മനാമ: ബഹ്റൈൻ വ്യോമയാനത്തിന്റെ 75ാം വാർഷികം ആഘോഷിക്കുന്ന വേളയിൽ നടക്കുന്ന ഇത്തവണത്തെ ഇന്റർനാഷനൽ എയർഷോ അവിസ്മരണീയ അനുഭവമാക്കാനൊരുങ്ങുകയാണ് സംഘാടകർ. നവംബർ 13 മുതൽ 15 വരെ സാഖിർ എയർ ബേസിൽ നടക്കുന്ന മേഖലയിലെ ഏറ്റവും പ്രശസ്തമായ എയർ ഷോയിൽ ലോകോത്തര ഫ്ലൈയിങ് ഡിസ്പ്ലേകളടക്കം ഉണ്ടാകും.
വ്യോമയാന രംഗത്തെ പ്രമുഖർ പങ്കെടുക്കും. ഹമദ് രാജാവിന്റെ രക്ഷാകർതൃത്വത്തിൽ നടക്കുന്ന എയർഷോ മുൻവർഷങ്ങളിലേതിനേക്കാൾ മികച്ചതായിരിക്കുമെന്ന് ബഹ്റൈൻ ഇന്റർനാഷനൽ എയർഷോ സുപ്രീം ഓർഗനൈസിങ് കമ്മിറ്റി ചെയർമാൻ ശൈഖ് അബ്ദുല്ല ബിൻ ഹമദ് ആൽ ഖലീഫ പറഞ്ഞു.
B52, F35, ടൈഫൂൺ, F16, മിറാഷ് 2000 എന്നിവയുൾപ്പെടെ പുതിയ വിമാനങ്ങൾ പ്രദർശിപ്പിക്കും. സൗദി ഹോക്സ്, ബോയിങ് വാണിജ്യ വിമാനം 787 ഡ്രീംലൈനർ, വാണിജ്യ, ബിസിനസ് ജെറ്റുകൾ, ചരക്ക്, ചെറുവിമാനങ്ങൾ അടക്കം നൂറോളം വിമാനങ്ങൾ പ്രദർശനത്തിലുണ്ടാകും. 2010ൽ തുടങ്ങിയ എയർഷോക്ക് 14 വർഷം തികയുകയാണ്.
പൊതു-സ്വകാര്യ സ്കൂളുകളിൽനിന്നുള്ള 5000ത്തിലധികം വിദ്യാർഥികളെ ഇത്തവണ എയർഷോയിൽ പങ്കെടുപ്പിക്കും. കുട്ടികൾക്കും ചെറുപ്പക്കാർക്കും എയർഷോയിൽ പറക്കുന്ന പൈലറ്റുമാരെ കാണാനുള്ള അവസരങ്ങൾ നൽകും. എൻജിനീയർമാർ, പൈലറ്റുമാർ, ബഹിരാകാശയാത്രികർ, ക്രാഫ്റ്റിങ്, സിമുലേറ്ററുകൾ എന്നിവ സംബന്ധിച്ച വർക്ക് ഷോപ്പുകളും നടക്കും. 16 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് പ്രവേശനം സൗജന്യമായിരിക്കും. മറ്റുള്ളവർക്ക് അഞ്ച് ദീനാറിന് ടിക്കറ്റ് ലഭിക്കും. കൂടുതൽ വിവരങ്ങൾ airshow.bh.ൽ ലഭിക്കും.
വാണിജ്യ, ബിസിനസ് ജെറ്റുകൾ മുതൽ ചരക്ക്, ചെറുവിമാനങ്ങൾ വരെയുള്ള നൂറോളം വിമാനങ്ങൾ സ്റ്റാറ്റിക് ഡിസ് പ്ലേയിൽ ഉണ്ടാകും. മിഡിലീസ്റ്റിലെ വാണിജ്യ ബഹിരാകാശ വിക്ഷേപണങ്ങൾ, സാങ്കേതിക നവീകരണം, ഭാവിയിലെ തൊഴിൽ ശക്തി വെല്ലുവിളികൾ എന്നിവ എയർഷോയിൽ വ്യവസായ പ്രമുഖർ ചർച്ച ചെയ്യുന്ന പ്രധാന വിഷയങ്ങളിൽ ഉൾപ്പെടുന്നു.
മനാമ എയർ പവർ സിമ്പോസിയത്തിൽ (മാപ്സ്) വിദഗ്ധർ പങ്കെടുക്കും.ആഗോള കമ്പനികളുമായുള്ള പങ്കാളിത്തം സുഗമമാക്കുക, ശാസ്ത്ര, എൻജിനീയറിങ്, സാങ്കേതിക മേഖലകളിൽ, പ്രത്യേകിച്ച് വ്യോമയാനം, ബഹിരാകാശ ശാസ്ത്രം എന്നിവയിൽ വൈദഗ്ധ്യ വികസനത്തിന് അവസരങ്ങൾ നൽകുക എന്നിവ എയർഷോയിലൂടെ സാധ്യമാകും.
സയൻസ്, കമ്പ്യൂട്ടിങ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എന്നിവയിൽ തങ്ങളുടെ വൈദഗ്ധ്യം പ്രകടിപ്പിക്കുന്നതിന് സർവകലാശാലകൾക്ക് അവസരമുണ്ട്. പൊതു-സ്വകാര്യ സ്കൂളുകളിൽനിന്നുള്ള വിദ്യാർഥികൾക്ക് ദിവസേന എയർ ഡിസ്പ്ലേകൾ ആസ്വദിക്കാനും വിദ്യാഭ്യാസ ശിൽപശാലകളിൽ പങ്കെടുക്കാനും കഴിയും. വ്യോമഗതാഗതത്തിലും ശാസ്ത്രത്തിലും താൽപര്യം ജനിപ്പിക്കുന്ന തരത്തിലാണ് ശിൽപശാലകൾ വിഭാവനം ചെയ്തിരിക്കുന്നത്.
ബോയിങ്, ഗൾഫ്സ്ട്രീം, ബി.എ.ഇ സിസ്റ്റംസ്, എയർബസ്, റോൾസ് റോയ്സ്, സി.എഫ്.എം ഇന്റർനാഷനൽ, ലോക്ക്ഹീഡ് മാർട്ടിൻ, തേൽസ് ഗ്രൂപ്, ഇന്ദ്ര സിസ്റ്റമാസ്, എംബ്രയർ, ലിയോനാർഡോ, ബെൽ ഹെലികോപ്ടർ എന്നിവയുൾപ്പെടെ സിവിൽ, മിലിട്ടറി ഏവിയേഷനിലെ പ്രമുഖ ആഗോള കമ്പനികൾ പങ്കെടുക്കും. വിദ്യാഭ്യാസ അവസരങ്ങൾ വാഗ്ദാനം ചെയ്യുന്ന അന്താരാഷ്ട്ര ഏവിയേഷൻ സ്ഥാപനങ്ങൾ പങ്കെടുക്കും. യൂറോപ്പ്, യു.എസ്, ചൈന, മലേഷ്യ, തായ്ലൻഡ് എന്നിവിടങ്ങളിൽനിന്നുള്ള എയർപോർട്ട് ഗ്രൗണ്ട് സർവിസുകളിൽ വിദഗ്ധരായ 13 കമ്പനികളും ഇതാദ്യമായി പങ്കെടുക്കും.
2022ൽ നടന്ന എയർഷോയിൽ 200ലധികം സൈനിക, സിവിൽ പ്രതിനിധികളും 50 രാജ്യങ്ങളിൽനിന്നുള്ള 186 കമ്പനികളും പങ്കെടുത്തിരുന്നു. മൂന്ന് ദിവസങ്ങളിലായി 50,000ത്തിലധികം സന്ദർശകരാണ് വന്നത്. 1.85 ബില്യൺ ഡോളർ മൂല്യമുള്ള ബിസിനസ് ഇടപാടുകൾ ഒപ്പുവെക്കുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.