മനാമ: ആശൂറ ദിനാചരണത്തോടനുബന്ധിച്ച് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നടക്കുന്ന പരിപാടികൾ വിജയിപ്പിക്കുന്നതിനും സമാധാനപരമായി സംഘടിപ്പിക്കുന്നതിനുമുള്ള ഒരുക്കങ്ങൾ മന്ത്രിസഭായോഗം വിലയിരുത്തി. വിവിധ മന്ത്രാലയങ്ങൾക്കും സർക്കാർ അതോറിറ്റികൾക്കും ഇതുസംബന്ധിച്ച് നേരത്തെ നിർദേശം നൽകുകയും ആഭ്യന്തരമന്ത്രാലയത്തിന് കീഴിൽ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുകയും ചെയ്യുന്നുണ്ട്. പരസ്പര സഹകരണത്തിന്റെയും ഒത്തൊരുമയുടെയും സഹിഷ്ണുതയുടെയും അവസരമായി ആശൂറ പരിപാടികൾ മാറുന്നതിനും അത് രാജ്യത്തിന്റെ ശക്തിയും സൗന്ദര്യവും വെളിവാക്കുന്നതുമായിരിക്കുമെന്ന പ്രതീക്ഷയും കാബിനറ്റ് പങ്കുവെച്ചു.
വിവിധ മഅ്തം മേധാവികളും ഹുസൈനിയ്യ കമ്മിറ്റികളുമായി ആഭ്യന്തര മന്ത്രി കൂടിക്കാഴ്ച നടത്തിയിരുന്നു. ആശൂറ വേളയിൽ ഉത്തരവാദിത്തപൂർണവും സമാധാനം നിറഞ്ഞതുമായ അന്തരീക്ഷം നിലനിർത്തുന്നതിന്റെ പ്രാധാന്യവും അത് ബഹ്റൈൻ ഒറ്റസമൂഹമാണെന്ന ബോധം ശക്തിപ്പെടുത്താൻ ഉതകുമെന്ന കാര്യവും അദ്ദേഹം ഓർമിപ്പിച്ചിരുന്നു. ബഹ്റൈൻ സമൂഹം എന്നും ഒറ്റക്കെട്ടായി സ്നേഹത്തോടെ നിലകൊണ്ട പാരമ്പര്യം കാബിനറ്റ് അനുസ്മരിച്ചു. മനുഷ്യക്കടത്തിനെതിരായ പ്രവർത്തനങ്ങളിൽ ബഹ്റൈന് അന്താരാഷ്ട്രതലത്തിൽ മികവ് ലഭിച്ചതിൽ മന്ത്രിസഭ സന്തോഷം രേഖപ്പെടുത്തി. അന്താരാഷ്ട്രതലത്തിൽ ലഭിച്ച അംഗീകാരം ഈ മേഖലയിൽ കൂടുതൽ നന്നായി പ്രവർത്തിക്കാനുള്ള ഊർജമാണെന്നും വിലയിരുത്തി. മനുഷ്യാവകാശങ്ങൾക്കായുള്ള അറബ് ചാർട്ടർ ഭേദഗതി അംഗീകരിക്കുന്ന കരട് നിയമവുമായി ബന്ധപ്പെട്ട് നിയമ, നിയമനിർമാണകാര്യ മന്ത്രിതല സമിതിയുടെ നിർദേശം അംഗീകരിച്ചു.
അന്താരാഷ്ട്ര സമുദ്ര ഗതാഗതം സുഗമമാക്കുന്നതിന് 1965ൽ അംഗീകരിച്ച കരാർ ബഹ്റൈൻ അംഗീകരിക്കുന്നതുമായി ബന്ധപ്പെട്ട കരട് നിർദേശം കാബിനറ്റ് അംഗീകരിച്ചു. കെട്ടിടനിർമാണവുമായി ബന്ധപ്പെട്ട് മുനിസിപ്പൽ, കാർഷികകാര്യ മന്ത്രാലയം നേരിട്ട് നടത്തുന്ന ചില സർവിസുകൾ എൻജിനീയറിങ് ഓഫിസുകൾക്ക് നൽകുന്നതിനുള്ള ചട്ടത്തിന് അംഗീകാരം നൽകി. നാഷനൽ സെന്റർ ഫോർ സൈബർ സെക്യൂരിറ്റിയും മൈക്രോസോഫ്റ്റ് കോർപറേഷനും തമ്മിലുള്ള ഗവൺമെന്റ് സെക്യൂരിറ്റി പ്രോഗ്രാം കരാർ സംബന്ധിച്ച് നിയമനിർമാണ കാര്യങ്ങൾക്കായുള്ള മിനിസ്റ്റീരിയൽ കമ്മിറ്റിയുടെ നിർദേശവും അംഗീകരിച്ചു. സർവേ ആൻഡ് ലാൻഡ് രജിസ്ട്രേഷൻ ബ്യൂറോയും ഹൈഡ്രോഗ്രാഫിക് ഓഫിസും തമ്മിലുള്ള ഉഭയകക്ഷി കരാറിനെ കുറിച്ച നിയമനിർമാണ മന്ത്രിതലസമിതിയുടെ നിർദേശവും അംഗീകരിക്കപ്പെട്ടു.
പുതിയ ആഗോള സാമ്പത്തിക ഉടമ്പടികൾക്കായി സംഘടിപ്പിച്ച ഉച്ചകോടിയിൽ പങ്കെടുത്തതിന്റെ നേട്ടങ്ങൾ, സുസ്ഥിരവികസനവുമായി ബന്ധപ്പെട്ട് നടന്ന ഉന്നതതല രാഷ്ട്രീയ ഫോറത്തിൽ പങ്കെടുത്തതിന്റെ നേട്ടങ്ങൾ എന്നിവയെ സംബന്ധിച്ച് കാബിനറ്റിൽ വിശദീകരിച്ചു. ഗുദൈബിയ പാലസിൽ ചേർന്ന കാബിനറ്റ് യോഗത്തിൽ ഉപപ്രധാനമന്ത്രി ശൈഖ് ഖാലിദ് ബിൻ അബ്ദുല്ല ആൽ ഖലീഫ അധ്യക്ഷനായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.