മനാമ: ഷുഹൈബ്, കൃപേഷ്, ശരത് ലാൽ എന്നിവരുടെ കൊലപാതകത്തിലെ യഥാർഥ പ്രതികൾ മുഴുവൻ നിയമവ്യവസ്ഥയുടെ അടിസ്ഥാനത്തിൽ ശിക്ഷിക്കപ്പെടുന്നത് വരെ കോൺഗ്രസ് പാർട്ടി ശക്തമായി മുന്നോട്ടുപോകുമെന്ന് അഡ്വ. ടി. സിദ്ദീഖ് എം.എൽ.എ പറഞ്ഞു. പാർട്ടി അറിഞ്ഞുകൊണ്ടാണ് കൊലപാതകം നടത്തിയതെന്ന് കേസിലെ യഥാർഥ പ്രതി തന്നെ പറഞ്ഞുകഴിഞ്ഞു. കേസിൽ ഉൾപ്പെട്ട വമ്പൻ സ്രാവുകളെ മുതൽ പരൽമീനുകളെ വരെ നിയമത്തിന്റെ മുന്നിൽ കൊണ്ടുവന്ന് ശിക്ഷിപ്പിക്കും. ഇപ്പോഴത്തെ പ്രതിയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ കേസ് സി.ബി.ഐയെ കൊണ്ട് അന്വേഷിപ്പിക്കാൻ മുഖ്യമന്ത്രി തയാറാകണം. ഖജനാവിലെ കോടിക്കണക്കിന് രൂപ ഉപയോഗിച്ചാണ് സംസ്ഥാന സർക്കാർ കേസ് അട്ടിമറിക്കാൻ ശ്രമിച്ചത്.
രാഷ്ട്രീയ പ്രവർത്തനത്തോടൊപ്പം ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും പ്രാധാന്യം നൽകിയ നേതാക്കളായിരുന്നു കൊലചെയ്യപ്പെട്ടവർ. കൊലപാതകം നടത്തുന്നതിന് എല്ലാ ഒത്താശയും പാർട്ടി ചെയ്തുകൊടുത്തു. കേസ് നടത്തുന്നതിനുള്ള സഹായവും പ്രതികളുടെ കുടുംബത്തിനുള്ള സഹായവും നൽകി. കേസ് സി.ബി.ഐ ഏറ്റെടുക്കാതിരിക്കാൻ സംസ്ഥാന ഖജനാവിൽനിന്ന് കോടിക്കണക്കിന് രൂപ മുടക്കുകയും ചെയ്തു. ഇപ്പോൾ പാർട്ടിയുമായി ഉണ്ടായ അഭിപ്രായവ്യത്യാസങ്ങളെ തുടർന്ന് നവമാധ്യമങ്ങളിൽ കൂടി പാർട്ടിയെ വെല്ലുവിളിക്കുന്നതാണ് കാണാൻ സാധിക്കുന്നത്. കൊലപാതകം നടത്തി എന്ന് പ്രഖ്യാപിച്ച സാഹചര്യത്തിൽ കേസിൽ സി.ബി.ഐ അന്വേഷണം നടത്തണം എന്നും അഡ്വ. ടി. സിദ്ദീഖ് എം.എൽ.എ അഭിപ്രയപ്പെട്ടു.
ഒ.ഐ.സി.സി ദേശീയ പ്രസിഡന്റ് ബിനു കുന്നന്താനം അധ്യക്ഷത വഹിച്ചു. കോഴിക്കോട് ഡി.സി.സി പ്രസിഡന്റ് അഡ്വ. പ്രവീൺ കുമാർ, മുൻ കെ.പി.സി.സി ജനറൽ സെക്രട്ടറി എൻ. സുബ്രഹ്മണ്യം, കെ.പി.സി.സി ജനറൽ സെക്രട്ടറിമാരായ അഡ്വ. കെ. ജയന്ത്, അഡ്വ. പി.എം. നിയാസ്, ഒ.ഐ.സി.സി ഗ്ലോബൽ ചെയർമാൻ കുമ്പളത്ത് ശങ്കരപിള്ള, ഗ്ലോബൽ ജനറൽ സെക്രട്ടറിയും മിഡിലീസ്റ്റ് ജനറൽ കൺവീനറുമായ രാജു കല്ലുംപുറം, ഗ്ലോബൽ സെക്രട്ടറി റസാഖ് പൂക്കോട്ടൂർ, ഒ.ഐ.സി.സി ദേശീയ ജനറൽ സെക്രട്ടറി ഗഫൂർ ഉണ്ണികുളം, ദേശീയ വൈസ് പ്രസിഡന്റ് ലത്തീഫ് ആയഞ്ചേരി, റിയാദ് സെൻട്രൽ കമ്മിറ്റി വൈസ് പ്രസിഡന്റ് സലിം കുളക്കര, ബഹ്റൈൻ ദേശീയ സെക്രട്ടറിമാരായ ജവാദ് വക്കം, മനു മാത്യു, കോഴിക്കോട് ജില്ല പ്രസിഡന്റ് കെ.സി. ഷമീം എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി. നേതാക്കളായ ചെമ്പൻ ജലാൽ, ജി. ശങ്കരപിള്ള, നസിം തൊടിയൂർ, ഷാജി പൊഴിയൂർ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.