മനാമ: 33ാമത് അറബ് ഉച്ചകോടിയിൽ പങ്കെടുക്കാനെത്തിയ പ്രതിനിധികൾക്ക് തനതായ ബഹ്റൈനി പാചകരീതികളിൽ വിശിഷ്ടമായ ഭക്ഷണമൊരുക്കാൻ സാധിച്ചതിന്റെ സന്തോഷത്തിലാണ് ലോകപ്രശസ്ത ഷെഫും ബഹ്റൈനിയുമായ റോയ സലേ. തലസ്ഥാന നഗരമായ മനാമയിൽ നടക്കുന്ന ഉച്ചകോടിക്കുള്ള പാചക ഓഫറുകൾ ക്യുറേറ്റ് ചെയ്തത് സലേ ആണ്.
തന്റെ രാജ്യത്തിന്റെ തനതായ പാചകരീതിയെ പ്രതിനിധീകരിക്കാൻ കഴിഞ്ഞതിൽ അഭിമാനവും സന്തോഷവുമുണ്ടെന്ന് സലേ തന്റെ ഇൻസ്റ്റഗ്രാം പോസ്റ്റിൽ പറഞ്ഞു. അറബ് രാജ്യങ്ങളിൽനിന്നുള്ള വിദേശ, ധനകാര്യ മന്ത്രിമാർ ഉൾപ്പെടെയുള്ള വിശിഷ്ടാതിഥികൾക്കായി പ്രത്യേകം വിഭവങ്ങളാണ് തയാറാക്കിയത്. മെനു തയാറാക്കിയ ക്യുറേറ്റർമാരിലൊരാളാകാൻ കഴിഞ്ഞത് അത്രയധികം അഭിമാനം നൽകുന്നതാണ്. റിറ്റ്സ് കാൾട്ടൺ ഹോട്ടലുമായി സഹകരിച്ചാണ് ഭക്ഷണം തയാറാക്കിയത്.
നൂറുശതമാനം ബഹ്റൈൻ വിഭവങ്ങൾ അടങ്ങുന്ന പ്രത്യേക മെനുവാണ് തയാറാക്കിയതെന്നും യു.കെയിലടക്കം മിഡിലീസ്റ്റ് വിഭവങ്ങൾ തയാറാക്കുന്നതിൽ പ്രസിദ്ധയായ അവർ പറഞ്ഞു.
പ്രതിനിധികൾ പലരും ബഹ്റൈൻ പാചകരീതിയെയും ഗുണനിലവാരത്തെയും പ്രശംസിച്ചതായും സലേ ചൂണ്ടിക്കാട്ടി. മുസലി, ഖബീസ, ലുഖൈമത്ത്, ചെമ്മീൻ കബാബ്, ജരീഷ് കിബ്ബെ, ബഹ്റൈൻ മജ്ബൂസ് അടക്കം തനതായ ബഹ്റൈൻ വിഭവങ്ങളാണ് തയാറാക്കിയത്. ബഹ്റൈൻ വിഭവങ്ങളുടെ സമാനതകളില്ലാത്ത രുചി അറബ് ലോകത്തിന് പരിചയപ്പെടുത്തുക എന്ന ലക്ഷ്യം ഇതിലൂടെ സഫലമായി. വിവിധ അറബ് രാജ്യങ്ങളിലെ മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും ബഹ്റൈൻ രുചിയോടുള്ള തങ്ങളുടെ ഇഷ്ടം പ്രകടിപ്പിച്ചത് അഭിമാനകരമാണ്.
ലോകമെമ്പാടും ബഹ്റൈന്റെ ഖ്യാതി അറബ് സമ്മേളനത്തിലൂടെ പരക്കുകയാണ്. അതോടൊപ്പം ബഹ്റൈൻ രുചിയുടെ പ്രശസ്തിയും പരക്കുന്നത് രാജ്യത്തിന്റെ ടൂറിസം വികസനത്തിലടക്കം നിർണായക പങ്കുവഹിക്കുമെന്ന പ്രത്യാശയും അവർ പങ്കുവെക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.