പ്രവാസത്തോളം പഴക്കമേറിയതാണ് പ്രവാസികളുടെ യാത്രാപ്രശ്നങ്ങൾ. വഞ്ചിയിലും കപ്പലിലും പിന്നീട് വിമാനത്തിലുമായി കേരളക്കരയിൽ നിന്നും അന്യനാടുകളിൽ ജോലിചെയ്ത് പ്രവാസികൾ കുടുംബത്തെ മാത്രമല്ല, ചുറ്റുപാടുകളെയും പിറന്ന നാടിനെയും സമൃദ്ധമാക്കുന്നവരാണ്. പ്രത്യേകിച്ചും, ഗൾഫ് പ്രവാസികൾ.
കോവിഡ് കാലത്തിെൻറ തുടക്കത്തിൽ ഒറ്റപ്പെട്ടുപോയ ബഹ്റൈൻ പ്രവാസികൾക്ക് ഏറെ ആശ്വാസമായത് നാട്ടിലേക്ക് പോകാൻ വിവിധ സംഘടനകൾ വഴി ലഭിച്ച ചാർട്ടേഡ് വിമാനങ്ങൾ ആയിരുന്നു. അതിൽ തന്നെ ജോലി നഷ്ടപ്പെട്ടവർക്ക്, രോഗികൾക്ക് എല്ലാം സൗജന്യമായി നാട്ടിലെത്താൻ സംഘടനകൾ പൂർണമായോ ഭാഗികമായോ സൗകര്യം ഒരുക്കി. ബഹ്റൈൻ കേരളീയ സമാജവും പ്രവാസി യാത്രാമിഷനും ഇതിനായി മാത്രം പ്രത്യേകം വിമാനങ്ങൾ ചാർട്ട് ചെയ്തത് എടുത്തുപറയേണ്ടതാണ്.
ബഹ്റൈനിൽനിന്ന് നാട്ടിൽ ലീവിന് പോയി തിരിച്ചെത്താനുള്ള യാത്രക്കാരുടെ വിഷയമാണ് ഇപ്പോൾ അടിയന്തരമായി പരിഹരിക്കപ്പെടേണ്ടത്. ഇന്ത്യൻ എംബസി പുറത്തിറക്കിയ കുറിപ്പിൽ 400 പേരെ എയർ ഇന്ത്യ എക്സ്പ്രസ് വന്ദേ ഭാരത് വിമാനങ്ങളിലും 500 പേരെ ഗൾഫ് എയർ ചാർട്ടേഡ് വിമാനങ്ങളിലും കൊണ്ടുവന്നത് പറയുന്നുണ്ട്. ഇതിൽ 500 പേരെ കൊണ്ടുവന്നത് ബഹ്റൈൻ കേരളീയസമാജം ഒരുക്കിയ ചാർട്ടേഡ് വിമാനങ്ങൾ ആണെന്നത് മലയാളികൾക്ക് അഭിമാനിക്കാൻ വക നൽകുന്നതാണ്.
ജോലി നഷ്ടപ്പെടാതിരിക്കാൻ എത്രയും വേഗം ബഹ്റൈനിൽ തിരിച്ചെത്താൻ പ്രാർഥനാപൂർവം കാത്തിരിക്കുന്ന ഒട്ടനവധി പ്രവാസികൾ ഇനിയും ഉണ്ട് എന്നത് വിസ്മരിച്ചുകൂടാ. ഇന്ത്യയും ബഹ്റൈനും തമ്മിൽ ഒപ്പുവെക്കാൻ പോകുന്ന 'എയർ ബബ്ൾ'ഉടമ്പടിയാണ് ഇവരുടെയൊക്കെ പ്രതീക്ഷ. അതിനുശേഷം എയർ ഇന്ത്യ, ഗൾഫ് എയർ വിമാനങ്ങളിൽ യാത്രക്കാർക്ക് നേരിട്ട് വെബ്സൈറ്റിൽ നിന്നോ ട്രാവൽ ഏജൻസികൾ വഴിയോ ടിക്കറ്റ് എടുക്കുവാൻ സൗകര്യം ലഭിക്കുമെന്നാണ് അറിയുന്നത്. ഇന്ത്യൻ എംബസി ലിങ്കിലുള്ള രജിസ്ട്രേഷൻ, ബഹ്റൈൻ മിനിസ്ട്രി ഓഫ് ഫോറിൻ അഫേഴ്സ് അംഗീകാരം എന്നിവ തുടർന്നും വേണ്ടിവരുമോ എന്നതെല്ലാം ഇനിയും വ്യക്തമാകേണ്ടതുണ്ട്.
കോവിഡ് കാലത്തുള്ള യാത്രയിൽ അവശത അനുഭവിക്കുന്നവരെ ബഹ്റൈനിലെ സംഘടനകൾ, ഐ.സി.ആർ.എഫ് എല്ലാം കൈമെയ് മറന്നു സഹായിച്ചു എന്നത് ഏറെ പ്രശംസനീയമാണ്. കൂടാതെ, വിമാന നിരക്കുകൾക്ക് ഒരു പരിധിയും ഉണ്ടായിരുന്നു. എയർ ബബ്ൾ നിലവിൽ വന്നാലും, അമിതനിരക്ക് വിമാന കമ്പനികൾ എടുക്കില്ല എന്ന് ഉറപ്പുവരുത്തണം. പ്രവാസി കുടുംബങ്ങളിൽ അടുപ്പ് തുടർന്നും പുകയേണ്ടതുണ്ട്. നമ്മെ സഹായിക്കാൻ നാട്ടിൽ നേതാക്കൾ വിരളമാണ്. സാമൂഹിക പ്രതിബദ്ധത അവശ്യഘട്ടങ്ങളിലെല്ലാം തെളിയിച്ച ബഹ്റൈൻ പ്രവാസി സമൂഹം അത് ഏറ്റെടുക്കുമെന്ന പ്രതീക്ഷയോടെ...
കെ.ടി. സലിം
പാലത്തായി കേസിലെ സംഭവവികാസങ്ങൾ കാണുമ്പോൾ യഥാർഥത്തിൽ ആശ്ചര്യവും ഭീതിയുമുണ്ടാകുന്നു. വനിത കമീഷൻ, ചൈൽഡ് ഹെൽപ് ലൈൻ എന്നീ ഔദ്യോഗിക സംവിധാനങ്ങൾ ഒന്നും തന്നെ പീഡനത്തിന് ഇരയായ പെൺകുട്ടിക്ക് വേണ്ടി ശബ്ദിച്ചതായി കണ്ടില്ല.ആക്ഷൻ കൗൺസിൽപോലും കേസിൽ വേണ്ട ജാഗ്രത കാണിച്ചില്ല എന്നതാണ് വാസ്തവം. പെൺകുട്ടി ശാരീരികമായി പീഡിപ്പിക്കപ്പെട്ടു എന്ന് മെഡിക്കൽ റിപ്പോർട്ട് ഉണ്ടായിട്ടും, പെൺകുട്ടിക്ക് അനുകൂലമായി സഹപാഠികൾ നൽകിയ മൊഴി പോലും കോടതിയിൽ സമർപ്പിച്ചിട്ടില്ല.
പ്രതിയെ രക്ഷിക്കാനുള്ള കരുതിക്കൂട്ടിയുള്ള ഇടപെടലുകളാണ് കൈംബ്രാഞ്ചിെൻറ ഭാഗത്തുനിന്ന് ഉണ്ടായിരിക്കുന്നത്. ഇരയെ സംശയത്തിെൻറ നിഴലിൽ നിർത്തുന്ന തരത്തിലാണ് ക്രൈംബ്രാഞ്ച് കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചത് എന്നുപറയുമ്പോൾ കേസിെൻറ ഗതി വ്യക്തമാണ്.സ്വാധീനങ്ങൾക്ക് അനുസൃതമായി ഇത്തരം കേസുകൾ കൈകാര്യം ചെയ്യപ്പെടുമ്പോൾ തീർച്ചയായും സാധാരണ ജനങ്ങൾക്ക് നീതി അപ്രാപ്യമാകുകയും നീതിനിഷേധം തുടർക്കഥയാകുകയും ചെയ്യും.
വി.പി.കെ. മുഹമ്മദ്
എൽ.ഡി.എഫ് വരും, എല്ലാം ശരിയാകും എന്ന പ്രചാരണത്തിൽ കേരളത്തിലെ പാർട്ടി അണികളല്ലാത്ത ഒട്ടനവധി പേർ വീണുപോയിട്ടുണ്ടായിരുന്നു. ജനങ്ങൾക്ക് കൊടുത്ത വാഗ്ദാനങ്ങൾ നടപ്പാക്കാൻ ശ്രമിക്കുന്നതിനു പകരം പുതിയ പ്രചാരണതന്ത്രങ്ങൾ ഒരുക്കി ജനങ്ങളെ വീണ്ടും കബളിപ്പിക്കുകയാണ് ഈ സർക്കാർ ചെയ്തത്.
'ഭയപ്പെടേണ്ട സർക്കാർ ഒപ്പമുണ്ട്'എന്ന അടുത്ത പ്രയോഗമാവട്ടെ, സർക്കാറിനെതിരെ നടക്കുന്ന പ്രക്ഷോഭങ്ങളിൽനിന്നും പ്രതിഷേധങ്ങളിൽനിന്നും രക്ഷപ്പെടാനുള്ള തന്ത്രം മാത്രമായിരുന്നുവെന്നു വേണം കരുതാൻ. പാലത്തായി കേസിൽ സർക്കാർ ആർക്കൊപ്പമാണ് എന്ന ചോദ്യം ആവർത്തിക്കപ്പെടുന്നതും അതുകൊണ്ടാണ്. ജനങ്ങളെ ആകർഷിക്കുന്ന തരത്തിലുള്ള തലക്കെട്ടുകൾ ഉണ്ടാക്കിയത് കൊണ്ട് മാത്രം കാര്യമില്ല.
ഏതെങ്കിലും അന്താരാഷ്ട്ര മാഗസിെൻറ അംഗീകാരമല്ല മന്ത്രി ആത്യന്തികമായി കൊതിക്കേണ്ടത്. പാലത്തായി കുട്ടിക്ക് നീതി ലഭിക്കുന്നുണ്ടോ എന്നത് തിരിച്ചറിയാതെ പോകരുത്. അല്ലാത്തപക്ഷം ഇടതുപക്ഷത്തെയും ആരോഗ്യമന്ത്രിയെയും വിശ്വാസത്തിലെടുത്ത ഒരു സമൂഹത്തോട് ചെയ്യുന്ന ഏറ്റവും വലിയ വഞ്ചനയായിരിക്കുമത്. ഇടതുപക്ഷമെന്നത് സാധാരണക്കാരൻ െവച്ചുപുലർത്തുന്ന പ്രതീക്ഷയാണ്. ആ പ്രതീക്ഷക്കാണ് വീണ്ടും മങ്ങലേറ്റിരിക്കുന്നത്.
ഷറഫുദ്ദീൻ തൈവളപ്പിൽ
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.