കെ.എം.സി.സി ഭാരവാഹി തെരഞ്ഞെടുപ്പില്‍  സ്വജനപക്ഷപാതമെന്ന് ആരോപണം

മനാമ: ബഹ്റൈന്‍ കെ.എം.സി.സി സംസ്ഥാന കൗണ്‍സില്‍ ഭാരവാഹി തെരഞ്ഞെടുപ്പില്‍ ഗ്രൂപ്പ് പ്രവര്‍ത്തനം വഴി ഒരു വിഭാഗത്തെ ഒതുക്കിയതായി ആരോപണം. ഇതിനെതിരെ കടുത്ത പ്രതിഷേധവുമായി തഴയപ്പെട്ടവര്‍ രംഗത്തുവന്നു. കെ.എം.സി.സി കമ്മിറ്റിയിലെ പ്രബല വിഭാഗമായ സൗത്ത് സോണ്‍, പാലക്കാട് ജില്ലാകമ്മിറ്റി, മുഹറഖ്, റിഫ കമ്മിറ്റികള്‍ ആണ് പ്രതിഷേധം ഉയര്‍ത്തിയത്. സൗത്ത് സോണില്‍, തൃശൂര്‍ മുതല്‍ തിരുവനന്തപുരം വരെയുള്ള തെക്കന്‍ മേഖലയിലെ ഏഴു ജില്ലകളാണ് ഉള്‍പ്പെടുന്നത്.കൗണ്‍സിലില്‍ സ്വജനപക്ഷപാതം നടത്തി അര്‍ഹരെ  തഴഞ്ഞതായും വരണാധികാരിയായ ലീഗ് നേതാവ് അബ്ദുല്‍ റഹ്മാന്‍ രണ്ടത്താണി ഇതിന് കൂട്ടുനിന്നതായുമാണ് ആക്ഷേപം. 
ശനിയാഴ്ച രാത്രി മനാമ ഗോള്‍ഡ് സിറ്റിയിലെ സമസ്ത ഹാളിലാണ് സംസ്ഥാന ജനറല്‍ കൗണ്‍സില്‍ നടന്നത്. പ്രസിഡന്‍റ് എസ്.വി.ജലീല്‍, ജനറല്‍ സെക്രട്ടറി അസൈനാര്‍ കളത്തിങ്ങല്‍ എന്നിവര്‍ തുടരാനും ട്രഷററായി എ.കെ.ഹബീബ് റഹ്മാനെ കൊണ്ടുവരാനുമായിരുന്നു ധാരണ. ഇവര്‍ക്കെതിരെ ആരും എതിര്‍പ്പ് ഉന്നയിച്ചിട്ടില്ല. എന്നാല്‍ ഓര്‍ഗനൈസിങ് സെക്രട്ടറി സ്ഥാനത്തുനിന്ന് ഗഫൂര്‍ കയ്പമംഗലത്തെ മാറ്റി ഷംസുദ്ദീന്‍ വെള്ളികുളങ്ങരയെ കൊണ്ടുവന്നതും സൗത്ത് സോണ്‍ മുന്‍ പ്രസിഡന്‍റ് കെ.എം. സെയ്ഫുദ്ദീനെ സെക്രട്ടറി പദവിയില്‍ ഒതുക്കിയതും ഒരു വിഭാഗത്തെ ചൊടിപ്പിച്ചു. 
ഗഫൂര്‍ കയ്പമംഗലവും കെ.എം.സെയ്ഫുദ്ദീനും ജനകീയ നേതാക്കളാണ്. ഇവര്‍ക്ക് ബഹ്റൈനില്‍ ഉടനീളമുള്ള പ്രവര്‍ത്തകരും പൊതുസമൂഹവുമായി ബന്ധവുമുണ്ട്. ഇക്കാര്യങ്ങള്‍ പരിഗണിച്ച് ഇരുവര്‍ക്കും അര്‍ഹമായ പദവി നല്‍കണമെന്നായിരുന്നു എതിര്‍പ്പ് പ്രകടിപ്പിക്കുന്നവരുടെ ആവശ്യം. ഗഫൂറിനെ പാടെ ഒഴിവാക്കുന്നത് വലിയ പ്രശ്നങ്ങള്‍ക്ക് കാരണമാകുമെന്ന് തിരിച്ചറിഞ്ഞ നേതൃത്വം മീഡിയ സെക്രട്ടറി എന്ന പുതിയ പദവിയുണ്ടാക്കി അത് ഗഫൂറിനായി മാറ്റിവെക്കുകയാണുണ്ടായത്. 
ഷംസുദ്ദീനെ കൊണ്ടുവരുന്നതിനെ എതിര്‍ത്തും അനുകൂലിച്ചുമുള്ള ചരടുവലികള്‍ ദിവസങ്ങള്‍ക്ക് മുമ്പേ തുടങ്ങിയിരുന്നു. താരതമ്യേന ജൂനിയര്‍ ആയ ആളെ പ്രധാനപദവി ഏല്‍പ്പിക്കുന്നതിനോടായിരുന്നു എതിര്‍പ്പ്. 
20ലധികം പാനലുകളാണ് കഴിഞ്ഞ ദിവസം വന്നത്. ഇതുതന്നെ ആസൂത്രിതമാണ്. ജില്ലാടിസ്ഥാനത്തിലുള്ള പാനലുകളാണെങ്കില്‍, 14 എണ്ണം മാത്രമേ വരാന്‍ സാധ്യതയുള്ളൂ. പല പാനലുകള്‍ അവതരിപ്പിച്ച് എല്ലാ പാനലിലും ഒരേ പേരുകള്‍ എഴുതുകവഴി, തുടര്‍ച്ചയായി പരാമര്‍ശിക്കപ്പെട്ട പേരുകള്‍ ഭാരവാഹി പട്ടികയില്‍ ഉള്‍പ്പെടുത്തുന്ന തന്ത്രമാണ്  പ്രയോഗിച്ചത്. ഇത് ബോധ്യപ്പെട്ടിട്ടും വരണാധികാരി ഇടപെട്ടില്ളെന്നാണ് ഒരു വിഭാഗം പറയുന്നത്. എന്നാല്‍, സ്ക്രീനിങ് കമ്മിറ്റിയിലുണ്ടായിരുന്ന സി.കെ.അബ്ദുറഹ്മാന്‍, കെ.യു.ലത്തീഫ്, അബൂബക്കര്‍ വെളിയങ്കോട് എന്നിവര്‍ ഈ നടപടിയോട് എതിര്‍പ്പ് പ്രകടിപ്പിച്ചതായി അറിയുന്നു. ഞായറാഴ്ച പുലര്‍ച്ചെ രണ്ടുവരെ സമ്മേളനം നീണ്ടു.  യോഗത്തില്‍ ഒത്തുതീര്‍പ്പില്ലാതെ തര്‍ക്കവുമായി തുടര്‍ന്ന സാഹചര്യത്തില്‍ സമസ്ത അധ്യക്ഷന്‍ ഫഖ്റുദ്ദീന്‍ തങ്ങള്‍ എത്തിയാണ് അംഗങ്ങളെ അനുനയിപ്പിച്ചത്. 
കഴിഞ്ഞ വര്‍ഷം കെ.പി.എ മജീദിന്‍െറ മേല്‍നോട്ടത്തില്‍ നടന്ന തെരഞ്ഞെടുപ്പ് പൂര്‍ണമായും ജനാധിപത്യ രീതിയിലായിരുന്നു എന്നാണ് അംഗങ്ങള്‍ പറയുന്നത്. അബ്ദുറഹ്മാന്‍ രണ്ടത്താണി ഇന്നലെ നാട്ടിലേക്ക് മടങ്ങി. രണ്ടത്താണിയെ സംഘടിതമായി കണ്ട് പരാതി ബോധിപ്പിക്കാനായി ഒരുവിഭാഗം ശ്രമം നടത്തിയിരുന്നു. എന്നാല്‍, തെരഞ്ഞെടുപ്പ് നീതിപൂര്‍വമായിരുന്നു എന്ന നിലപാടാണ് അദ്ദേഹം സ്വീകരിച്ചത്. കമ്മിറ്റിയില്‍ അഴിച്ചുപണിയുണ്ടായില്ളെങ്കില്‍ കൂട്ടമായി നേതൃസ്ഥാനങ്ങളില്‍ നിന്ന് ഒഴിയാനുള്ള നീക്കമാണ് എതിര്‍പ്പുള്ളവര്‍ നടത്തുന്നത്. പ്രസിഡന്‍റ്, നാല് വൈസ് പ്രസിഡന്‍റുമാര്‍, ഓര്‍ഗനൈസിങ് സെക്രട്ടറി, ജന.സെക്രട്ടറി, നാല് സെക്രട്ടറിമാര്‍, ട്രഷറര്‍ എന്നിങ്ങനെയാണ് പോയ കമ്മിറ്റിയിലെ ഭാരവാഹികളുടെ എണ്ണം. 
 
Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.