മനാമ: മനാമ സൂഖിൽ അഗ്നിശമന മുന്നറിയിപ്പ് സംവിധാനം സ്ഥാപിക്കണമെന്ന് ഓൾഡ് മനാമ സൂഖ് കമ്മിറ്റി വൈസ് പ്രസിഡന്റ് മഹ്മൂദ് അൽ നംലതി. തീപിടിത്തത്തിൽ നാശനഷ്ടം സംഭവിച്ചവർക്ക് നഷ്ടപരിഹാരം നൽകേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. ബുധനാഴ്ചയുണ്ടായ വൻ തീപിടിത്തത്തിൽ മൂന്ന് പേർ മരിക്കുകയും ഒമ്പത് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. സിവിൽ ഡിഫൻസ് ഉദ്യോഗസ്ഥർ 30 മണിക്കൂർ സമയമെടുത്താണ് തീ കെടുത്തിയത്.ഇരുപത്തഞ്ചോളം കടകൾ പൂർണമായും കത്തി നശിച്ചു. നിരവധി കടകൾക്ക് കേടുപാടുകൾ സംഭവിച്ചതായും അൽ നംലതി പ്രസ്താവനയിൽ പറഞ്ഞു.
ഉപജീവന മാർഗം നഷ്ടപ്പെട്ട കട ഉടമകൾക്കും ജീവനക്കാർക്കും നഷ്ടപരിഹാരം നൽകുന്നത് അത്യന്താപേക്ഷിതമാണ്. അവരുടെ ഏക വരുമാന സ്രോതസ്സായിരുന്നു അത്. ഈദ് സീസണിൽ വലിയ കച്ചവടം പ്രതീക്ഷിച്ചവർക്ക് വലിയ നഷ്ടമാണ് ദുരന്തം മൂലമുണ്ടായത്. കരുതിവെച്ചിരുന്ന സ്റ്റോക്ക് മുഴുവൻ നശിച്ചു. സൂഖിൽ ജോലിചെയ്യുന്ന വിവിധ രാജ്യക്കാരായ ആളുകളും നഷ്ടപരിഹാരത്തിന് അർഹരാണെന്നും അദ്ദേഹം പറഞ്ഞു. ഇനിയും ഇതുപോലുള്ള ദുരന്തങ്ങൾ ആവർത്തിക്കാതിരിക്കാൻ സ്മോക് ഡിറ്റക്ടറുൾപ്പെടെയുള്ള ആധുനിക സുരക്ഷ സംവിധാനങ്ങൾ സ്ഥാപിക്കണമെന്ന ആവശ്യവും കച്ചവടക്കാർ ഉയർത്തുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.