപ്പം ഒരു ആവശ്യവുമില്ലാത്ത പുസ്തകങ്ങളും മേളകളില്‍ വിറ്റഴിയുന്നുണ്ട്.
നല്ല പുസ്തകങ്ങളെ സ്നേഹിക്കുന്നവര്‍ക്ക് പ്രോത്സാഹനം കൂടിയാണ് ഇത്തരം മേളകള്‍. പുതിയ എഴുത്തുകാര്‍ക്ക് മേളകള്‍ നന്നായി ഉപകരിക്കും. മുഖ്യധാര പ്രസാധകര്‍ പ്രസിദ്ധീകരിക്കാന്‍ മടിക്കുന്ന രചനകള്‍ ചെറിയ പ്രസാധകര്‍ പുറത്തിറക്കുകയും അത് വായനക്കാരില്‍ എത്തുകയും ചെയ്യും.
വായനയുടെ കാര്യത്തിലും വലിയ മാറ്റങ്ങള്‍ ഉണ്ടായിട്ടുണ്ട്. 60കളില്‍ ഒരു പുസ്തകം 1000കോപ്പിയാണ് ഒന്നാം പതിപ്പായി ഇറങ്ങുന്നത്. പിന്നീട് രണ്ടും മൂന്നു വര്‍ഷം കഴിയുമ്പോഴാണ് രണ്ടാം പതിപ്പ് ഇറങ്ങുക. ഇന്നതുമാറി.
ഗള്‍ഫില്‍ നിന്ന് നല്ല രചനകള്‍ വരുന്നുണ്ട്.എന്നാല്‍ ബന്യാമിനുശേഷം മറ്റൊരാളെ ശ്രദ്ധയില്‍ പെട്ടിട്ടില്ല. നല്ല രചനകള്‍ ഉണ്ടാകുന്നത് സ്വന്തം നാട്ടില്‍ നിന്ന് മാറിനില്‍ക്കുമ്പോഴാണ്. ഒരു ജൈവ സ്വഭാവം അപ്പോള്‍ രചനകളില്‍ ഉണ്ടാകും. നാട്ടിലെ പുസ്തകങ്ങള്‍ ഗള്‍ഫിലും നന്നായി വില്‍ക്കുന്നുണ്ട് എന്നാണ് വിവരം.
പുതിയ കാലത്തിന്‍െറ ഉല്‍പന്നം കൂടിയാണ് ഇന്നത്തെ എഴുത്ത്. ഇന്ന് ഏത് രാജ്യത്തെയും കുറിച്ചുള്ള വിവരങ്ങള്‍ എഴുത്തിലേക്ക് കൊണ്ടുവരുവാന്‍ എളുപ്പമാണ്. ഇന്‍റര്‍നെറ്റ് എല്ലാ വിവരങ്ങളും വിരല്‍ത്തുമ്പില്‍ എത്തിക്കും.  എന്നാല്‍ അതും ഒരു തരത്തില്‍ എഴുത്തിനെ ബാധിക്കുന്നുണ്ട്.
വിദേശങ്ങളില്‍ പോകുമ്പോള്‍ കാണുന്ന ശ്രദ്ധേയമായ ഒരു കാര്യം പുസ്തകങ്ങളെയും സാഹിത്യത്തെക്കുറിച്ച് സംസാരിക്കുന്ന സജീവ കൂട്ടായ്മകളാണ്. ഇതുവഴി വായനക്ക് പുതിയ ഇടങ്ങള്‍ കിട്ടുമെന്ന കാര്യത്തില്‍ സംശയം വേണ്ട.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.