മനാമ: നീണ്ട 46 വർഷത്തെ പ്രവാസജീവിതത്തിനുശേഷം ആദ്യമായി പോൾ സേവ്യർ ജന്മനാട് കണ്ടു. ഓർമ നഷ്ടപ്പെട്ട നിലയിൽ ആശുപത്രിയിലായിരുന്ന പോളിനെ സാമൂഹിക പ്രവർത്തകരുടെ ഇടപെടലിനെതുടർന്നാണ് നാട്ടിലെത്തിക്കാനായത്. എറണാകുളം പള്ളുരുത്തി ഇ.എസ്.ഐ റോഡ് പുന്നക്കാട്ടിശ്ശേരി പോൾ സേവ്യർ തന്റെ 19ാം വയസ്സിലാണ് ബഹ്റൈനിലെത്തുന്നത്. 1978ല് കപ്പലിലായിരുന്നു യാത്ര.
ഹോട്ടലിൽ ജോലി കിട്ടിയെന്നാണ് അന്നു പറഞ്ഞിരുന്നത്. ബഹ്റൈനിലെത്തിയ നാൾമുതൽ നിർമാണമേഖലയിലായിരുന്നു ജോലി. നാട്ടിൽനിന്ന് പോന്ന് ആദ്യ വർഷങ്ങളിൽ മാതാവ് സിസിലിയുമായി കത്തിടപാടുണ്ടായിരുന്നതായി സഹോദരങ്ങൾ ഓർമിക്കുന്നു. പിന്നെ പിന്നെ കത്തുകൾ വരാതായി. വർഷങ്ങൾക്കുശേഷം ഒരു സഹോദരി ഷാർജയിൽ ജോലി തേടി എത്തിയിരുന്നു.
അവർ ബഹ്റൈനിലെ വിലാസത്തിൽ കത്തയച്ചു. പക്ഷേ, വിലാസത്തിലുള്ളയാൾക്ക് നിരവധി കത്തുകൾ വരാറുണ്ടെന്നും എന്നാൽ അയാളെപ്പറ്റി വിവരമൊന്നുമില്ലെന്നും പോസ്റ്റ് ഓഫിസിൽനിന്ന് അറിയിക്കുകയായിരുന്നു. തുടർന്ന് യാതൊരു ബന്ധവുമുണ്ടായിരുന്നില്ല. വീട്ടുകാർക്കും അന്വേഷിക്കാൻ കഴിഞ്ഞില്ല. പാസ്പോർട്ടോ മറ്റു ഒരുതരത്തിലുള്ള രേഖകളോ കൈയിലില്ലാതിരുന്നതിനാൽ പോൾ സേവ്യറിന് തിരിച്ചുപോകാനും കഴിയുമായിരുന്നില്ല.
2011ൽ സംഭവിച്ച ഒരു അപകടത്തെത്തുടർന്ന് ആശുപത്രിയിലായ സേവ്യറിന്റെ ഓർമ നഷ്ടപ്പെട്ടു. കഴിഞ്ഞ 13 വർഷങ്ങളായി അദ്ദേഹം മുഹറഖ് ജെറിയാട്രി ആശുപത്രിയിൽ ഈ നിലയിൽ ചികിത്സയിലായിരുന്നു. പ്രവാസി ലീഗൽ സെൽ ഗ്ലോബൽ പി.ആർ.ഒയും ബഹ്റൈൻ ചാപ്റ്റർ പ്രസിഡന്റുമായ സുധീർ തിരുനിലത്തിന്റെ നിരന്തരമായ പരിശ്രമത്തിന്റെ ഫലമായാണ് പോൾ സേവ്യറിന് നാട്ടിലേക്ക് പോകാനുള്ള വഴിയൊരുങ്ങിയത്.
കേരളത്തിൽനിന്നുള്ള സാമൂഹിക പ്രവർത്തകരായ ജോസ് മോൻ മഠത്തിപറമ്പിൽ, ഷാജു എന്നിവർ വീട്ടുകാരുമായി ബന്ധപ്പെട്ടു. പള്ളുരുത്തിയിലുള്ള മൂത്ത സഹോദരൻ പോളിനെ സ്വീകരിക്കാൻ തയാറായി. ഇന്ത്യൻ എംബസി അധികൃതരും മുഹറഖ് ജെറിയാട്രി ആശുപത്രി അധികൃതരും ബഹ്റൈൻ എമിഗ്രേഷൻ വിഭാഗവും തിരികെയുള്ള യാത്രക്കുവേണ്ട സഹായങ്ങൾ നൽകി. കഴിഞ്ഞ ദിവസം കൊച്ചി എയർപോർട്ടിൽവെച്ച് കുടുംബാംഗങ്ങൾ പോളിനെ സ്വീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.