മനാമ: സർവകലാശാലകളിലെ കാവിവത്കരണത്തിന് ബദൽ മാർക്സിസ്റ്റ്വത്കരണമല്ലെന്ന് കെ. മുരളീധരൻ എം.പി. ബഹ്റൈനിൽ വിവിധ പരിപാടികളിൽ പങ്കെടുക്കാനെത്തിയ അദ്ദേഹം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു. സർവകലാശാലകളിൽ മാർക്സിസ്റ്റ് പാർട്ടി നേതാക്കളുടെ കുടുംബാംഗങ്ങളെ വഴിവിട്ട് നിയമിക്കുന്നത് പ്രതിപക്ഷം ഗവർണറുടെ ശ്രദ്ധയിൽപെടുത്തിയിരുന്നു. അതുമായി ബന്ധപ്പെട്ട് എടുത്ത ചില നടപടികളെ സ്വാഗതംചെയ്തിട്ടുണ്ട്. എന്നാൽ, സിൻഡിക്കേറ്റുകളിലും സെനറ്റുകളിലും ബി.ജെ.പിക്കാരെ കുത്തിനിറക്കുന്നതിനോട് യോജിക്കുന്നില്ല. കാവിവത്കരണത്തെ ഞങ്ങൾ എതിർക്കുന്നു. പക്ഷേ, അതിന്റെ ബദൽമാർഗം മാർക്സിസ്റ്റ്വത്കരണമല്ല.
ഗവർണറെ ചാൻസലർ സ്ഥാനത്തുനിന്ന് നീക്കിയാൽ ബദൽസംവിധാനം വേണം. ഓർഡിനൻസ് കൊണ്ടുവന്ന മന്ത്രിസഭയിലെ അംഗങ്ങൾക്കുപോലും ചാൻസലറെ മാറ്റിയുള്ള ബദൽസംവിധാനത്തെക്കുറിച്ച് അഭിപ്രായവ്യത്യാസമുണ്ട്. ഇന്നലെ വരെ ചാൻസലറായി ഗവർണറുണ്ടായിരുന്നപ്പോൾ വകുപ്പ് കൈകാര്യംചെയ്യുന്ന മന്ത്രി പ്രോ- ചാൻസലറായിരുന്നു. പ്രോട്ടോകോൾ അനുസരിച്ച് ഒരു തടസ്സവുമുണ്ടായിരുന്നില്ല. എന്നാൽ, അതത് രംഗത്തെ വിദഗ്ധൻ എന്നുപറഞ്ഞ് ഒരാളെ ചാൻസലറായി നിയമിക്കുമ്പോൾ അദ്ദേഹത്തിന്റെ കീഴിൽ ഈ മന്ത്രിമാർക്ക് എങ്ങനെ പ്രോ-ചാൻസലറായി തുടരാൻ സാധിക്കും?
ചാൻസലറെ മാറ്റാനുള്ള ഓർഡിനൻസ് ഗവർണർ രാഷ്ട്രപതിക്കയച്ചാൽ അദ്ദേഹത്തിന്റെ തീരുമാനം വരുംവരെ അനിശ്ചിതത്വം തുടരും. അതിനാൽ, ബദൽനിയമങ്ങളെക്കുറിച്ച് പ്രതിപക്ഷവുമായി ആലോചിച്ച് ഏകകണ്ഠമായ തീരുമാനമെടുക്കാൻ സർക്കാർ തയാറാകണം. ഗവർണർ ഒപ്പിട്ടില്ലെങ്കിലും നിയമസഭ ഒറ്റക്കെട്ടാണെന്ന സന്ദേശം നൽകാൻ ഇതുവഴിസാധിക്കും. ജനമധ്യത്തിൽ തെറ്റുകാരനായി മാറുന്ന ഒരവസ്ഥയിൽ ഗവർണറെ കൊണ്ടുചെന്നെത്തിക്കാൻ എന്തുകൊണ്ട് സർക്കാർ തയാറാകുന്നില്ല? ഗവർണറും സർക്കാറും തമ്മിലുള്ള പോര് ഭയാനകമായ അന്തരീക്ഷമാണ് സൃഷ്ടിച്ചിരിക്കുന്നത്. ഈ പോരിൽ തോൽക്കുന്നത് വിദ്യാർഥികളാണ്.
ഗവർണറും സർക്കാറും തമ്മിലുള്ള തർക്കത്തിൽ യു.ഡി.എഫിൽ ഒരു അഭിപ്രായവ്യത്യാസവുമില്ല. ഗവർണറുടെ കാര്യത്തിലും യൂനിവേഴ്സിറ്റികളുടെ കാര്യത്തിലും കോൺഗ്രസിലും യു.ഡി.എഫിലും രണ്ടഭിപ്രായമെന്ന മാധ്യമവാർത്തകൾ അടിസ്ഥാനരഹിതമാണ്. രണ്ടുഭാഗത്തും തെറ്റുണ്ടെന്നാണ് കഴിഞ്ഞദിവസം സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞത്. അതുതന്നെയാണ് യു.ഡി.എഫിന്റെയും കോൺഗ്രസിന്റെയും അഭിപ്രായം.
മുസ്ലിം ലീഗിന്റെ നിലപാടിനെ മുഖ്യമന്ത്രി പുകഴ്ത്തിയതിനെക്കുറിച്ച് ചോദിച്ചപ്പോൾ, മുഖ്യമന്ത്രിയുടെ ഗുഡ് സർട്ടിഫിക്കറ്റ് തമ്മിൽ തല്ലിക്കാനാണെന്ന് അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി ആരെക്കുറിച്ച് നല്ലതുപറഞ്ഞാലും അത് എന്തെങ്കിലും ഉദ്ദേശ്യത്തോടുകൂടിയായിരിക്കും. അത് ഇവിടെ ചെലവാകില്ലെന്നും കെ. മുരളീധരൻ എം.പി പറഞ്ഞു.
ലോകായുക്തയെ നിർജീവമാക്കുന്ന നിയമനിർമാണം നടത്തിയപ്പോഴും മിൽമ ദക്ഷിണ മേഖലാ കമ്മിറ്റിയെ പിരിച്ചുവിട്ട് അഡ്മിനിസ്ട്രേറ്റിവ് കമ്മിറ്റിയെ നിയമിച്ചപ്പോഴും മാത്രമാണ് ഗവർണറുടെ നടപടിയെ ഞങ്ങൾ പിന്തുണച്ചത്. മറ്റെല്ലാ വിഷയങ്ങളിലും ഗവർണറെ എതിർക്കുന്ന നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്. ഗവർണർമാരെ വെച്ച് സർക്കാറുകളെ അട്ടിമറിക്കുന്നതിനെ അനുകൂലിക്കുന്നില്ല. ജനങ്ങൾ തെരഞ്ഞെടുത്ത സർക്കാറിനെ നീക്കംചെയ്യേണ്ടത് ജനങ്ങൾ തന്നെയാണ്. ഭരിക്കുന്ന സർക്കാറുകൾ തെറ്റ് ചെയ്താൽ അതിനെ എതിർക്കുകയും സമരം നടത്തുകയും ചെയ്യും. പക്ഷേ, സർക്കാറിനെ പിരിച്ചുവിടുന്നതിനോട് യോജിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
മനാമ: പാർട്ടിക്കാരെ നിയമിക്കാൻ കത്ത് നൽകിയെന്ന വിവാദത്തിൽ ആരോപണവിധേയയായ തിരുവനന്തപുരം കോർപറേഷൻ മേയർ രാജിവെക്കണമെന്ന് കെ. മുരളീധരൻ എം.പി ആവശ്യപ്പെട്ടു. സംഭവത്തെക്കുറിച്ച് ജുഡീഷ്യൽ അന്വേഷണം നടത്തി കുറ്റക്കാരായവർക്കെതിരെ നടപടി സ്വീകരിക്കണം. കോർപറേഷനിലെ നിയമനവിവാദത്തിൽ അന്വേഷണം നീട്ടിക്കൊണ്ടുപോയി തെളിവുകൾ നശിപ്പിക്കാനുള്ള ശ്രമമാണ് ഇപ്പോൾ നടക്കുന്നത്.
പി.എസ്.സി റാങ്ക് ലിസ്റ്റ് നോക്കുകുത്തിയാക്കി നിയമനം നടത്തുന്നരീതിയാണ് സംസ്ഥാനത്ത് അരങ്ങുതകർക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിൽനിന്ന് വിവിധ തസ്തികകളിലേക്ക് ആവശ്യമായ ആളുകളെ വിളിക്കുന്നില്ല. പകരം, എല്ലായിടത്തും പിൻവാതിൽ നിയമനമാണ് നടക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
മനാമ: ഗൾഫ് രാജ്യങ്ങളിൽ ചിലയിടങ്ങളിൽ കോൺഗ്രസ് പോഷകസംഘടനകളുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ കെ.പി.സി.സി പുനഃസംഘടന കഴിഞ്ഞാൽ പരിഹരിക്കുമെന്ന് കെ. മുരളീധരൻ എം.പി പറഞ്ഞു. ഏതെങ്കിലും സ്ഥലത്ത് വിമതപ്രവർത്തനം നടത്തുന്നുണ്ടെങ്കിൽ അതിനെ പ്രോത്സാഹിപ്പിക്കരുതെന്ന് രമേശ് ചെന്നിത്തലയുടെ കാലത്തുതന്നെ നിർദേശമുള്ളതാണ്. ഒ.ഐ.സി.സിക്ക് കെപി.സി.സിയുടെ അംഗീകാരമുണ്ട്.
എവിടെയൊക്കെ പ്രശ്നങ്ങളുണ്ടോ അതെല്ലാം പരിഹരിക്കാൻ നടപടി സ്വീകരിക്കും. ഒരിടത്തും കോൺഗ്രസുകാർ വിഘടിച്ചുനിൽക്കരുതെന്നാണ് കെ.പി.സി.സി ആഗ്രഹിക്കുന്നത്. ആരെയും മാറ്റിനിർത്താതെ യോജിച്ച് മുന്നോട്ടുപോകും. പ്രശ്നങ്ങളുണ്ടായാൽ മാത്രം കെ.പി.സി.സി ഇടപെടുമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.