മനാമ: അറബ് ലീഗ് ഉച്ചകോടിയുടെ 33ാമത് സമ്മേളനത്തിന്, നേതൃത്വം നൽകിയ ഹമദ് രാജാവിന്റെ ശ്രമങ്ങളെ വിദ്യാഭ്യാസ മന്ത്രി ഡോ. മുഹമ്മദ് ബിൻ മുബാറക് ജുമ പ്രശംസിച്ചു. വിവിധ വിഷയങ്ങളിൽ അറബ് രാജ്യങ്ങൾ തമ്മിൽ സമവായം കൈവരിക്കുന്നതിന് ഈ നേതൃ മികവും വൈദഗ്ധ്യവും സഹായകമായി.
സംഘർഷങ്ങളാൽ ദുരിതമനുഭവിക്കുന്നവർക്ക് വിദ്യാഭ്യാസ സേവനങ്ങൾ നൽകുന്നതുൾപ്പെടെ, ഹമദ് രാജാവ് ഉച്ചകോടിയിൽ മുന്നോട്ടുവെച്ച നിർദേശങ്ങൾ അഭിനന്ദനീയമാണ്. മൗലികാവകാശങ്ങൾ, പ്രത്യേകിച്ച് വിദ്യാഭ്യാസം, ആരോഗ്യ സംരക്ഷണം എന്നിവ ഉറപ്പാക്കുന്നതിൽ രാജ്യത്തിന്റെ പ്രതിബദ്ധത വീണ്ടും തെളിയിക്കുന്നതായിരുന്നു നിർദേശങ്ങൾ. വിദ്യാഭ്യാസത്തിനുള്ള അവകാശം, പ്രത്യേകിച്ച് പ്രാഥമിക വിദ്യാഭ്യാസകാര്യത്തിൽ വിട്ടുവീഴ്ച ചെയ്യുന്നത് ഗുരുതരമായ പ്രത്യാഘാതങ്ങൾക്കിടയാക്കുമെന്ന് ഹമദ് രാജാവ് ഊന്നിപ്പറഞ്ഞു. ഇൗ കാര്യങ്ങൾ ഗൗരവമായി ചർച്ച ചെയ്ത ബഹ്റൈൻ ഉച്ചകോടി നിർണായകമാണ്. സംഘർഷബാധിത പ്രദേശങ്ങളിലെ കുട്ടികളുടെ വിദ്യാഭ്യാസത്തിനുള്ള അടിസ്ഥാന അവകാശങ്ങൾ ഉറപ്പാക്കാനും അവർക്ക് മെച്ചപ്പെട്ട ഭാവിക്കായി പ്രത്യാശ നൽകുന്നതിനും ലക്ഷ്യമിട്ടുള്ള സംരംഭങ്ങൾ മാതൃകയാണെന്നും വിദ്യാഭ്യാസ മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.