മനാമ: തൊഴിൽ, താമസ വിസ നിയമങ്ങൾ ലംഘിച്ച 77 വിദേശ തൊഴിലാളികളെ കഴിഞ്ഞ ഒരാഴ്ചക്കിടെ നാടുകടത്തിയതായി എൽ.എം.ആർ.എ അറിയിച്ചു. വിവിധ ഗവർണറേറ്റുകളിലായി ഡിസംബർ 29 മുതൽ ജനുവരി നാലു വരെയുള്ള ദിവസങ്ങളിൽ 350 തൊഴിൽ പരിശോധനകൾ നടത്തി. താമസ വിസ, തൊഴിൽ നിയമങ്ങൾ ലംഘിച്ച 20 തൊഴിലാളികളെ പിടികൂടുകയും ചെയ്തു.
32 സംയുക്ത പരിശോധന കാമ്പയിനുകൾക്കുപുറമേ, ക്യാപിറ്റൽ ഗവർണറേറ്റിൽ ഏഴ് കാമ്പയിനുകൾ നടന്നു. സതേൺ ഗവർണറേറ്റ്, മുഹറഖ്, നോർത്തേൺ ഗവർണറേറ്റ് എന്നിവിടങ്ങളിൽ ഓരോ പരിശോധന കാമ്പയിനും നടത്തി . ദേശീയത, പാസ്പോർട്ട്, റെസിഡൻറ്സ് അഫയേഴ്സ്, അതത് ഗവർണറേറ്റിന്റെ പൊലീസ് ഡയറക്ടറേറ്റ് എന്നിവയുമായി സഹകരിച്ചാണ് സംഘടിപ്പിച്ചത്.
2024 ജനുവരി ഒന്നുമുതൽ 2025 ജനുവരി നാലുവരെ ആകെ 56,762 പരിശോധനകൾ നടത്തി. 868 സംയുക്ത കാമ്പയിനുകളും നടന്നു. 2748 നിയമലംഘകരെ കണ്ടെത്തി. 7002 ക്രമരഹിത തൊഴിലാളികളെ നാടുകടത്തി. നിയമ ലംഘനങ്ങൾ ആവർത്തിക്കപ്പെടാതിരിക്കുന്നതിന് വിവിധ തൊഴിലിടങ്ങളിലും സ്ഥാപനങ്ങളിലും പരിശോധനകൾ കർശനമാക്കുമെന്നും എൽ.എം.ആർ.എ അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.