മനാമ: വിസിറ്റ് വിസകൾ തൊഴിൽ വിസയായി മാറ്റുന്നത് തടയാനുദ്ദേശിച്ച് കൊണ്ടുവന്ന കരട് നിയമം ചൊവ്വാഴ്ച ബഹ്റൈൻ പാർലമെന്റ് ചർച്ചചെയ്യും.
നിർദേശത്തിന് എം.പി മാരിൽനിന്നുതന്നെ എതിർപ്പ് വന്നിട്ടുള്ളതിനാൽ ചൂടേറിയ ചർച്ചക്കും വോട്ടെടുപ്പിനും വഴിയൊരുങ്ങുമെന്നാണ് കരുതുന്നത്. കരട് നിയമത്തിന് അംഗീകാരം ലഭിച്ചാൽ, 1965ലെ ഇമിഗ്രേഷൻ ആൻഡ് റെസിഡൻസ് ആക്ടിൽ മാറ്റം വരും. ഒരു കാരണവശാലും ഒരു വിദേശിയുടെ വിസിറ്റ് വിസ തൊഴിൽ വിസയാക്കി മാറ്റുന്നത് അനുവദനീയമല്ല എന്നതാണ് ഭേദഗതി.
നിലവിൽ, വിസിറ്റ് വിസകൾ തൊഴിൽ വിസയായി മാറ്റുന്നതിന് നിയന്ത്രണമുണ്ട്. സ്പോൺസറുടെ പേരിലെടുത്ത വിസിറ്റ് വിസ, അതേ സ്പോൺസറുടെ പേരിൽ തൊഴിൽ വിസയാക്കാനേ ഇപ്പോൾ നിയമം അനുവദിക്കുന്നുള്ളൂ.
11 മാസം മുമ്പാണ് ഇതു പ്രാബല്യത്തിൽ വന്നത്. ഈ നിയമമനുസരിച്ച്, ഒരു സ്പോൺസറില്ലാതെ ഒരു സന്ദർശന വിസയെ തൊഴിൽ വിസയോ ആശ്രിത വിസയോ ആക്കി മാറ്റാൻ കഴിയില്ല.
സ്പോൺസറുടെ പേരിലെടുത്ത വിസിറ്റ് വിസ, അതേ സ്പോൺസറുടെ പേരിൽ തൊഴിൽ വിസയാക്കാൻ 250 ദീനാർ ഫീസ് അടക്കണം. മുമ്പ് സന്ദർശന വിസ തൊഴിൽ വിസയാക്കുന്നതിന് 60 ദീനാറായിരുന്നു ഫീസ്.
ഈ നിയന്ത്രണം നിലവിൽ വന്നതിനുശേഷം വിസിറ്റ് വിസ തൊഴിൽ വിസയാക്കി മാറ്റുന്നതിൽ 87 ശതമാനം കുറവു വന്നിട്ടുണ്ടെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കുന്നു. അതുകൊണ്ടുതന്നെ, പൂർണമായി വിസിറ്റ് വിസ തൊഴിൽ വിസയാക്കി മാറ്റുന്നതിന് നിരോധനമേർപ്പെടുത്തേണ്ട കാര്യമില്ലെന്ന് എം.പിമാരിൽ ചിലർ ചൂണ്ടിക്കാണിക്കുന്നു.
വിസ പരിവർത്തനങ്ങൾക്കുള്ള സമ്പൂർണ നിരോധനം പൗരന്മാരെ പ്രതികൂലമായി ബാധിക്കുമെന്ന് തൊഴിൽ മന്ത്രാലയം മുന്നറിയിപ്പ് നൽകുന്നുണ്ട്. ഗാർഹിക തൊഴിലാളികളുടെ റിക്രൂട്ട്മെന്റ് ഇത് സങ്കീർണമാക്കും. വിസിറ്റ് വിസയിൽ വന്നവരെ അവരുടെ രാജ്യങ്ങളിലേക്ക് തിരിച്ചയക്കാനും വർക്ക് പെർമിറ്റിന് വീണ്ടും അപേക്ഷിക്കുന്നതിനുമുള്ള അധിക ചെലവുകൾ പൗരന്മാർ വഹിക്കേണ്ടി വരും.
ഇത് അനാവശ്യ സാമ്പത്തിക ബാധ്യതകൾ സൃഷ്ടിക്കുമെന്നും മന്ത്രാലയം ചൂണ്ടിക്കാട്ടുന്നു. ടൂറിസത്തെ പ്രതികൂലമായി ബാധിക്കുമെന്നതിനാൽ ടൂറിസം മന്ത്രാലയത്തിനും സമ്പൂർണ നിരോധനത്തോട് യോജിപ്പില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.