ജിഷയുടെ അമ്മക്ക് വീടുവെക്കാന്‍ അഞ്ചു സെന്‍റ് സ്ഥലവും മൂന്നു ലക്ഷം രൂപയും

മനാമ: പെരുമ്പാവൂരില്‍ ക്രൂരമായ പീഡനത്തിന് ഇരയായി കൊല്ലപ്പെട്ട നിയമ വിദ്യാര്‍ഥിനി ജിഷയുടെ നിരാംലബയായ അമ്മക്ക് കൈതാങ്ങായി ഷിഫ അല്‍ ജസീറ മെഡിക്കല്‍ ഗ്രൂപ്പ് രംഗത്ത്. ജിഷയുടെ അമ്മക്ക് വീട് വെക്കാന്‍ അഞ്ചു സെന്‍റ് സ്ഥലവും മൂന്നുലക്ഷം രൂപയും നല്‍കുമെന്ന് ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ.കെ.ടി.റബീഉല്ല വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.
ജിഷയുടെ പൈശാചിക കൊലപാതകത്തില്‍ മനസ് മരവിച്ച് നില്‍ക്കുകയാണ് മലയാളി സമൂഹം.
മരണവാര്‍ത്തയറിഞ്ഞ ആര്‍ക്കും ഞെട്ടല്‍ മാറിയിട്ടില്ല. ഡല്‍ഹിയിലെ പെണ്‍കുട്ടിയുടെ ദുരന്തം മനസില്‍നിന്ന് മായുംമുമ്പാണ് ജിഷ ക്രൂരമായ പീഡനത്തിന് ഇരയായി കൊല്ലപ്പെട്ട വാര്‍ത്ത അറിയുന്നത്.
കനാല്‍ പുറമ്പോക്കില്‍ തകര ഷീറ്റിട്ട ഒറ്റമുറി വീട്ടില്‍ താമസിച്ച് അമ്മയെയും പരിപാലിച്ച് ദാരിദ്ര്യത്തോട് പടവെട്ടിയാണ് ജിഷ നിയമ ബിരുദം വരെയത്തെിയത്. അഭിഭാഷക ആകണമെന്ന സ്വപ്നം ബാക്കിവെച്ചാണ് ആ കുട്ടി ലോകത്തോട് വിട പറഞ്ഞത്. സ്വന്തമായി, സുരക്ഷിതത്വമുള്ള ഒരു വീടെന്ന സ്വപ്നം ജിഷക്ക് പൂവണിയിക്കാന്‍ കഴിഞ്ഞില്ല. ഈ സാഹചര്യത്തിലാണ് ആ ഉദ്യമം ഗ്രൂപ്പ് ഏറ്റെടുക്കുന്നതെന്ന് റബീഉല്ല അറിയിച്ചു. ജിഷയുടെ മാതാവിന്‍െറ ദുഃഖത്തില്‍ പങ്കുചേരുന്നതായും അദ്ദേഹം അറിയിച്ചു.സഹായം കൈമാറുന്നതിനായി ഷിഫ അല്‍ ജസീറ റിയാദ് പോളി ക്ളിനിക്ക് സി.ഇ.ഒ.അഷ്റഫ് വേങ്ങാട്ട്, ഷിഫ അല്‍ ജസീറ റൂവി ഹോസ്പിറ്റല്‍ ജനറല്‍ മാനേജര്‍ ഷാക്കിര്‍, മീഡിയ വൈസ് പ്രസിഡന്‍റ് സതീഷ് എരിയാളത്ത് എന്നിവര്‍ അടുത്ത ദിവസം തന്നെ  പെരുമ്പാവൂരിലത്തെുമെന്നും അദ്ദേഹം അറിയിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.