??.??.?? ??????????? ???????????????????????

ഇന്ത്യന്‍ സ്കൂള്‍ : ഭരണസമിതി രാജിവെക്കണമെന്ന് യു.പി.പി

മനാമ: ഇന്ത്യന്‍ സ്കൂള്‍ ഭരണം എല്ലാരീതിയിലും കുത്തഴിഞ്ഞ സാഹചര്യത്തില്‍ ഭരണസമിതി രാജിവെക്കണമെന്ന് യു.പി.പി.നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. പത്താം ക്ളാസില്‍ ഇംപ്രൂവ്മെന്‍റ് പരീക്ഷക്കിരുന്ന 59 കുട്ടികളില്‍ 55 പേരും പരാജയപ്പെട്ടത് ചരിത്രത്തില്‍ ആദ്യമാണ്.ഈ വിഷയത്തില്‍ രക്ഷിതാക്കള്‍ കടുത്ത ആശങ്കയിലാണ്.
സ്കൂളിനെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുമെന്ന് പറഞ്ഞവര്‍ കാലങ്ങളായി കൈമുതലായുണ്ടായിരുന്ന മികവുപോലും നിലംപരിശാക്കിയിരിക്കുകയാണ്. വോട്ടുനല്‍കി അധികാരത്തിലേറ്റിയ രക്ഷിതാക്കളോടുള്ള വഞ്ചനയാണിത്.
പ്രവേശ കാര്യത്തില്‍ തുടക്കം മുതല്‍ കനത്ത പരാജയമായിരുന്നു ഈ കമ്മറ്റി. ഇതുമൂലം ഫാമിലി വിസയും മറ്റും സംഘടിപ്പിച്ച സാധാരണക്കാരായ രക്ഷിതാക്കള്‍ക്ക് ഒരു പാട് നഷ്ടങ്ങളുണ്ടായി. കുട്ടികള്‍ക്ക് സീറ്റ് കിട്ടാത്തതിന്‍െറ പേരില്‍ പലര്‍ക്കും കുടുംബത്തെ നാട്ടില്‍ വിടേണ്ടി വന്നിട്ടുണ്ട്. ഇതുതന്നെ വരുന്ന അധ്യയന വര്‍ഷാരംഭത്തിലും ആവര്‍ത്തിക്കാനാണ് സാധ്യത. പരിചയ സമ്പന്നരായ സ്റ്റാഫിനെ പിരിച്ചുവിട്ട്  സ്വന്തക്കാരെ വിദ്യാഭ്യാസ യോഗ്യത പോലും നോക്കാതെ, ആവശ്യമില്ലാത്ത തസ്തികകളുണ്ടാക്കി നിയമനം നടത്തിയപ്പോള്‍ സ്കൂളിന് വലിയ സാമ്പത്തിക നഷ്ടമാണുണ്ടായത്. 
ഒരു വൈസ് പ്രിന്‍സിപ്പല്‍ സുതാര്യമായി ചെയ്തിരുന്ന ജോലി മൂന്നു പേര്‍ക്ക് വീതിച്ചു കൊടുത്തപ്പോള്‍ സ്കൂളിനുണ്ടായ അധിക ചെലവ് ഭീമമാണ്. വൈസ് പ്രിന്‍സിപ്പല്‍ മാത്രം ആവശ്യമുള്ള റിഫ കാമ്പസിലെ പ്രിന്‍സിപ്പല്‍ നിയമനവും അതിന്‍െറ അധിക ബാധ്യതകളും വിശദീകരിക്കേണ്ടതുണ്ട്.
തുടര്‍ച്ചയായി രണ്ടു വര്‍ഷം പുതിയ കമ്മിറ്റി മെഗാഫെയര്‍  നടത്താതിരുന്നതിലൂടെ ഉണ്ടായ നഷ്ടം ഏകദേശം രണ്ടര ലക്ഷം ദിനാറാണ്. 
ഇതുമൂലം കഴിഞ്ഞ രണ്ടു വര്‍ഷങ്ങളില്‍ ജീവനക്കാര്‍ക്ക് ശമ്പള വര്‍ധന നല്‍കാനോ സ്കൂളിന്‍െറ സാമ്പത്തികനില ഭദ്രമാക്കാനോ അര്‍ഹതപ്പെട്ടവര്‍ക്ക് ഫീസ് ഇളവ്  നല്‍കാനോ സാധിച്ചില്ല. തെരഞ്ഞെടുപ്പ് പത്രികയില്‍,  തങ്ങള്‍ അധികാരത്തില്‍ വന്നാല്‍ ഉടന്‍ ഫീസ് കുറക്കുമെന്ന്  വാഗ്ദാനം നല്‍കിയവര്‍ വാര്‍ഷിക ജനറല്‍ ബോഡിയിലെ അജണ്ടയില്‍ ഉള്‍പ്പെടുത്താതെ വളഞ്ഞ വഴിയിലൂടെ ഫീസ് വര്‍ധന നടപ്പാക്കാന്‍ ശ്രമിക്കുന്നത് അനീതിയും വിശ്വാസ വഞ്ചനയുമാണ്. മാത്രവുമല്ല, അധ്യയനവര്‍ഷത്തിന്‍െറ ഇടക്കുവെച്ചുള്ള ഫീസ് വര്‍ധന സി.ബി.എസ്.ഇ. അംഗീകരിക്കുന്നില്ല. ഇത്തരം നിയമവശങ്ങളെക്കുറിച്ച് നിലവിലുള്ള കമ്മിറ്റിക്ക് യാതൊരു ധാരണയുമില്ല. പിന്‍വാതില്‍ വഴി നിയമനം നേടിയ ചില അധ്യാപികമാര്‍ റിഫ ക്യാമ്പസിലെ കുട്ടികള്‍ക്ക് കടുത്ത ശിക്ഷ നല്‍കുകയും പരാതി പറയാന്‍ ചെന്ന രക്ഷിതാക്കളോട് മോശമായി പെരുമാറുന്നതായും ആരോപണമുണ്ട്.
 നിരന്തര സമ്മര്‍ദം ചെലുത്തി ഫീസ് അന്യായമായി വര്‍ധിപ്പിക്കാന്‍ അനുവദിക്കില്ല. രക്ഷിതാക്കളെയും സമൂഹത്തെയും കബളിപ്പിക്കുന്നതിന് പകരം ഉടന്‍ പ്രത്യേക ജനറല്‍ ബോഡി യോഗം വിളിച്ച് കാര്യങ്ങള്‍ തീരുമാനിക്കണം. 
ഒൗദ്യോഗിക യു.പി.പി തങ്ങളാണെന്നും പിളര്‍ന്നു എന്നുപറയുന്നവരുമായി ബന്ധമില്ളെന്നും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തവര്‍ കൂട്ടിച്ചേര്‍ത്തു.
വാര്‍ത്താസമ്മേളനത്തില്‍ യു.പി.പി  ചെയര്‍മാന്‍ അജയകൃഷ്ണന്‍, മീഡിയ കോഓഡിനേറ്റര്‍ എഫ്.എം.ഫൈസല്‍,  ജ്യോതിഷ് പണിക്കര്‍, വി.എം.ബഷീര്‍, അബ്ബാസ് സേഠ്,  റഷീദ് എന്‍.കെ.വാല്ല്യക്കോട്, ഡോ. മനോജ് എന്നിവര്‍ സംബന്ധിച്ചു.
 
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.