മനാമ: ആശൂറ സീസൺ ഒരുക്കങ്ങൾ വിലയിരുത്തുന്നതിന് ആഭ്യന്തര മന്ത്രി കേണൽ ജനറൽ ശൈഖ് റാശിദ് ബിൻ അബ്ദുല്ല ആൽ ഖലീഫ അധ്യക്ഷതയിൽ യോഗം ചേർന്നു.
ജഅ്ഫരീ വഖ്ഫ് കൗൺസിൽ വിളിച്ചുചേർത്ത യോഗത്തിൽ ഗവർണർമാർ, ഔദ്യോഗിക സർക്കാർ അതോറിറ്റികൾ, മഅ്തമുകളുടെ മേധാവികൾ, ഹുസൈനിയ്യ കമ്മിറ്റികൾ തുടങ്ങിയവർ സംബന്ധിച്ചു. ന്യൂ സീസൺസ് ഹോട്ടലിൽ സംഘടിപ്പിച്ച സംഗമത്തിൽ 300ലധികം പ്രതിനിധികളാണ് പങ്കാളികളായത്. ഇസ്ലാമിക കാര്യ, ഔഖാഫ് മന്ത്രാലയ അണ്ടർ സെക്രട്ടറി ജസ്റ്റിസ് ഈസ സാമി അൽ മന്നാഇ, ആരോഗ്യ മന്ത്രാലയ അണ്ടർ സെക്രട്ടറി ഡോ. വലീദ് ഖലീഫ അൽ മാനിഅ്, ഉത്തരമേഖല ഗവർണർ അലി ബിൻ ശൈഖ് അബ്ദുൽ ഹുസൈൻ അൽ അസ്ഫൂർ, കാപിറ്റൽ പൊലീസ് ഡയറക്ടറേറ്റ് മേധാവി ബ്രിഗേഡിയർ ഇബ്രാഹിം സൈഫ് അന്നജ്റാൻ തുടങ്ങി ഔദ്യോഗിക പ്രതിനിധികളും സന്നിഹിതരായിരുന്നു.
വിവിധ വിഭാഗങ്ങളുടെ ആചാരങ്ങളും അനുഷ്ഠാനങ്ങളും സംഘടിപ്പിക്കുന്നതിനാവശ്യമായ സൗകര്യങ്ങളൊരുക്കുകയെന്നത് ബഹ്റൈനിലെ മത സ്വാതന്ത്ര്യത്തിന്റെയും സഹിഷ്ണുതയുടെയും അടയാളമാണെന്ന് മന്ത്രി പറഞ്ഞു. മുൻവർഷങ്ങളിലേതുപോലെ വിജയകരമായി ആശൂറ പരിപാടികൾ സംഘടിപ്പിക്കുന്നതിന് ഭരണാധികാരികൾ നൽകുന്ന പിന്തുണക്കും സഹായത്തിനും ജഅ്ഫരീ വഖ്ഫ് കൗൺസിൽ ചെയർമാൻ യൂസുഫ് ബിൻ സാലിഹ് അസ്സാലിഹ് നന്ദി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.