മനാമ: 35 വയസ്സിൽ താഴെയുള്ളവരിൽ ആകസ്മികമായ ഹൃദയാഘാത മരണങ്ങൾ സർവസാധാരണമായി മാറിയെന്ന് കൺസൾട്ടന്റ് കാർഡിയോളജിസ്റ്റും ഇലക്ട്രോ ഫിസിയോളജിസ്റ്റുമായ ഡോ. ആദിൽ ഖലീഫ പറഞ്ഞു. ചെറുപ്പക്കാരിലെ ഹൃദ്രോഗങ്ങൾ സംബന്ധിച്ച് ബഹ്റൈൻ സ്പെഷലിസ്റ്റ് ഹോസ്പിറ്റൽ അപ്പോളോ ഹാർട്ട് സെന്റർ സംഘടിപ്പിച്ച സെമിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പാരമ്പര്യ കാരണങ്ങളാകാം ഇതിനുപിന്നിലെന്ന് സൂചിപ്പിച്ച അദ്ദേഹം ചെറുപ്പക്കാരിൽ ഇടക്കിടെയുള്ള ഹൃദയ പരിശോധനയുടെ പ്രാധാന്യം കൂടിവരുകയാണെന്നും വ്യക്തമാക്കി.
ബഹ്റൈൻ സ്പെഷലിസ്റ്റ് ഹോസ്പിറ്റലിൽ ആൻജിയോപ്ലാസ്റ്റി, ആൻജിയോഗ്രഫി എന്നിവക്ക് വിധേയരാകുന്നവരിൽ 25 ശതമാനത്തോളം പേർ 45 വയസ്സിന് താഴെയുള്ളവരാണെന്ന് ഇന്റർവെൻഷനൽ കാർഡിയോളജിസ്റ്റ് ഡോ. അബ്ദുൽ അസീസ് അസദ് മുഹമ്മദ് പറഞ്ഞു. 40 ശതമാനം പേർ 50 വയസ്സിന് താഴെയുള്ളവരാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ശാരീരികാരോഗ്യം, സാമ്പത്തിക ബാധ്യത എന്നിങ്ങനെ ചെറുപ്പക്കാരിൽ ഈ രോഗമുണ്ടാക്കുന്ന പ്രത്യാഘാതം വലുതാണെന്നും അദ്ദേഹം പറഞ്ഞു.
'ബി.എസ്.എച്ച് ഹെൽത്ത് വിഷൻ 2030 ഫോറം-ഹൈബ്രിഡ് സി.എം.ഇ' എന്ന പേരിൽ ഹോട്ടൽ വിൻധം ഗ്രാൻഡിൽ നടന്ന പരിപാടിയിൽ ബഹ്റൈൻ ഡിഫൻസ് ഫോഴ്സ് റോയൽ മെഡിക്കൽ സർവിസസിലെ പ്രഫ. സഈദ് അൽ സഈദ് അധ്യക്ഷത വഹിച്ചു. ബഹ്റൈനിൽ മാത്രമല്ല, ലോകത്തുതന്നെ ഏറ്റവും കൂടുതൽ മരണ കാരണമാകുന്ന ഹൃദ്രോഗങ്ങളെ എങ്ങനെ നേരിടാം എന്നത് സംബന്ധിച്ച് സെമിനാറിൽ വിശദമായ ചർച്ച നടന്നു. ലോകോത്തര കാർഡിയോളജിസ്റ്റുകൾ, കാർഡിയാക് സർജൻമാർ, പൊതുജനാരോഗ്യ വിദഗ്ധർ, അന്താരാഷ്ട്ര പാനലിസ്റ്റുകൾ തുടങ്ങിയവർ സെമിനാറിൽ പങ്കെടുത്ത് സംസാരിച്ചു. ഹൃദ്രോഗ സാധ്യതകൾ, പരിഹാര മാർഗങ്ങൾ എന്നിവയെക്കുറിച്ച് വിദഗ്ധർ അഭിപ്രായങ്ങൾ പങ്കുവെച്ചു.
ഹൃദ്രോഗ ചികിത്സ രംഗത്തെ സാങ്കേതിക മുന്നേറ്റങ്ങളെക്കുറിച്ച് ഷികാഗോ യൂനിവേഴ്സിറ്റി ഓഫ് ഇല്ലിനോയ്സിലെ ഹാർട്ട് സെന്റർ ഡയറക്ടർ ഡോ. അമർ അർദാതി പ്രതിപാദിച്ചു. ഹൃദയധമനികളുടെ പ്രശ്നങ്ങൾ മനസ്സിലാക്കാനും പരിഹരിക്കാനും സഹായിക്കുന്ന നൂതന സംവിധാനങ്ങളാണ് ഇൻട്രാവാസ്കുലാർ അൾട്രാസൗണ്ട്, ഓപ്റ്റിക്കൽ കെഹരൻസ് ടോമോഗ്രാഫി എന്നിവയെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ബഹ്റൈൻ സ്പെഷലിസ്റ്റ് ഹോസ്പിറ്റൽ അപ്പോളോ ഹാർട്ട് സെന്റർ ചീഫ് എക്സിക്യൂട്ടിവ് ഓഫിസർ പ്രവീൺ കുമാർ അറക്കൽ നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.