മനാമ: ബഹ്റൈനിൽ ലൈസൻസില്ലാതെ പിറ്റ്-ബുൾ ടെറിയർ, മാസ്റ്റിഫ് അടക്കം അപകടകാരികളായ നായ്ക്കളെ കൈവശം വെക്കുന്നവർക്ക് കടുത്തശിക്ഷ നൽകാൻ ശിപാർശ. ഔദ്യോഗിക അനുമതിയില്ലാതെ അപകടകാരികളായ മൃഗങ്ങളെ കൈവശം വെക്കുന്നത് നിരോധിക്കാനുള്ള കരട് നിയമം തയാറാക്കിക്കഴിഞ്ഞു.
നിർദിഷ്ട നിയമപ്രകാരം ജീവപര്യന്തം തടവും 70,000 ദീനാർ വരെ പിഴയുമായിരിക്കും നിയമലംഘകർക്ക് ലഭിക്കുക. പാർലമെന്റിന്റെ സാമ്പത്തികകാര്യ സമിതി ചെയർമാൻ അഹമ്മദ് അൽ സലൂമിന്റെ നേതൃത്വത്തിൽ അഞ്ചു സാമാജികർ ചേർന്നാണ് കരട് നിയമം തയാറാക്കിയത്.
ബില്ലിൽ പിറ്റ്-ബുൾ ടെറിയർ, ടോസ, മാസ്റ്റിഫ് തുടങ്ങിയ നായ്ക്കളുടെ ഇനങ്ങളെ ‘അപകടകാരികൾ’ എന്ന് വിശേഷിപ്പിച്ചിട്ടുണ്ട്. റോട്ട്വീലർ, ഡോബർ, പിൻഷർ, ബോക്സർ എന്നിവയും ഇതേ വിഭാഗത്തിൽ ഉൾപ്പെട്ടേക്കാം. ഇത്തരം മൃഗങ്ങളെ ഭയം പരത്താനോ സഹായിക്കാനോ ക്രിമിനൽ പ്രവർത്തനങ്ങൾക്ക് സഹായിക്കാനോ ഉപയോഗിക്കാമെന്ന് എം.പിമാർ ചൂണ്ടിക്കാട്ടുന്നു.
മൃഗത്തിന്റെ തരം, നിറം, തിരിച്ചറിയൽ അടയാളങ്ങൾ, വാക്സിൻ രേഖകൾ, ഇലക്ട്രോണിക് ചിപ്പ് ബാർകോഡ്, ഉടമയുടെ പേര്, തിരിച്ചറിയൽ നമ്പർ, പ്രായം, ദേശീയത, താമസസ്ഥലം എന്നിവ വിശദമാക്കുന്ന രജിസ്ട്രിയും തയാറാക്കും. ലൈസൻസുള്ള നായ്ക്കളെ അശ്രദ്ധമായി കൈകാര്യം ചെയ്താലും പിഴയുണ്ട്. 1000-10,000 ദീനാർ വരെയായിരിക്കും ഇതിനു പിഴ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.