മനാമ: അൽജീരിയയിൽ നടക്കുന്ന15-ാമത് അറബ് ഗെയിംസിൽ ആതിഥേയരായ അൽജീരിയ മെഡൽക്കൊയ്ത്ത് തുടരുന്നു. 52 സ്വർണവും 30 വെള്ളിയും 33 വെങ്കലവുമടക്കം 115 മെഡലുകളുണ്ട്. ബഹ്റൈൻ രണ്ടാം സ്ഥാനത്ത് തുടരുകയാണ്. പതിനാല് സ്വർണവും എട്ട് വെള്ളിയും എട്ട് വെങ്കലവുമടക്കം 30 മെഡലുകളാണ് ബഹ്റൈൻ ഇതുവരെ നേടിയത്. മൂന്നാം സ്ഥാനത്തുള്ള മൊറോക്കക്ക് ഒമ്പത് സ്വർണവും 24 വെള്ളിയും എട്ട് വെങ്കലവുമുണ്ട്.
തന്റെ മൂന്നാം മെഡൽ നീന്തിയെടുത്ത് ബഹ്റൈനിന്റെ അമാനി അലോബൈദ്ലി കഴിഞ്ഞദിവസത്തെ താരമായി. വനിതകളുടെ 50 മീറ്റർ ബാക്ക്സ്ട്രോക്കിൽ 29.64 സെക്കൻഡിൽ ഫിനിഷ് ചെയ്താണ് അമാനി വെള്ളി നേടിയത്. 29.28 സെക്കൻഡിൽ സ്വർണം നേടിയത് അൽജീരിയയുടെ അമൽ മെലിഹിനാണ്. ഫലസ്തിനിന്റെ വലേരി തരാസി വെങ്കലം നേടി. ബഹ്റൈനിന്റെ നൂർ താഹക്കാണ് അഞ്ചാം സ്ഥാനം. വനിതകളുടെ 100 മീറ്റർ ബാക്ക്സ്ട്രോക്കിലും അമാനി വെള്ളി മെഡൽ നേടിയിരുന്നു. 200 മീറ്റർ ബാക്ക്സ്ട്രോക്കിൽ വെങ്കലവും. അമാനിക്ക് ഇനിയും മൽസരങ്ങൾ അവശേഷിക്കുന്നുണ്ട്. ബാഡ്മിന്റണിലെ പുരുഷ വിഭാഗം സിംഗിൾസ് വിഭാഗത്തിൽ ബഹ്റൈന്റെ അദ്നാൻ ഹസൻ ഫൈനലിലേക്ക് യോഗ്യത നേടി.
സെമിയിൽ അൽജീരിയയുടെ യൂസെഫ് സാബ്രി മെഡലിനെ 21-11, 21-14 എന്ന സ്കോറിന് പരാജയപ്പെടുത്തിയാണ് ഹസൻ തന്റെ ബർത്ത് ഉറപ്പിച്ചത്. ടേബിൾ ടെന്നിസിൽ, ബഹ്റൈനിലെ വനിത-പുരുഷ ടീമുകൾ വിജയത്തോടെ തുടക്കം കുറിച്ചു.അൽജീരിയ, ബഹ്റൈൻ, കൊമോറോസ്, ജിബൂത്തി, ഈജിപ്ത്, ഇറാഖ്, ജോർഡൻ, കുവൈത്ത്, ലബനൻ, ലിബിയ, മൗറിത്താനിയ, മൊറോകോ, ഒമാൻ, ഫലസ്തീൻ, ഖത്തർ, സൗദി അറേബ്യ, സോമാലിയ, സുഡാൻ, സിറിയ, തുനീഷ്യ, യുനൈറ്റഡ് അറബ് എമിറേറ്റ്സ്, യമൻ എന്നിങ്ങനെ 22 രാജ്യങ്ങളാണ് മീറ്റിൽ പങ്കെടുക്കുന്നത്.
20 കായിക ഇനങ്ങളാണ് ഗെയിമുകളിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. 6,000 അത്ലറ്റുകൾ പങ്കെടുക്കുന്നു. അത്ലറ്റിക്സ്, ബാസ്കറ്റ്ബാൾ, ഫുട്ബാൾ, നീന്തൽ, ടെന്നീസ്, വോളിബാൾ, ഭാരോദ്വഹനം എന്നിവയും ഉൾപ്പെടുത്തിയിട്ടുണ്ട്. ജൂലൈ 15 നാണ് സമാപനച്ചടങ്ങ്. അറബ് ഐക്യം ഊട്ടിയുറപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് യൂനിയൻ ഓഫ് അറബ് നാഷനൽ ഒളിമ്പിക് കമ്മിറ്റിയുടെ മേൽനോട്ടത്തിൽ ടൂർണമെന്റ് നടക്കുന്നത്. 2011ൽ ദോഹയിലാണ് അവസാനമായി അറബ് ഗെയിംസ് നടന്നത്. അന്ന് ബഹ്റൈൻ 12 സ്വർണവും 10 വെള്ളിയും 15 വെങ്കലവുമടക്കം 37 മെഡലുകൾ നേടിയിരുന്നു. ഗെയിംസിന്റെ 2007, 2004, 1999, 1992, 1985, 1976 എഡിഷനുകളിലും ബഹ്റൈൻ പങ്കെടുത്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.