മനാമ: ബഹ്റൈനിൽ 5,63,723 വിദേശികൾ വിവിധ മേഖലകളിൽ ജോലി ചെയ്യുന്നതായി തൊഴിൽമന്ത്രി ജമീൽ ഹുമൈദാൻ പറഞ്ഞു. പാർലമെൻറംഗം ജലാൽ കാദിമിന്റെ ചോദ്യത്തിന് മറുപടിയായാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. സാമൂഹിക സുരക്ഷിതത്വം, സാമ്പത്തിക വളർച്ച എന്നിവ സാധ്യമാക്കുന്നതിന് തൊഴിലുമായി ബന്ധപ്പെട്ട മുഴുവൻ കക്ഷികളുടെയും അവകാശങ്ങൾ സംരക്ഷിക്കുന്നതിലും മാന്യമായ തൊഴിലന്തരീക്ഷം ഒരുക്കുന്നതിനും എൽ.എം.ആർ.എ നിർവഹിച്ചുകൊണ്ടിരിക്കുന്ന പങ്കിനെ എം.പി പ്രശംസിച്ചു.
2022 ഡിസംബർ 12ന്റെ കണക്ക് പ്രകാരം 5,63,723 പേരാണ് നിലവിൽ വിദേശ തൊഴിലാളികളായി രാജ്യത്തുള്ളത്. തൊഴിലിടങ്ങളിൽ പരിശോധന നടത്തി നിയമവിരുദ്ധ തൊഴിലാളികളില്ലെന്ന് ഉറപ്പുവരുത്താനാണ് എൽ.എം.ആർ.എ ശ്രമിച്ചുകൊണ്ടിരിക്കുന്നുണ്ട്. ഈ ശ്രമങ്ങളുടെ ഭാഗമായി 2022 ഡിസംബർ 12നും ഈ വർഷം ഒക്ടോബറിനും ഇടയിൽ 3891 നിയമവിരുദ്ധ വിദേശ തൊഴിലാളികളെ അവരുടെ നാടുകളിലേക്ക് തിരിച്ചയച്ചിട്ടുണ്ട്.
നിരന്തരമായ പരിശോധനകളിലൂടെ നിയമവിരുദ്ധ വിദേശ തൊഴിലാളികളുടെ സാന്നിധ്യം അവസാനിപ്പിക്കും. പരിശോധനയിൽ തൊഴിലുടമകളുടെ 2,076 നിയമലംഘനങ്ങളും പ്രവാസി തൊഴിലാളികളുടെ 3,634 നിയമലംഘനങ്ങളും കണ്ടെത്തി. 1,900 കേസുകൾ പബ്ലിക് പ്രോസിക്യൂഷന് റഫർ ചെയ്തു. വർക്ക് പെർമിറ്റിനോ സ്ഥാപനത്തിനോ അനുസരിച്ച് ഓരോ തൊഴിലാളിക്കും ആരോഗ്യ ഇൻഷുറൻസ് ഉൾപ്പെടെ 464 ദീനാർ മുതൽ 879 ദീനാർ വരെ എൽ.എം.ആർ.എ വർഷംതോറും ഈടാക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.