മനാമ: തുഞ്ചൻപറമ്പിൽനിന്നും പറന്നുവന്ന പഞ്ചവർണക്കിളി കൊഞ്ചിക്കൊഞ്ചിപ്പറഞ്ഞ കഥ കേൾക്കാൻ ആയിരങ്ങളാണ് കേരളീയ സമാജം ഹാളിൽ തടിച്ചുകൂടിയത്. സമാജം ഓണാഘോഷത്തിന്റെ ഭാഗമായി നടന്ന കൈകൊട്ടിക്കളിയായിരുന്നു അരങ്ങിൽ. സാധാരണ കൈാകൊട്ടിക്കളിയല്ല. 200 പേർ രംഗത്തെത്തിയ മെഗാ കൈകൊട്ടിക്കളി. ആദ്യം 102 നർത്തകിമാരാണ് രംഗത്തെത്തിയത്. പിന്നീട് പുരുഷന്മാരും കുട്ടികളുമടങ്ങുന്ന 86 പേരുടെ ഗ്രൂപ്. ഒരേ താളവും ഒരേ ചുവടുമായി നർത്തകർ അരങ്ങ് കൈയടക്കിയപ്പോൾ രണ്ടര മാസത്തെ വിശ്രമമില്ലാത്ത പരിശീലനം കൊണ്ട് അവരെ സജ്ജരാക്കിയ കലാകുടുംബത്തിന്റെ മനസ്സും നിറഞ്ഞു.
ബഹ്റൈനിലെ കലാരംഗത്ത് എട്ടു വർഷമായി നിറഞ്ഞ സാന്നിധ്യമായ ബിനോജ് പാവറട്ടിയും ഭാര്യ രമ്യ ബിനോജുമാണ് മെഗാ കൈകൊട്ടിക്കളിയുടെ ശിൽപികൾ. നൃത്തം അഭ്യസിച്ചവർ കുറവായിരുന്നതിനാൽ മെഗാ ഇവന്റ് അരങ്ങിലെത്തിക്കുന്നതിൽ ആദ്യം ആശങ്കയുണ്ടായിരുന്നെന്ന് ബിനോജ് പറഞ്ഞു. എന്നാൽ, കഴിഞ്ഞ വർഷം സമാജത്തിൽ മെഗാ തിരുവാതിരക്കളി നടത്തി മികവ് തെളിയിച്ച പരിചയസമ്പന്നതയുമായി രമ്യ ബിനോജ് ധൈര്യം പകർന്നു. പിന്നെയൊന്നും നോക്കേണ്ടി വന്നില്ല. ജോലി കഴിഞ്ഞ് രാത്രികളിൽ സമാജത്തിലെ തീവ്ര പരിശീലനം കൈാകൊട്ടിക്കളി ടീമിന്റെ മികച്ച പെർഫോമൻസിന് വഴിതെളിച്ചു. തൃശൂർ ജില്ലയിൽ ഗുരുവായൂരിനടുത്ത് പാവറട്ടി സ്വദേശിയായ ബിനോജ് എട്ടുവർഷമായി ബഹ്റൈനിലുണ്ട്. അക്കൗണ്ടന്റായി ജോലി നോക്കുന്നതിനിടയിലും കലാ പ്രവർത്തനങ്ങൾക്ക് സമയം കണ്ടെത്തി. സംസ്കാര തൃശൂർ എന്ന സംഘടനയിലാണ് ആദ്യമായി കലാ പ്രവർത്തനം തുടങ്ങിയത്. ഇപ്പോൾ ബഹ്റൈൻ കേരളീയ സമാജത്തിൽ സജീവം. രമ്യ ബിനോജ് ശാസ്ത്രീയ നൃത്ത അധ്യാപികയെന്ന നിലയിൽ ഏഴുവർഷമായി ബഹ്റൈനിൽ സജീവ സാന്നിധ്യമാണ്.
കേരളീയ സമാജം, കെ.സി.എ, സിംസ്, ഇന്ത്യൻ ക്ലബ് എന്നിവിടങ്ങളിലൊക്കെ മത്സരങ്ങളുടെ വിധികർത്താവായിരുന്നിട്ടുണ്ട്. ഇന്ത്യൻ സ്കൂൾ, ഏഷ്യൻ സ്കൂൾ, ന്യൂ മില്ലീനിയം സ്കൂൾ എന്നിവിടങ്ങളിൽ മത്സരത്തിനായി നൃത്തം പഠിപ്പിക്കുന്നു. 2022ൽ ഓണാഘോഷത്തിന്റെ ഭാഗമായി സമാജത്തിൽ നടത്തിയ മെഗാ തിരുവാതിരക്കളിയുടെ ശിൽപിയും രമ്യ ആയിരുന്നു. അറിയപ്പെടുന്ന മേക്കപ് ആർട്ടിസ്റ്റ് കൂടിയാണ് രമ്യ. ഇന്ത്യൻ സ്കൂളിൽ നാലാം ക്ലാസിൽ പഠിക്കുന്ന മകൾ മാളവികയും നർത്തകിയാണ്. കേരളീയ സമാജം ബാലകലോത്സവം 2022ൽ സ്പെഷൽ ഗ്രൂപ് ചാമ്പ്യൻഷിപ്പിന് അർഹയായി. 2020ൽ ലോക നാടകവാർത്തകൾ ഓൺലൈനായി നടത്തിയ 13 രാജ്യങ്ങളിൽ നിന്നായി 120 കുട്ടികൾക്കായി നടത്തിയ ഏകാങ്ക നാടക മത്സരത്തിൽ സ്പെഷൽ ജ്യൂറി അവാർഡും സോഷ്യൽ മീഡിയ ബെസ്റ്റ് പെർഫോമൻസ് അവാർഡും ലഭിച്ചു. മിഴികയാണ് മാളവികയുടെ അനുജത്തി. നാടൻ പാട്ട് ഗ്രൂപ്പായ ആരവം നാടൻപാട്ട് കൂട്ടത്തിൽ അഞ്ചുവർഷമായി സജീവ അംഗങ്ങളാണ് ഈ കുടുംബം. മിമിക്രി ട്രൂപ്പായ നർമ ബഹ്റൈന്റെ നൃത്ത വിഭാഗത്തിലും ഇവർ സാന്നിധ്യമാണ്. ചങ്ക്സ് ഫാമിലി ബഹ്റൈൻ എന്ന കൂട്ടായ്മയിൽ നിന്നുണ്ടായ കരിങ്കാളി എന്ന ആൽബത്തിലും ഈ കുടുംബം അഭിനയിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.